Janayugom Online
pottan drama

പുറംകണ്ണ് തുറക്കുന്ന ‘പൊട്ടന്‍’

Web Desk
Posted on January 06, 2019, 8:29 am

ലക്ഷമണ്‍ മാധവ്
മാനവ ചരിത്രത്തോളം പഴക്കമുള്ള കലയാണ് നാടകം. പ്രാചീനരുടെ അനുഷ്ഠാനങ്ങളില്‍ നിന്നും യവന കലകളില്‍ നിന്നും വസന്തോത്സവങ്ങളില്‍ നിന്നും രൂപാന്തരം പ്രാപിച്ച്, പരിണാമങ്ങളിലൂടെ വികസിത കലയായി നാടകം ഗ്രീസില്‍ നിലവില്‍ വന്നു. ദേശങ്ങള്‍ കടന്ന് ഇന്ത്യയിലെത്തിയപ്പോള്‍ നാടകം ആധുനികത കൈവരിച്ചു. സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും അരങ്ങു തകര്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് മാനവികതയ്ക്കായുള്ള മുറവിളി കൂട്ടിക്കൊണ്ട് കേരളത്തില്‍ നാടകം ജനകീയ കലയായി വളര്‍ന്നത്. സാമൂഹിക വ്യവസ്ഥിതിയും രാഷ്ട്രീയ സംഭവ വികാസങ്ങളും അതിനു പ്രചോദനമായി.ആസ്വാദനത്തിനപ്പുറം ആശയങ്ങളും കാഴ്ചപ്പാടുകളും വിമര്‍ശനങ്ങളും ജനങ്ങളിലെത്തിക്കുന്ന മാധ്യമമായി നാടകം ശക്തി പ്രാപിച്ചു.
മനുഷ്യപ്രകൃതിയുടെ മൗലികമായ പ്രവണതകളാണ് പ്രേക്ഷകന്റെ പ്രേരണകളെ സ്വാധീനിക്കുന്നത്. അഭിനയം, സംഭാഷണം എന്നിവയിലൂടെ സമ്പൂര്‍ണ്ണമായ മാനുഷിക വ്യാപാരത്തെ പ്രേക്ഷകനിലേക്ക് പകരുന്നതുകൊണ്ട്, നാടകകൃത്ത്, സംവിധായകന്‍, നടന്‍, പ്രേക്ഷകന്‍ എന്നിവരില്‍ പ്രേക്ഷകന്‍ പ്രധാനിയും പരമാധികാരിയുമാകുന്നു. നാടകത്തിന്റെ ആദ്യാവസാനം അരങ്ങും പ്രേക്ഷകനും തമ്മില്‍ പ്രതികരണ വൃത്തം സൃഷ്ടിക്കപ്പെടുന്നു. അതില്‍ നിന്ന് പുറത്തു പോകാതെ കണ്ണും മനസ്സും നാടകത്തില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതാണ് നാടകത്തിന്റെ ദൗത്യവും വിജയവും. നാടക സിദ്ധാന്തങ്ങളുടെയും സങ്കേതങ്ങളുടെയും ക്രമങ്ങളുടെയും ആന്തരിക ഇടയിഴകള്‍ വൈകാരിക ശിലാശക്തിയായി, പ്രേക്ഷകന്റെ ശരീരാവസ്ഥയെ മരവിപ്പിച്ച് നോട്ടവും ചിന്തയും അരങ്ങില്‍ മാത്രം കേന്ദ്രീകരിപ്പിച്ചു നിര്‍ത്തുന്ന ഹ്രസ്വ നാടകമാണ് ‘പൊട്ടന്‍’.

pottan

ഗൗരവമേറിയ അനേകം സാമൂഹിക വിഷയങ്ങളാണ് ഈ നാടകം പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കുന്നത്. നാടകത്തിന്റെ തുടക്കവും ഗതിയും വളര്‍ച്ചയും പരമകാഷ്ഠയും വിഷയ ബാഹുല്യത്തില്‍ ക്രമം തെറ്റുന്നതേയില്ല. കഥയുടെ ചട്ടക്കൂടിനു പുറത്തു പോകാതെ അത് എപ്പോഴും ചേര്‍ന്നു നില്‍ക്കുന്നു. കൊടികുത്തി വാഴുന്ന ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നടത്തുന്ന തീവെട്ടിക്കൊള്ള സംരക്ഷിക്കപ്പെടുകയും നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള ദരിദ്രന്റെ ഗതികേടുകള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയം, സമ്പത്ത്, കുലം, വര്‍ഗ്ഗം, പ്രദേശം, തൊഴില്‍, നിറം, രക്തബന്ധം എന്നിവിടങ്ങളിലെല്ലാം മുതലെടുപ്പിന്റെ മലിനമായി മതം മാറുന്നു. ഫ്യൂഡലിസത്തിന്റെ പ്രവണതകള്‍ നിലനിര്‍ത്തി രൂപമാറ്റം വന്ന പുത്തന്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ നാടിന്റെ നിസ്സഹായമാകുന്നു. ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഭീകരമാകുന്നു. നേട്ടത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവര്‍. മാനുഷിക പരിഗണനയും നീതിയും നിഷേധിക്കപ്പെട്ടവര്‍. രണ്ടിലും പെടാതെ കാഴ്ചക്കാരാകുന്നവര്‍. ദുര്‍ബലരോട് കൈക്കരുത്ത് കാണിച്ച് വീരനായകന്മാരാകുന്നവര്‍. ദുരന്തമുഖത്തെ മൊബൈല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ക്രൂരവിനോദം. അങ്ങനെ സമകാലിക സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ നാടകം ബോധ്യപ്പെടുത്തുകയാണ്. ഒപ്പം ഈ നാടകത്തില്‍ സ്‌നേഹവും ആര്‍ദ്രതയും കടമയും ബന്ധവും പുറപ്പെടുവിക്കുന്ന ഒരു ജീവിതവുമുണ്ട്.

pottan

കൊല്ലം ജില്ലയില്‍ വവ്വാക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘യൗവ്വന’ ആര്‍ട്ട്‌സ് ക്ലബ്ബിലെ അംഗങ്ങളാണ് ‘പൊട്ടനെ’ അരങ്ങിലെത്തിക്കുന്നത്. യൗവ്വന ഡ്രാമാ ഡിവിഷന്‍ എന്ന ബാനറില്‍ ഇതുവരെ 34 വേദികളില്‍ നാടകം അവതരിപ്പിച്ചു കഴിഞ്ഞു. അനിയന്‍ പനയ്ക്കല്‍ രചിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത പൊട്ടന്‍ വേറിട്ടൊരു നാടകക്കാഴ്ചയാവുകയാണ്. സമൂഹത്തില്‍ തിന്മകള്‍ അന്ധകാരം പടര്‍ത്തുമ്പോള്‍ നിഷ്‌കളങ്കനായ ഒരു പൊട്ടന്‍ തെളിയ്ക്കുന്ന ഇത്തിരി വെട്ടമാണ് ഈ നാടകം. നീതി നിഷേധിക്കപ്പെട്ട ദരിദ്രരുടെ നിലവിളിയും കണ്ണീരും ഉള്ളവന്റെ അഹമ്മതിയും ധാര്‍ഷ്ട്യവും അധികാരവും അനാവരണം ചെയ്യപ്പെടുന്നു. തുറന്നു പറയാന്‍ ധൈര്യമില്ലാത്ത ബുദ്ധിശാലികളാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലും. പൊട്ടന്‍മാര്‍ക്കാണെങ്കില്‍ എല്ലാം പറയാന്‍ അറിയില്ല താനും. എല്ലാവരിലും ഒരു പൊട്ടന്‍ അറിയാതെ വസിക്കുന്നുണ്ട്. പൊട്ടന്‍ നന്മയുടെ പ്രതീകമായും പൊട്ടനല്ലാത്ത പൊട്ടന്മാര്‍ തിന്മകളുടെ പ്രതീകമായും ഈ നാടകത്തില്‍ അവതരിപ്പിക്കുന്നു. യൗവ്വനയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് പൊട്ടന്‍ നാടകത്തിലെ നടന്മാര്‍. ചേട്ടന്‍ പനയ്ക്കല്‍, രാജീവ് ആദിനാട്, ജയകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത്, മുകേഷ്, അനില്‍, സുരേഷ്, മഹേഷ് തുടങ്ങിയവരും അരങ്ങിലെത്തുന്നുണ്ട്. മൂല്യച്യുതികള്‍ക്കെതിരെ, കാലം ആവശ്യപ്പെടുന്ന വിമര്‍ശന ശരങ്ങളെയ്ത് ‘പൊട്ടന്‍’ മഹായാനം തുടരുകയാണ്.

നാടക സിദ്ധാന്തങ്ങളിലൂടെയും സങ്കേതങ്ങളിലൂടെയും അളന്നു തിട്ടപ്പെടുത്തിയ സംഭാഷണങ്ങളിലൂടെയുമാണ് നാടകം വികസിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഉപരിപ്ലവമായ ആവിഷ്‌കാരത്തിനപ്പുറം ആന്തരികമായ അനുഭവങ്ങളും വൈകാരികതയും പ്രേക്ഷകനുമായി പങ്കു വയ്ക്കുന്ന ‘എക്‌സ്പ്രഷനിസം’ നാടകത്തിലുടനീളം കാണാം. വേഗത, ചലനാത്മകത, ഊര്‍ജസ്വലത, ആത്മപ്രചോദനം തുടങ്ങിയ ‘ഫ്യൂച്ചറിസ’വും സാമൂഹിക ജീവിതക്കാഴ്ചകളെ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുന്ന ‘നിയോ റിയലിസ’വും കാണുന്നുണ്ട്. സാമൂഹിക വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രതീകമായി വിശകലനം ചെയ്യുന്ന ഉത്തരാധുനികതയും പ്രകടമാകുന്നു. അടയാളങ്ങളിലൂടെയും സൂചനകളിലൂടെയും അര്‍ത്ഥം ധ്വനിപ്പിക്കുന്ന ‘സിംബലിസ’വും ഭ്രമകല്പനകളിലൂടെ പ്രേക്ഷക മനസ്സിനെ ഇളക്കിമറിച്ച് വിസ്മയിപ്പിക്കുന്ന ‘ഫാന്റസി‘യും നാടകത്തിലുണ്ട്. ഈ നാടകത്തിലെ യുക്തി യുക്തമായ സംഭാഷണം, രംഗചലനം, അംഗവിക്ഷേപം, അഭിനയം, പ്രകാശ പ്രസരണം,പശ്ചാത്തല സംഗീതം എന്നിവയെല്ലാം പ്രേക്ഷകന്റെ ബോധമണ്ഡലത്തെ സജീവമാക്കുന്നു. മലയാള നാടകാവതരണത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, അതിശയിപ്പിക്കുന്ന ഒരു ക്ലൈമാക്‌സ് ആണ് ‘പൊട്ടന്‍’ നാടകത്തിന്റേത്.