രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ ജവാന്മാരുടെ ഓർമ്മകൾക്ക് ഇന്നേയ്ക്ക് ഒരു വയസ്സ്. എന്നാൽ ദുരന്തത്തിന് ഒരു വയസ്സു തികയുമ്പോഴും കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആരോപിച്ചു. ദുരന്തത്തിന് ശേഷം അനേകം നേതാക്കൾ തങ്ങളുടെ വീടുകൾ സന്ദർശിക്കുകയും ജോലിയും സഹായവും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും തന്നെ നടപ്പാക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാർ ഉൾപ്പെടെ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ചാവേറാക്രമണം നടത്തുകയായിരുന്നു. അവധി കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി പോയ 2547 ജവാൻമാർക്ക് നേരെയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് ശേഷം മൂന്നേകാലോടെ സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുമായി എത്തിയ ചാവേർ 76ാം ബറ്റാലിയന്റെ ബസിലേക്ക് ഇരച്ചു കയറുകയും സ്‌ഫോടനമുണ്ടാക്കുകയുമായിരുന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പുൽവാമ കാകപോറ സ്വദേശി 23 കാരനായ ആദിൽ അഹമ്മദായിരുന്നു ചാവേർ. ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു.
സ്‌ഫോടനത്തിൽ പിന്നാലെയെത്തിയ ബസുകൾക്കും കേടുപറ്റി. പൂർണമായി തകർന്ന 76–ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുമുണ്ടായി. നിരവധി ആളുകള്‍ക്ക് അന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വയനാട് സ്വദേശിയായ വസന്തകുമാർ 82–ാം ബറ്റാലിയനിലെ ജവാനായിരുന്നു. ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ജയ്ഷെ മുഹമ്മദ് ചാവേറിന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. ചാവേറായി മാറിയ അഹമ്മദിന്റെ വീഡിയോയും അവര്‍ പുറത്തുവിട്ടിരുന്നു.
പുല്‍വാമ ഭീകരാക്രമണം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടിലുള്ള ഭീകര ഭീകരരുടെ താവളത്തില്‍ വ്യോമാക്രമണം നടത്തി. ഭീകരാക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായി നാല് ദിവസം ഡ്രോണുകളുടെ സഹായത്തോടെ വ്യോമനിരീക്ഷണം നടത്തിയശേഷം ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയത്. കശ്മീരില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങളും നടന്നു. ഇതേ തുടർന്ന് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു.
English Summary; pulwama terror attack one year
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.