പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെ വീണ്ടും ആക്രമണം

Web Desk
Posted on June 17, 2019, 11:20 pm

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനിക വാഹനത്തിന് നേരെ വീണ്ടും ഭീകരാക്രമണം. പുല്‍വാമയിലെ അരിഹലില്‍ ഇന്നലെ വൈകിട്ട് ആറിന് 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനത്തിന് നേരെയാണ് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്)ആക്രമണം നടന്നത്.
ആക്രമണത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ശ്രീനഗറിലെ 92 ബെയ്‌സ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 14ന് ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നും 27 കിലോമീറ്റര്‍ അകലെയാണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ സൈനിക വാഹനം തകര്‍ന്നു. തുടര്‍ന്ന് തീവ്രവാദികള്‍ സൈനിക വാഹനത്തിനുനേരെ വെടിവച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്തെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. ഇന്നലെ രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വലിയ സ്‌ഫോടന ശബ്ദം കേട്ടതായും തുടര്‍ന്ന് വെടിവയ്പ്പ് തുടരുന്നതായും പ്രദേശവാസികള്‍ പറയുന്നു.
സമീപസ്ഥലങ്ങളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാത്രി വൈകിയും പൊലീസും സൈന്യവും തെരച്ചില്‍ തുടരുന്നതായും കശ്മീര്‍ റീഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.