25 April 2024, Thursday

അതിവേഗം അസ്തമരിച്ച താരോദയം

കെ കെ ജയേഷ്
കോഴിക്കോട്
October 30, 2021 1:09 am

മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി… താരജാഢകളില്ലാത്ത പെരുമാറ്റം. . അഭിതാഭിനയമില്ലാത്ത അഭിനയ ശൈലി.… ആക്ഷൻ- നൃത്ത രംഗങ്ങളിലെ മികവ്.… ഇതെല്ലാമായിരുന്നു ഉദിച്ചുയർന്ന് അതിവേഗം അസ്തമിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ പ്രത്യേകതകൾ. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കച്ചവട മൂല്യമുള്ള ചിത്രങ്ങളാണ് പുനീതിനെ താരമാക്കി വളർത്തിയത്. അച്ഛന്റെയും സഹോദരന്റെയും പേരിന്റെ നിഴലിൽ നിന്ന് മാറി നടക്കാനും സിനിമാ ലോകത്ത് തന്റേതായ മുദ്ര ചാർത്താനും പുനീതിന് എളുപ്പം സാധിച്ചു. ആക്ഷൻ രംഗങ്ങളിലെ മികവിനെത്തുടർന്ന് ആരാധകരും മാധ്യമങ്ങളും പവർ സ്റ്റാർ എന്നു വിശേഷിപ്പിച്ച നടന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് താരം വിടപറയുന്നത്.

തമിഴ്, തെലുങ്ക് ചിത്രങ്ങൾ പോലെ കന്നഡ ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ സ്വീകാര്യതയില്ലാത്തതുകൊണ്ട് തന്നെ പുനീത് രാജ് കുമാർ എന്ന നടൻ കന്നഡയിലെ താരചക്രവർത്തി രാജ് കുമാറിന്റെ മകൻ എന്ന നിലയിലാണ് ഇവിടെ കൂടുതലും അറിയപ്പെട്ടിരുന്നത്. കർണ്ണാടകയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്ന പുനീതിന്റെ ജനപ്രീതി മൈത്രി എന്ന കന്നഡ സിനിമയുമായി ബന്ധപ്പെട്ടാണ് കൂടുതൽ മലയാളികളും അറിഞ്ഞത്. മോഹൻലാൽ അഭിനയിച്ച രണ്ടാമത്തെ കന്നഡ ചിത്രമായ മൈത്രിയിൽ പ്രധാനപ്പെട്ടൊരു വേഷത്തിൽ പുനീതുമുണ്ടായിരുന്നു. 2015 ൽ പുറത്തിറങ്ങിയ ബി എം ഗിരിരാജ് സംവിധാനം ചെയ്ത മൈത്രി എന്ന ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തി. ചിത്രത്തിൽ പുനീത് രാജ് കുമാറായി തന്നെയായിരുന്നു പുനീത് വേഷമിട്ടത്. ഈ ചിത്രത്തിലൂടെയാണ് മലയാളികൾ പുനീത് എന്ന നടനെ തിരിച്ചറിഞ്ഞത്.

ഏറെ ആദരിച്ചിരുന്ന മോഹൻലാലിനൊപ്പം ഒരു മലയാള ചിത്രത്തിൽ മലയാളം സംസാരിക്കുന്ന കഥാപാത്രമായി വേഷമിടണമെന്ന് പുനീത് ഏറെ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിച്ചില്ലെങ്കിലും ഒരു കന്നഡ ചിത്രത്തിൽ ലാലുമൊത്ത് അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പലപ്പോഴും പങ്കുവെച്ചിരുന്നു. നിർമ്മാതാവ്, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു പുനീത് രാജ്കുമാർ.

1976 ൽ ഒരു വയസു മാത്രമുണ്ടായിരുന്ന സമയത്ത് ‘പ്രേമദ കനികെ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് പുനീത് സിനിമാ രംഗത്തെത്തുന്നത്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷം 2002 ൽ അപ്പു എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചു. ഈ ചിത്രമാണ് നായക നിരയിലേക്ക് ഇദ്ദേഹത്തെ ഉയർത്തുന്നത്. ഈ പേരിൽ തന്നെയാണ് ആരാധകർക്കിടയിൽ നടൻ അറിയപ്പെടുന്നത്. ചാലിസുവ മൊഡഗാല, യെരാദ നക്ഷത്രഗല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കർണ്ണാടക സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, ജാക്കി, റാം, ഹുഡുഗരു, രാജകുമാര തുടങ്ങിയ ചിത്രങ്ങളിലൂടെ താരപദവിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. സന്തോഷ് അനന്തത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയത്. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് നടന്റെ അപ്രതീക്ഷിതമായ വേർപാട് ഉണ്ടായിരിക്കുന്നത്.

പുനീത് രാജ് കുമാറിന്റെ ആകസ്മിക വേർപാടിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ബ്രാന്റ് അംബാസിഡറായിരുന്ന സപ്പർതാരം വളരെയധികം സഹകരിച്ചു പ്രവർത്തിച്ചുവെന്നും സവിശേഷവും വൈകാരികവുമായ അടുപ്പം പുലർത്തിയെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.