19 April 2024, Friday

പുന്നപ്രയിലെ രക്തതാരകങ്ങൾക്ക് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി

ആലപ്പുഴ
സ്വന്തം ലേഖകൻ
October 23, 2021 11:06 pm

ജനഹൃദയങ്ങളിൽ വിപ്ലവാവേശത്തിന്റെ അഗ്നിജ്വാലകൾ പകർന്ന പുന്നപ്ര രക്തസാക്ഷികൾക്ക് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി. ഏകാധിപത്യത്തിനും അടിച്ചമർത്തലിനുമെതിരെ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ സമരത്തിന്റെ ഓർമ്മ പുതുക്കുവാൻ ആയിരങ്ങൾ ചരിത്രഭൂമിയിലെത്തി. 

സ്വതന്ത്ര തിരുവിതാംകൂറിനെ അറബിക്കടലിൽ എറിഞ്ഞ് ഐക്യകേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ വേണ്ടി ധീരന്മാർ നടത്തിയ മുന്നേറ്റത്തിന്റെ പ്രോജ്ജ്വല സ്മരണയിൽ പുതുതലമുറ പ്രതിജ്ഞ ചെയ്തു. സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ജീവൻ ത്യജിച്ച് പോരാടിയ പുന്നപ്രയിലെ ധീരസഖാക്കൾക്ക് മരണമില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഇതോടെ പുന്നപ്ര സമരത്തിന്റെ 75-ാം വാർഷികാചരണത്തിന് സമാപനമായി. വിവിധ വാർഡ് വാരാചാരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും വർഗ ബഹുജന സംഘടനാ പ്രവർത്തകരും രക്തസാക്ഷികളുടെ സ്മരണകളുറങ്ങുന്ന പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചന നടത്തി. 

വൈകിട്ട് ആറിന് സമരസേനാനി വാര്യംപറമ്പിൽ കൃഷ്ണന്റെ മകൾ സുവർണ്ണ പ്രതാപൻ കൊളുത്തി അത്‌ലറ്റുകൾക്ക് കൈമാറിയ ദീപശിഖാറിലേ പറവൂർ രക്തസാക്ഷി അനുസ്മരണ മണ്ഡപനടയിലെത്തി. ഇവിടെ നടന്ന പൊതുസമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംപി തുടങ്ങിയവർ സംസാരിച്ചു. 

ആലപ്പുഴ വലിയചുടുകാട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. യോഗത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ആർ സുരേഷ് സ്വാഗതം പറഞ്ഞു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Sum­ma­ry : pun­na­para vay­alar remem­brance observed

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.