25 April 2024, Thursday

പുലിറ്റ്സര്‍ പുരസ്കാര ജേതാവിന് യാത്രാവിലക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 19, 2022 10:18 pm

പുലിറ്റ്സര്‍ പുരസ്കാരം സ്വീകരിക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെട്ട കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സന ഇർഷാദ് മട്ടൂവിന് യാത്രാവിലക്ക്. വിസയും ടിക്കറ്റും ഉള്‍പ്പെടെ മതിയായ രേഖകള്‍ ഉണ്ടായിട്ടും ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷൻ അധികൃതർ തടയുകയായിരുന്നുവെന്ന് സന പറഞ്ഞു.
ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട തന്റെ യാത്ര തടഞ്ഞ വിവരം റോയിട്ടേഴ്സ് ജീവനക്കാരിയായ സന തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തന്റെ വിദേശയാത്ര തടയുന്നതെന്നും സന പറഞ്ഞു. ജൂലൈയില്‍ യുഎസിലേക്കുള്ള യാത്രയാണ് ഇതിന് മുമ്പ് തടഞ്ഞത്. ഈ സംഭവത്തില്‍ വിശദീകരണം തേടി നിരവധി ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് സന പറഞ്ഞു. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുടെ ചിത്രത്തിനാണ് 28 കാരിയായ സനയ്ക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചത്. 2019 ന് ശേഷം നിരവധി കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകാശ് ഹസന്‍, ഗൗഹര്‍ ഗീലാനി തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ്, ആംനെസ്റ്റി ഇന്ത്യ മേധാവിയായിരുന്ന ആകാര്‍ പട്ടേല്‍ എന്നിവരെയും മുമ്പ് വിമാനത്താവളത്തില്‍ തടഞ്ഞിട്ടുണ്ട്.
അതേസമയം യാത്രാവിലക്ക് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസുകളോ ലുക്കൗട്ട് നോട്ടീസോ ഇല്ലാത്ത സാഹചര്യത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി അവകാശ ലംഘനമാണെന്നും നിയമ വിദഗ്ധര്‍ പറയുന്നു.

Eng­lish Sum­ma­ry: Pulitzer Prize win­ner banned from travel

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.