18 April 2024, Thursday

മാലിന്യത്തിനൊപ്പം പണമടങ്ങിയ പഴ്സും: മാലിന്യത്തിന്റെ ഉടമയ്ക്ക് പണി നല്‍കി സ്ക്വാഡ്

Janayugom Webdesk
തിരുവനന്തപുരം
October 30, 2021 9:23 am

മാലിന്യത്തിനൊപ്പം പണമടങ്ങിയ പഴ്സും ഉപേക്ഷിച്ചയാള്‍ക്ക് പണിനല്‍കി സ്ക്വാഡ്. രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കുന്നതിനും അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എല്ലാ ഹെൽത്ത് സർക്കിൾ പരിധിയിലും സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.

മാലിന്യം നിക്ഷേപിച്ചവരുടെ വിവരങ്ങൾ മാലിന്യ കൂമ്പാരത്തിൽ നിന്ന് ലഭ്യമാകുമോ എന്ന് പരിശോധിക്കവെയാണ് പണമടങ്ങിയ ഒരു പേഴ്സ് ഇവര്‍ക്ക് ലഭിച്ചത്. പേഴ്സിനുള്ളിൽ പണത്തോടൊപ്പം എടിഎം കാർഡുകൾ, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവയുമുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

കരമന ഹെൽത്ത് സർക്കിൾ പരിധിയിലെ പിആർഎസ് ബണ്ട് റോഡിൽ ഇന്നലെ രാവിലെ 4.30 മണിയോടുകൂടിയാണ് ആറ്റുകാൽ പുതിയപാലത്തിന് സമീപം കാർഷിക കോളേജ് പമ്പ് ഹൗസിന് വശത്തുള്ള റോഡരികിൽ ചാക്കുകളിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് രാത്രികാല ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന കരാർ ജീവനക്കാരായ കുമാർ, രാജേഷ്, രഞ്ജിത്ത് എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടത്.

പേഴ്സ് ലഭിച്ച ജീവനക്കാർ രാവിലെ 7.30 ഓടുകൂടി പേഴ്സും ഒപ്പമുള്ള സാധനങ്ങളും ചുമതലയുള്ള ഹെൽത്ത് ഇന്‍സ്പെക്ടർ അനിൽകുമാറിനെ ഏൽപ്പിച്ചു.

മാലിന്യം നിക്ഷേപിച്ചതിന് ഉത്തരവാദിയായ ആളിന്റെ പേരിൽ 2000 രൂപ പിഴ ചുമത്തി നോട്ടീസും അധികൃതര്‍ നൽകിയിട്ടുണ്ട്. ഉത്തരവാദിത്ത നിർവ്വഹണത്തിനിടയിൽ കുമാർ, രാജേഷ്, രഞ്ജിത്ത് എന്നീ കരാർ ജീവനക്കാർ പ്രകടിപ്പിച്ച ആത്മാർത്ഥതയും സത്യസന്ധതയുംമറ്റുള്ളവർക്ക് മാതൃകയാണെന്നും ജീവനക്കാരുടെ പ്രവൃത്തിയിൽ അവരെ അഭിനന്ദിക്കുന്നതായും മേയർ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Purse with waste: Squad fined to the purse owner

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.