Web Desk

കൊടുങ്ങല്ലൂര്‍

February 12, 2020, 4:13 pm

കൊടുങ്ങല്ലൂരിലെ കൂട്ട ആത്മഹത്യ, സംഭവത്തിൽ ദുരൂഹത; രമയുടെ മരണം 28 മണിക്കൂറിന് ശേഷം

Janayugom Online

അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതകളേറുന്നു. പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദ്, ഭാര്യ രമ, മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദിന്റെയും നയനയുടെയും നീരജിന്റെയും മ‍‍ൃതദേഹങ്ങൾ അഴുകിയ നിലയിലും രമയുടെ മൃതദേഹം കേടുവരാത്ത നിലയിലും ആയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നാലു പേരുടെയും മരണം തൂങ്ങിമരണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മരണസമയങ്ങളിൽ ഉണ്ടായിരിക്കുന്ന വ്യത്യാസമാണ് ഇപ്പോൾ പൊലീസിനെ വട്ടംക്കറക്കുന്നത്.

വിനോദ്, നയന, നീരജ് എന്നിവരുടെ മരണം നടന്ന് 28 മണിക്കൂര്‍ കഴിഞ്ഞാണ് രമയുടെ മരണം നടന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. വീട്ടിൽ നിന്നും ഒരു കത്ത് കണ്ടെത്തിയിരുന്നു. ഇതിൽ ’ എല്ലാവര്‍ക്കും മാപ്പ്, തെറ്റ് ചെയ്തവര്‍ക്ക് മാപ്പില്ല’ എന്നാണ് എഴുതിയിരുന്നത്. ഇങ്ങനെ എന്നെഴുതാനുണ്ടായ കാരണത്തെക്കുറിച്ചും കത്തിലെ കൈപ്പടയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. പുതുതായി വാങ്ങിയ പ്ലാസ്റ്റിക് കയർ മുറിച്ചെടുത്താണ് കുരുക്ക് തയ്യാറാക്കിയിട്ടുള്ളത്. നാലു കുരുക്കും ഒരേ രീതിയിലാണ്. അതിനാൽ തന്നെ കൃത്യത്തിന് പിന്നില്‍ മരിച്ചവരില്‍ ആരെങ്കിലുമായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

you may also like this video;

അതേസമയം മരണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിനോദും ഭാര്യ രമയും തമ്മില്‍ ഇടക്കിടെ വഴക്കിടാറുണ്ടെന്നും പോവുകയാണെങ്കില്‍ എല്ലാവരെയും കൊണ്ടേ പോകൂ എന്ന് വഴക്കടിക്കുമ്പോള്‍ രണ്ടുപേരും പരസ്പരം വിളിച്ചുപറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. മുമ്പും ഇത്തരത്തിൽ ഒരു പ്രശ്നത്തിൽ കൈയ്യിലെ ഞരമ്പ് മുറിച്ച് രമ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീടിനുള്ളില്‍ ബലപ്രയോഗമോ പിടിവലിയോ ഒന്നും നടന്നതായിട്ടുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

വീട്ടില്‍ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് കൂടുതൽ പരിശോധിക്കുന്നതിനായി സൈബർസെല്ലിന്റെ സഹായം തേടും. മൃതദേഹങ്ങളില്‍ മുറിവുകളോ മറ്റു പരിക്കുകളോ അസ്വാഭാവികമായ മറ്റെന്തെങ്കിലുമോ മൃതദേഹപരിശോധനയില്‍ കണ്ടെത്താനായില്ല. ശരീരത്തില്‍ വിഷാംശങ്ങളൊന്നും കണ്ടെത്തിയതുമില്ല. എങ്കിലും ആന്തരികാവയവങ്ങൾ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം കൂടി കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.