സിപിഐ നേതാവിനെ അകാരണമായി അറസ്റ്റു ചെയ്തു: പ്രവര്‍ത്തകര്‍ പുനലൂര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

Web Desk
Posted on September 19, 2018, 11:05 am

കൊല്ലം: സിപിഐ നേതാവിനെ അകാരണമായി അറസ്റ്റു ചെയ്തതിൽ പ്രതിക്ഷേധിച്ച്‌ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ പുനലൂര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലിസ് സ്റ്റേഷന്‍ കവാടം പൂര്‍ണമായും അടച്ച് കുത്തിയിരുന്നാണ് പ്രതിഷേധം.

 

ഇന്നലെ അഞ്ചലില്‍ നടന്ന എഐവൈഎഫ്, ബിജെപി സംഘര്‍ഷത്തിനിടെ പുനലൂര്‍ സിഐക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലിസ് സിപിഐ അഞ്ചല്‍ മണ്ഡലം പ്രസിഡന്റ് ലിജു ജമാലിനെ ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തിരുന്നു. ലിജുജമാലിനെ  പുനലൂര്‍ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് നിരവധി സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ എത്തിയ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി . ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സിപിഐ സ്റ്റേഷന്‍ കവാടം ഉപരോധിക്കുന്നത്. ലിജു ജമാലിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് പി എസ് സുപാൽ പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം തുടങ്ങി. പാർട്ടി നേതാക്കളായ കെ.പ്രകാശ് ബാബു, എൻ അനിരുദ്ധൻ എന്നിവരും സ്ഥലത്ത് എത്തി.

പുനലൂര്‍, അഞ്ചല്‍, കുളത്തുപ്പുഴ, പത്തനാപുരം, ആര്യങ്കാവ് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പ്രവര്‍ത്തകരാണ് പുനലൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് എത്തികൊണ്ടിരിക്കുനത്. സിപിഐ പുനലൂര്‍ മണ്ഡലം പ്രസിഡന്റ് അജയ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് സിപിഐ സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരുന്ന് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.  ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതലാണ് ഉപരോധം ആരംഭിച്ചത്. പുനലൂര്‍ മണ്ഡലത്തില്‍ സിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഘർഷമുണ്ടാക്കിയ  ബിജെപി ആർഎസ്എസ്  പ്രവർത്തകരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ഇന്നലെ സ്വീകരിച്ചത്. ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്‌  അഞ്ചലിൽ ഹർത്താൽ നടക്കുകയാണ്. അഞ്ചൽ മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള 5 പഞ്ചായത്തുകളിലാണ് രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ.