March 23, 2023 Thursday

മൂന്ന് ഇന്ത്യൻ മാധ്യമപ്രവര്‍ത്തകർക്ക് പുലിറ്റ്‌സര്‍ സമ്മാനം

Janayugom Webdesk
ന്യൂഡൽഹി:
May 5, 2020 8:36 pm

അനുഛേദം 370 റദ്ദാക്കിയതിനെത്തുടർന്ന് കശ്മീരിലുണ്ടായ പ്രതിഷേധത്തിന്റെ നേർചിത്രങ്ങൾ പുറംലോകത്തെത്തിച്ച മാധ്യമപ്രവർത്തകർക്ക് പുലിറ്റ്‌സര്‍ സമ്മാനം. അസോസിയേറ്റ് പ്രസ്സിലെ ഫോട്ടോ ജേർണലിസ്റ്റുകളായ ജമ്മുകശ്മീരിൽ നിന്നുള്ള ധർ യാസിൻ, മുക്തര്‍ ഖാന്‍, ചന്നി ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമ പ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്.

ഇതില്‍ ധർ യാസിനും മുക്തര്‍ ഖാനും ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. ആനന്ദ് ജമ്മു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലാണ് പുരസ്‌കാരം. അടിയന്തിരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും നേരിട്ട കശ്മീരിലെ പ്രതിഷേധത്തിന്റെ ചിത്രങ്ങളാണ് ഇവരുടെ ക്യാമറക്കണ്ണിലൂടെ പുറംലോകത്തെത്തിയത്. ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ധർ യാസിന്‍ ട്വിറ്ററില്‍ പങ്കുവച്ചു.

അവിശ്വസനീയമായാണ് പുരസ്കാര വാര്‍ത്ത അനുഭവപ്പെട്ടതെന്ന് ആനന്ദ് പുരസ്‌കാര ലബ്ധിയോട് പ്രതികരിച്ചു. യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് പുലിറ്റ്‌സര്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കാനഡി പുരസ്‌കാരം പ്രഖ്യാപിച്ചത്. ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള പുരസ്കാരം റോയിട്ടേഴ്സിനാണ്. ബ്രേക്കിങ് ന്യൂസ് റിപ്പോർട്ടിങിന് ലൂയിസ്‌വില്ലെ കൊറിയർ‑ജേർണൽ, ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിങിന് ന്യൂയോർക്ക് ടൈംസിന്റെ ബ്രയൻ എം റോസെന്താൾ എന്നിവരും അവാർഡുകൾ നേടി. ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരൻ കോൾസൻ വൈറ്റ്ഹെഡാണ് ഫിക്ഷൻ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹനായത്. 2017ലും അവാർഡിന് അർഹനായിരുന്ന കോൾസൻ പുലിറ്റ്സർ പുരസ്കാരം രണ്ടുതവണ നേടുന്ന നാലാമത്തെ എഴുത്തുകാരനെന്ന ബഹുമതിക്കും അർഹനായി.

ENGLISH SUMMARY: Pulitzer Prize for three Indi­an journalists

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.