25 April 2024, Thursday

നാടൊഴുകി വയലാറിലെ ബലിത്തറയിലേക്ക്

ടി കെ അനിൽകുമാർ
ആലപ്പുഴ
October 27, 2021 11:09 pm

വ്യക്തിതാല്പര്യങ്ങൾ ഉപേക്ഷിച്ച് നാടിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ സംരക്ഷിക്കാൻ ജീവൻ ത്യജിച്ച രക്തനക്ഷത്രങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നാടൊഴുകി വയലാറിലെ ബലിത്തറയിലേക്ക്. ഇന്നലെ പുലർച്ചെ മുതൽ നാടും നഗരവും വാരിക്കുന്തമേന്തിയ പോരാളിയുടെ പ്രതിമയ്ക്ക് മുന്നിൽ ഇൻക്വിലാബ് മുഴക്കിയും പുഷ്പങ്ങൾ അർപ്പിച്ചും പ്രതിജ്ഞ പുതുക്കി. 

കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമെല്ലാം കുടുംബസമേതമാണ് എത്തിയത്. വാർദ്ധക്യത്തിന്റെ അവശതകളെ മാറ്റിനിർത്തി സമരാനുഭവങ്ങൾ പങ്കുവച്ചെത്തിയ സേനാനികളും പുതുതലമുറയ്ക്ക് ആവേശം പകർന്നു. അന്തരീക്ഷമാകെ നിറഞ്ഞു നിന്ന ഇൻക്വിലാബ് വിളികളും ഒഴുകിയെത്തിയ ചെങ്കൊടികളും രക്തസാക്ഷികളോടുള്ള ആദരവ് വെളിപ്പെടുത്തുന്നതായി. നാടിന്റെ നാനാഭാഗത്ത് നിന്നെത്തിയ ചെറു ജാഥകൾ സംഗമിച്ചപ്പോൾ അലകടൽപോലെ വയലാറിൽ സ്മരണകളിരമ്പി. ജന്മിത്വത്തിന്റെ കരാളതയ്ക്കും ദിവാൻഭരണത്തിന്റെ കെടുതികൾക്കുമെതിരെ ജീവൻകൊടുത്തും പോരാടിയ രക്തസാക്ഷികൾക്ക് മരണമില്ലെന്ന് ജനസഞ്ചയം പ്രഖ്യാപിച്ചപ്പോൾ വീരവയലാർ വീണ്ടും ഗർജ്ജിച്ചു. ഇതോടെ പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങി. 

പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽനിന്നും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരനും മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ(എം) നേതാവ് എസ് ബാഹുലേയനും തെളിയിച്ച് നൽകിയ ദീപശിഖകൾ അത്‌ലറ്റുകൾക്ക് കൈമാറി വയലാർ രക്തസാക്ഷി മണ്ഡപത്തിലേയ്ക്ക് പ്രയാണം ആരംഭിച്ചു. വലിയചുടുകാട്ടിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു. 

പുഷ്പചക്രങ്ങൾ അർപ്പിച്ചും കതിനാവെടികൾ മുഴക്കിയും പതിനായിരങ്ങൾ വഴിനീളെ ദീപശിഖാ റിലേകളെ സ്വീകരിച്ചു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അത്‌ലറ്റുകളിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ സംസാരിച്ചു. വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry : pun­napra vay­alar anniver­sary observed with great importance

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.