വയനാട് ബ്യൂറോ

പൂതാടി

October 20, 2020, 3:14 pm

പൂതാടി വിലേജ് ഒഫിസിനു മുന്നിൽ സി പി ഐ കുത്തിയിരുപ്പ് സമരം നടത്തി 

Janayugom Online

 

2019 ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട നാല് ആദിവാസി കുടുംബങ്ങള്‍ പുനരധിവാസം സാധ്യമാകാതെ ദുരിതത്തില്‍.പുനരധിവസിപ്പിക്കുവാനുള്ള ഭൂമി കണ്ടെത്തിയിട്ടും ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍ തയാറാകാത്തതിലും പ്രതിഷേധിച്ച് സി പി ഐ  പൂതാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂതാടി വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. 17-ാം വാര്‍ഡില്‍ അരിമുള പഴഞ്ചൊറ്റില്‍ കോളനിയിലെ താമസക്കാരായിരുന്ന പണിയ സമുദായത്തിലെ 19 അംഗങ്ങള്‍ ഉള്‍പ്പെട്ട നാല് കുടുംബങ്ങള്‍ കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാപ്പിസെറ്റിലെ ഒറ്റമുറി ഹാളിലാണ് താമസം. 2019ലെ പ്രളയ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി വീടിനും സ്ഥലത്തിനും കൂടി 10 ലക്ഷം രൂപ വീതം അനുവദിച്ച് പുനരധിവസിപ്പിക്കാന്‍ പഞ്ചായത്ത് അപേക്ഷ സ്വീകരിച്ചു. ശേഷം പരിശോധന നടത്തി എല്ലാ സൗകര്യങ്ങളോടു കൂടിയ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് ജില്ലാഭരണ കൂടത്തിന് സമര്‍പ്പിച്ചു. വില്ലേജ് ഓഫീസര്‍ വാലുവേഷന്‍ എടുത്ത് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തഹസില്‍ദാറും ട്രൈബല്‍ ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത് പ്രകാരം ഭൂമി എഗ്രിമെന്റ് വെച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായി. ഫണ്ടും അനുവദിച്ചു. ഫണ്ട് തഹസില്‍ദാറുടെ അക്കൗണ്ടിലക്ക് കൈമാറുകയുമുണ്ടായി. എന്നാല്‍ ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍ തയ്യാറാകുന്നില്ല. വില്ലേജ് ഓഫീസറുടെ വാലുവേഷന്‍ ഇപ്പോള്‍ തഹസില്‍ദാര്‍ അംഗീകരിക്കുന്നുമില്ല. വാലുവേഷന്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ട് പദ്ധതി മനപൂര്‍വം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സി പി ഐ ആരോപിച്ചു.

രാവിലെ മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് സമരം നടത്തിയത് സി.പി.ഐ പൂതാടി ലോക്കൽ സെക്രട്ടറി പി.സി.ഗോപാലൻ സമരം ഉദ്ഘാടനം ചെയ്തു. എസ്. ജി സുകുമാരൻ അധ്യക്ഷത വഹിച്ചു.കലേഷ് സത്യാലയം, വിശ്വംഭരൻ, സുകുമാരൻ പാലക്കുറ്റി എന്നിവർ പ്രസംഗിച്ചു.