Web Desk

February 24, 2021, 11:13 am

പുതുച്ചേരിയും കോണ്‍ഗ്സിന് കൈവിട്ടു; ഹൈക്കമാന്‍ഡിന് ഉത്തരമില്ല

Janayugom Online

കോണ്‍ഗ്രസ് എംഎല്‍എമാരായി വിജയിച്ചു പോകുന്നവര്‍ ബിജെപിയിലേക്കാണെന്നുള്ളതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതുച്ചേരിയിലും കണ്ടത്. ബിജെപിയുടെ പ്രലോഭനങ്ങളിൽ പുതുച്ചേരിയിലെ‌ കോണ്‍ഗ്രസ് നേതാക്കളും, എംഎല്‍എമാരും വീണതോടെ ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്‌ അധികാരമുണ്ടായിരുന്ന അവസാന ഏക സംസ്ഥാനവും നഷ്‌ടമായി. ബിജെപിക്കെതിരെ മത്സരിച്ച്‌ ജയിച്ച കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയായപ്പോൾ ചാക്കിട്ടുപിടുത്തം എന്നു സഹതപ്പിക്കുകയല്ലാതെ ഒന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് പറയുവാന്‍ കഴിയുന്നില്ല. കോൺഗ്രസ്‌ ഹൈക്കമാൻഡിന്റെ പ്രാപ്‌തി ചോദ്യംചെയ്‌ത്‌ പുതുച്ചേരിയിലെ ഭരണമാറ്റം. ദക്ഷിണേന്ത്യയിൽ അവശേഷിക്കുന്ന ഏക സംസ്ഥാന ഭരണംകൂടി ബിജെപിയെ ഏൽപ്പിച്ചതാണ്‌‌ ഹൈക്കമാൻഡിന്റെ രാഷ്ട്രീയ വീഴ്‌ചയായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്‌. പ്രതിസന്ധിഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഹൈക്കമാൻഡ്‌ പൂർണമായും പരാജയപ്പെട്ടുവെന്നാണ്‌ വിലയിരുത്തൽ. 

40 വർഷത്തിനിടെ ഇതാദ്യമായി ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തുപോലും ഭരണത്തിലില്ലാത്ത അവസ്ഥയിലേക്ക്‌ കോൺഗ്രസിനെ എത്തിച്ചത്‌ കേന്ദ്രനേതൃത്വത്തിന്‌ പറ്റിയ വീഴ്‌ച എടുത്തുകാട്ടി‌. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന്‌ മുഖ്യമന്ത്രി വി നാരായണസ്വാമി കുറ്റപ്പെടുത്തി. അട്ടിമറി നീക്കങ്ങൾ നേരിടുന്ന രാജസ്ഥാനിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും സമാനമായാണ്‌‌ പ്രതികരിച്ചത്‌. ബിജെപി ജനാധിപത്യത്തെ തകർത്തെന്നും പുതുച്ചേരിയിലുണ്ടായത്‌ ദൗർഭാഗ്യകരമാണെന്നുമാണ് ഗെലോട്ടിന്റെ പ്രതികരണം.മധ്യപ്രദേശ്‌, കർണാടക, അരുണാചൽ സംസ്ഥാനങ്ങൾക്ക്‌ പിന്നാലെയാണ്‌ കോൺഗ്രസിൽനിന്ന്‌ മറ്റൊരു സംസ്ഥാനഭരണംകൂടി ബിജെപി പിടിക്കുന്നത്‌. പുതുച്ചേരിയിലും 2018 മുതൽ അട്ടിമറിശ്രമങ്ങൾ ആരംഭിച്ചിരുന്നു. ബിജെപി പിന്തുണയോടെ എഐഎഡിഎംകെയും എൻആർ കോൺഗ്രസുമാണ്‌ ഭരണകക്ഷി എംഎൽഎമാരെ വലവീശിത്തുടങ്ങിയത്‌. 

കൂറുമാറാൻ പ്രേരിപ്പിച്ച്‌ രണ്ട്‌ പാർടിയും സമീപിച്ചതായി അറിയിച്ച്‌ രണ്ട്‌ കോൺഗ്രസ്‌ എംഎൽഎമാർ സ്‌പീക്കർക്ക്‌ തെളിവടക്കം പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല.മുൻ പൊതുമരാമത്ത്‌ മന്ത്രി എ നമശിവായത്തെപ്പോലുള്ള നേതാക്കൾ അതൃപ്‌തരാണെന്ന്‌ നേരത്തേ അറിഞ്ഞിട്ടും ഹൈക്കമാൻഡ്‌‌ ഇടപെട്ടില്ല. എൻആർ കോൺഗ്രസ്‌ നേതാവും മുൻമുഖ്യമന്ത്രിയുമായ എൻ രംഗസ്വാമിയുടെ ജ്യേഷ്ഠനാണ്‌ നമശിവായത്തിന്റെ ഭാര്യാപിതാവ്‌. ഈ വഴിക്കും സമ്മർദങ്ങൾ വന്നതോടെ നമശിവായം ബിജെപിയായി. സ്‌പീക്കർ ശിവകൊളുന്തുവിന്റെ കാര്യത്തിലും പുതുച്ചേരിയിലെ കോൺഗ്രസ്‌ നേതാക്കൾ സംശയത്തിലാണ്‌. നാമനിർദേശം ചെയ്യപ്പെട്ട മൂന്ന്‌ ബിജെപി എംഎൽഎമാരെ സ്‌പീക്കർ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രി നാരായണസ്വാമിക്ക്‌‌. എന്നാൽ, അവിശ്വാസം പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ‌ സ്‌പീക്കർ മൗനം പാലിച്ചു.പുതുച്ചേരിയിലെ സർക്കാർകൂടി വീണതോടെ, ഭരണം ലഭിച്ചിട്ടും കൂറുമാറ്റം കാരണം കോൺഗ്രസിന്‌ അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങളുടെ എണ്ണം നാലായി. ഗോവയിലും മേഘാലയത്തിലും മണിപ്പുരിലും കോൺഗ്രസ്‌ ഏറ്റവും വലിയ കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാൻ‌ സാധിച്ചില്ല. ബിജെപി പണമൊഴുക്കിയപ്പോൾ കോൺഗ്രസ്‌ എംഎൽഎമാർ മറുകണ്ടം ചാടി.

അരുണാചലിൽ 44 സീറ്റ്‌നേടി കോൺഗ്രസ്‌ സർക്കാർ രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ 42 എംഎൽഎമാരാണ്‌ ബിജെപിയിൽ ചേക്കേറിയത്‌. യുവ നേതാവ്‌ ജ്യോതിരാധിത്യസിന്ധ്യയുടെ നേതൃത്വത്തിൽ ഒരുകൂട്ടം കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ‌ മധ്യപ്രദേശിലും കോൺഗ്രസ്‌ ഭരണം അവസാനിച്ചു‌.കർണാടകയിൽ ജെഡിഎസ്‌–-കോൺഗ്രസ്‌ സഖ്യസർക്കാരിനെ വീഴ്‌ത്തിയാണ്‌ ബിജെപി സർക്കാർ രൂപീകരിച്ചത്‌. 13 പേർ കൂറുമാറിയതിൽ പത്തും കോൺഗ്രസിൽ നിന്നായിരുന്നു. മണിപ്പുരിൽ 60 അംഗസഭയിൽ 28 സീറ്റ്‌ നേടി കോൺഗ്രസ്‌ വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപി പ്രാദേശിക പാർടികളെ കൂട്ടുപിടിച്ച്‌ സർക്കാരുണ്ടാക്കി. ഗോവയിൽ 17ഉം മേഘാലയത്തിൽ 21ഉം സീറ്റുനേടി കോൺഗ്രസ്‌‌ ഏറ്റവും വലിയ കക്ഷിയായെങ്കിലും അവിടങ്ങളിലും സർക്കാർ രൂപീകരിക്കാനായില്ല.

കേന്ദ്രസർക്കാരും ലഫ്‌. ഗവർണറായിരുന്ന കിരൺ ബേദിയും പ്രതിപക്ഷത്തിനൊപ്പം ഗൂഢാലോചന നടത്തിയാണ്‌ സർക്കാരിനെ അട്ടിമറിച്ചതെന്ന്‌ നാരായണസ്വാമി. അരുണാചൽ പ്രദേശടക്കം മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ സർക്കാരുകളെ അട്ടിമറിച്ചതിനു സമാനമായ നീക്കമാണ്‌ പുതുച്ചേരിയിലും നടന്നത്‌. കേന്ദ്രം ജനാധിപത്യത്തെ കശാപ്പുചെയ്‌തു. ഫണ്ട്‌ അനുവദിക്കാതെ കേന്ദ്രം പുതുച്ചേരിയിലെ ജനങ്ങളെ വഞ്ചിച്ചു. വികസന, ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നത്‌ കിരൺ ബേദി തടയിട്ടെന്നും സഭയിൽ നാരായണസ്വാമി പറഞ്ഞു. സഭയിലില്ലാത്ത കിരൺ ബേദിക്കെതിരെ ആരോപണമുന്നയിക്കുന്നത്‌ ചോദ്യംചെയ്‌ത്‌ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. നോമിനേറ്റഡ്‌ അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്ന്‌ സർക്കാർ വിപ്പ്‌ ആർ കെ ആർ ആനന്ദരാമൻ ആവശ്യപ്പെട്ടെങ്കിലും 2018ലെ സുപ്രീംകോടതി വിധി അവകാശപ്രമേയത്തിൽ നോമിനേറ്റഡ്‌ അംഗങ്ങൾക്ക്‌ വോട്ടവകാശമുണ്ടെന്ന്‌ വ്യക്തമാക്കിയതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ നടപടികളെയെല്ലാം ധ്വംസിച്ചുകൊണ്ടാണ് ബിജെപി മുമ്പോട്ട് പോകുന്നത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്ററ് നയങ്ങളെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം , ആര്‍ ജെഡി നേതാവ് തേജസ്വിയാധവ് പറഞ്ഞതിന് കൂടുല്‍ അരത്ഥവത്തായിരിക്കുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷമാണ് ബിജെപിക്ക് ബദലെന്നുമാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത് 

Eng­lish Sum­ma­ry : Con­gress in despair in Puthuchery

You may also like this video :