‘പുള്ളാഞ്ചി’ എന്നൊരു ഷോട്ട് ഫിലിം യൂട്യൂബിൽ ഉണ്ട്. കണ്ണൂർ സ്വദേശിനിയായ മാദ്ധ്യമപ്രവർത്തക അശ്വതി താരയാണ് ലീഡ് റോൾ ചെയ്തിരിക്കുന്നത്. ജീവിതമെന്ന അരിക്കലത്തേ ഊതിത്തിളപ്പിക്കുന്ന ആദിവാസിയുവതിയുടെ ഷോട്ടിൽ തുടങ്ങി ജീവിച്ചിരിക്കുവാൻ വേണ്ടി ജീവിച്ചിരിക്കുന്ന ആദിവാസി ജീവിതത്തെ അതിഭാവുകത്വമില്ലാതെ ഷോട്ടുകളിൽ പറഞ്ഞ് വയ്ക്കുന്നതിൽ എഴുത്തുകാരനും സംവിധായകനുമായ ഗിരീഷ് മാക്രേരി വിജയിച്ചിട്ടുണ്ട്. എത്ര തവണ കണ്ടിട്ടും ഏച്ചുകെട്ടുകളൊന്നും കാണാൻ കഴിയാത്ത വിധം സീനുകളിൽ തമ്മിൽ വിലയം പ്രാപിച്ചിരിക്കുന്നു പട്ടിണിയുടെ നിറം മങ്ങിയ ആദിവാസി ജീവിതം പകർന്ന് തരുന്നുണ്ട് ക്യാമറ.
അശ്വതിയുടെ മകനായി അഭിനയിച്ച ഒരു കൊച്ചു മിടുക്കൻ അൽഭുതപ്പെടുത്തി കൂട്ടുകാരൊത്ത് തീയിലിട്ട കശുവണ്ടി ചുട്ടു തല്ലിയതിൽ നിന്നും ഒരു നുള്ള് പോലും തിന്നാൻ കിട്ടാതെ അവൻ കരയുന്നുണ്ട്. കശുവണ്ടി ചുടുമ്പോൾ വാകോട്ടി നോക്കിയിരിക്കുന്നത് / അവന്റെ പ്രതീക്ഷ / കരച്ചിൽ / മറിഞ്ഞ കഞ്ഞിക്കലത്തിലേക്കുള്ള നിസംഗ നോട്ടം അങ്ങനെ അവനെ പറ്റി പറയാതെ വയ്യ. സമകാലിക സാധാരണ മനുഷ്യരൂടെതല്ല ആദിവാസി ജീവിതത്തിന്റെ ശരീര ഭാഷ, നിസംഗതയാണ് മുഖമുദ്ര അശ്വതി അവരിളൊരാളല്ലെന്ന് ആരും പറയാത്ത വിധം മേക്കപ്പിന്റെ അതിഭാവുകത്വമില്ലാതെ ഇഴുകിച്ചേർന്നിട്ടുണ്ട്.
പതിഞ്ഞ മട്ടിൽ ചെറുകാറ്റിൽ ഇലകളനങ്ങുന്ന പോലെ ആദിവാസി ജീവിതം കഴിഞ്ഞ് കൂടുന്നത് മനോഹരമായി കാണിച്ചിട്ടുണ്ട്. അവരിലൊരാളായി യഥാ തഥാ അശ്വതി അതിലുണ്ട്. ആദിവാസികൾക്ക് സർക്കാർ വച്ച് നൽകുന്ന പൊളിഞ്ഞ് വീഴാറായ നാടൻ രീതിയിലുള്ള വീട്, കാട്ട് കല്ലുകൾ കൊണ്ടുള്ള അടുപ്പ് കരിപിടിച്ച അലൂമിനിയം കലം, മുളകരയ്ക്കുന്ന കല്ല് തുടങ്ങി സചേതനമല്ലാത്ത പലതും കഥ പറയുന്നുണ്ട്. കൊയ്ത്തരിവാളും കൊങ്കിയിരുമ്പും രൂപം കൊണ്ട് ഒന്നാണെങ്കിലും രണ്ടും രണ്ടാണ് നെല്ലിന്റെ ഓല അരിയാനുള്ള ലോലമായ മൂർച്ചയാണ് കൊയ്ത്തരിവാളിനെങ്കിൽ കൊങ്കിയിരുമ്പിന് കാട്ടുകൊമ്പുകളും കടുത്ത കാട്ട് വള്ളികളും മുറിക്കാനും കാട്ട് വള്ളികളും ചൂരലും ഒതുക്കിയൊരുക്കി ഉപജീവനത്തിന്റെ വള്ളി കൊട്ടകളൊരുക്കാനും തക്ക ഉൾക്കനം അതിന്റെ മൂർച്ചയ്ക്കുണ്ട്.
മണ്ണിലും കാട്ട് പടലിലും പണിയുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് കൊങ്കിയിരുമ്പ് വള്ളി ചീകിയൊരുക്കുന്ന, കൊട്ട മെടയുന്ന കൈവഴക്കത്തിൽ കാൽ കൊണ്ടുള്ള ചവിട്ടി പിടുത്തത്തിൽ എല്ലാം അശ്വതി വിസ്മയിപ്പിച്ചു. അവസാനത്തെ സീനിൽ മെടഞ്ഞുണ്ടാക്കിയ കൊട്ട കൊടുത്ത് അരി വാങ്ങാൻ നിന്നിട്ട് കൊട്ട വേണ്ട തിരികെയെടുത്തോ എന്ന് പീടികക്കാരൻ പറയുമ്പോൾ, കല്ലിച്ച നിസഹായതയിൽ നിന്നുമുണർന്ന് നിറയെ മേഖങ്ങളുള്ള ആകാശത്തിന് താഴെ വിൽക്കാൻ കൊണ്ടുവന്ന കൊട്ടയും തിരികെയെടുത്ത് നടന്ന് പോവുമ്പോൾ, അടുത്ത് നിന്നു കേൾക്കുന്ന മാൾ ഉൽഘാടനം ചെയ്യാൻ വന്ന മന്ത്രിയുടെ വികസന സംബന്ധിയായ ഉപരി വിപ്ലവ പ്രസംഗം പറയുന്നുണ്ട് എല്ലാം ആദിവാസികളേക്കൊണ്ട് വെള്ളപ്പേപ്പറിൽ വിരലടയാളമിടുവിച്ച് ആദിവാസി ക്ഷേമ ഫണ്ടുകൾ വകമാറ്റി അവരേ നിത്യപട്ടിണിയിൽ തന്നെ തുടരാൻ വിടുന്ന തരം വികസനത്തിലേക്കുള്ള അടയാളപ്പലകയാണ് പുള്ളാഞ്ചി എന്ന സിനിമ.
Review By: സുനിലൻ കായലരികത്ത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.