രക്തസാക്ഷികൾ അനശ്വരൻമാർ; രണാങ്കണങ്ങളിൽ ചെങ്കൊടി ഉയർന്നു; പുന്നപ്ര — വയലാർ വാർഷിക വാരചരണത്തിന് തുടക്കമായി

ടി കെ അനിൽകുമാർ

ആലപ്പുഴ

Posted on October 21, 2020, 9:20 am

ർ സി പിയുടെ ഭ്രാന്തൻ കൽപ്പനകൾക്കും ചോറ്റുപട്ടാളത്തിന്റെ നിറ തോക്കുകൾക്ക് മുന്നിൽ അടിപതറാതെ രക്തപുഷ്പങ്ങളായവർക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് 74-ാമത് പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഒരു നല്ല നാളേയ്ക്കായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ സ്മരണകൾ അന്ത്യം വരെയും ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച് രണാങ്കണങ്ങളിൽ ചെങ്കൊടിയുയർന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നും ജാഥയായാണ് പതാക എത്തിച്ചത്. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിലാണ് വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പുന്നപ്ര‑വയലാർ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ സമരസേനാനിയും വിപ്ലവ ഗായികയുമായ പി കെ മേദിനി പതാക ഉയർത്തി. ഇവിടെ നടന്ന സമ്മേളനത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആ‍ഞ്ചലോസ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത, വാചാരണചരണ കമ്മിറ്റി സെക്രട്ടറി ആർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. വി എസ് മണി അധ്യക്ഷനായി. ഡി പി മധു സ്വാഗതം പറഞ്ഞു.

സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ഡി ഹർഷകുമാർ, വി പി ചിദംബരൻ, എസ് പ്രകാശൻ, കെ ബി ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാക ഉയർത്തി. തുടർന്ന് നടന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ എ എം ആരിഫ് എം പി, എ ഓമനക്കുട്ടൻ, ഇ കെ ജയൻ തുടങ്ങിയവർ സംസാരിച്ചു.

പുന്നപ്ര വയലാർ സമര നായകൻ ടി വി തോമസിന്റെ നാമധേയത്തിലുള്ള സി പി ഐ ആലപ്പുഴ ജില്ലാ കൗൺസിൽ ഓഫീസിൽ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പതാക ഉയർത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണ പ്രസാദും പങ്കെടുത്തു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാകജാഥ ഇന്ന് രാവിലെ 9ന് മേനാശ്ശേരി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന് പതാക കൈമാറും. രാവിലെ 10. 30ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സമരസേനാനി കെ ഗംഗാധരൻ പതാക ഉയർത്തും. വൈകിട്ട് 6ന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ കെ സഹദേവനും പതാക ഉയർത്തും. പുന്നപ്ര ദിനമായ 23ന് രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും. വൈകിട്ട് 5ന് വലിയചുടുകാട്ടിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടക്കും. ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ പങ്കെടുക്കും. മേനാശ്ശേരി ദിനമായ 25ന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിലും മാരാരിക്കുളം ദിനമായ 26ന് മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടക്കും. 27ന് വലിയചുടുകാട്ടിൽ നിന്നും മേനാശ്ശേരിയിൽ നിന്നും 5 അത്ലറ്റുകൾ വീതം റിലേയായി ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിക്കും. വലിയചുടുകാട്ടിൽ നിന്നുള്ള ദീപശിഖ മന്ത്രി ജി സുധാകരൻ ദീപം കൊളുത്തിക്കൊടുക്കും. ഇരുദീപശിഖകളും രാവിലെ 11ന് വാചാരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.

you may also like this video