പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഉജ്ജ്വല തുടക്കം

Web Desk
Posted on October 21, 2019, 8:49 am

ആലപ്പുഴ: ഐതിഹാസികമായ പുന്നപ്രവയലാർ പ്രക്ഷോഭത്തിന്റെ 73-ാമത് വാർഷിക വാരാചരണത്തിന് തുടക്കമായി. സി എച്ച് കരുണാകരൻ ദിനമായ ഇന്നലെ പതാകദിനമായാണ് ആചരിച്ചത്.
വൈകീട്ട് ആറ് മണിയോടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടിയിൽ വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തി. തുടർന്ന് നടന്ന സി എച്ച് കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷത വഹിച്ചു. ബി നസീർ സ്വാഗതം പറഞ്ഞു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സി എസ് സുജാത, പി വി സത്യനേശൻ, പി പി ചിത്തരഞ്ജൻ, പി ജ്യോതിസ്, വി ബി അശോകൻ, അഡ്വ വി. മോഹൻദാസ്, എ ഓമനകുട്ടൻ, അജയ് സുധീർ എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴയിൽവാർഡുതല വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിലും, ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കൾ, അംഗങ്ങൾ, വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ, പാർട്ടി അനുഭാവികൾ, ബന്ധുക്കൾ എന്നിവർ ചേർന്ന് രാവിലെ 8ന് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാകയുയർത്തി.
പുന്നപ്രയിലെ സമരഭൂമിയിൽ ഉയർത്തുന്നതിനുള്ള രക്ത പതാക പുറക്കാട്, അമ്പലപ്പുഴ വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നിന്ന് എത്തിച്ചു. പുറക്കാട് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ അശോകനിൽ നിന്ന് പ്രസിഡന്റ് പി സുരേന്ദ്രൻ തോട്ടപ്പള്ളി ജങ്ഷനിൽ ഏറ്റുവാങ്ങി. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ സ്പിൽവേക്ക് വടക്ക്, മാത്തേരി, ഒറ്റപ്പന, പുന്തല, പഴയങ്ങാടി, പുറക്കാട്, കരൂർ, പായൽക്കുളങ്ങര, കച്ചേരി മുക്ക്, വളഞ്ഞ വഴി, നീർക്കുന്നം, വണ്ടാനം, കുറവൻ തോട്, കളത്തട്ട്, മിൽമ, പുന്നപ്ര മാർക്കറ്റ്, കപ്പക്കട തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങി സമരഭൂമിയിലെത്തിച്ചു. രക്തസാക്ഷി മണ്ഡപ നടയിൽ സ്ഥാപിക്കുന്നതിനുളള കൊടിമരം പുന്നപ്ര വയലാർ സമര സേനാനി പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാർഡ് കുട്ടനാഥൻ പറമ്പിൽ ദാമോദരൻ ഭാഗവതരുടെ ചെറുമകൻ ജി കെ ഗോപനിൽ നിന്നും വാരാചരണ കമിറ്റി സെക്രട്ടറി എൻ പി വിദ്യാനന്ദൻ ഏറ്റുവാങ്ങി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4.30 ഓടെ സമരഭൂമിയിൽ സ്ഥാപിച്ചു. തുടർന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാകയുയർത്തി. സമരഭൂമിയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. കെ എം സെബാസ്റ്റ്യൻ അധ്യക്ഷനായി. പി പി ആന്റണി സ്വാഗതവും, സി വാമദേവൻ നന്ദിയും പറഞ്ഞു.