പുതുകഥകളിലെ ഭിന്നമാനങ്ങള്‍

Web Desk
Posted on March 18, 2018, 1:09 am

സമകാലീനലോകത്തെ അടയാളപ്പെടുത്തുന്ന കഥകളിലെ സൈദ്ധാന്തിക സമീപനവുംസാമൂഹിക രാഷ്ട്രീയ വീക്ഷണവും വിശകലനം ചെയ്യുന്ന പുസ്തകമാണ് ‘പുതുകഥ സിദ്ധാന്തം,സമൂഹം രാഷ്ട്രീയം.‘കലയും സാഹിത്യവും പുതിയകാലത്തെ പ്രതിരോധായുധങ്ങളാണ്.സമൂഹത്തിന് കാവലാകേണ്ട മാധ്യമങ്ങള്‍ സ്വന്തം ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ സമൂഹത്തിന് വേണ്ടി, പ്രതികരണോത്സുകനായ എഴുത്തുകാരന്‍ ഈ ആയുധങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതെങ്ങനെയെന്ന് ’ പുതുകഥാ നിരൂപണം’ വെളിപ്പെടുത്തുന്നു. ജീവിതത്തിലെ തീവ്രാനുഭവങ്ങളെ സൂക്ഷ്മായും മൂര്‍ച്ചയോടെയും അവതരിപ്പിക്കുന്ന ദ്രുതകര്‍മ്മ മേഖലയായും പുതിയ കഥകള്‍ മാറുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങളുടെ അകമ്പടിയില്ലാതെ തന്നെ സ്വതന്ത്രമായ ജ്വലനശക്തി കഥകള്‍ക്കുണ്ട്. ഏതെങ്കിലും പ്രത്യേക ദേശകാലങ്ങളിലേക്ക് ഒതുങ്ങിപ്പോകാത്ത ഭാഷയും ആഖ്യാനവും സ്വീകരിച്ചുകൊണ്ട് ചെറുകഥ മനുഷ്യസമൂഹത്തിന്റെ പൊതു സ്വത്തായിമാറുന്ന വിധം ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. സദാചാരം ഉള്‍പ്പെടെയുള്ള മൂല്യ സങ്കല്പങ്ങളെ തിരുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മൂല്യസംരക്ഷണത്തിന്റേയും പഴയമൂല്യങ്ങളെ തിരസ്‌ക്കരിക്കുന്ന മൂല്യനിരാണത്തിന്റേയും വൈരുദ്ധ്യങ്ങള്‍ കഥകളിലെ പോഷകഘടകങ്ങളാക്കുന്നതിനെക്കുറിച്ചും കഥാനിരൂപകര്‍ ചിന്തിക്കുന്നു.
അക്ബര്‍കക്കട്ടിലിെന്റ ‘രണ്ടായിരത്തിപ്പതിനൊന്നിലെ ആണ്‍കുട്ടി‘യില്‍ ആധുനികലോകത്തെ സൈബര്‍ സങ്കടങ്ങള്‍ കണ്ടെത്താനാണ് തന്റെ പഠനത്തിലൂടെ ഡോ.ആര്‍ എസ് രാജീവ് ശ്രമിക്കുന്നത്.‘ശരീരം സാമൂഹികവ്യവഹാരങ്ങളുടെ കേന്ദ്രമായിമാറുകയും മാദ്ധ്യമീകരണത്തിനുള്ള ചാനലായിത്തീരുകയും ചെയ്ത സമൂഹത്തെ ശരീരകേന്ദ്രീകൃത സമൂഹം എന്ന് വിളിക്കുന്നു‘എന്ന ഉമര്‍തറമേലിന്റെ നിരീക്ഷണവും സമകാലീനലോകത്ത് പ്രാധാന്യം അര്‍ഹിക്കുന്നതാണ് (കാമനകളുടെ ആനന്ദനൃത്തം). സാങ്കേതിക വികാസം ഭാഷയിലുണ്ടാക്കിയ വ്യതിയാനങ്ങളും വിമര്‍ശിക്കപ്പെടുന്നു.
ഡോ.എസ് ശ്രീകല എഴുതിയ ‘ആഗോളവത്ക്കരണം തനത് സംസ്‌ക്കാരത്തിന്റെ തലൈക്കൂതല്‍’, ഡോ.പ്രജിതയുടെ ‘മരിച്ചവളുടെ കല്ല്യാണം പ്രണയത്തിന്റെ മണ്ണാഴങ്ങള്‍’ എന്നിവ ഗോത്രജനതയുടെ പാരമ്പര്യവിശ്വാസങ്ങള്‍ പുതിയകഥകളില്‍ പ്രമേയമാകുന്നതും കാലികാവസ്ഥകളുമായി മികച്ച സംയോജകത്വവും സംവേദനത്വവും സാദ്ധ്യമാകുന്നതെങ്ങനെയെന്നുമുള്ള അന്വേഷണങ്ങളാണ്.
തലോടേണ്ട കൈകളാല്‍ തകര്‍ക്കപ്പെടുന്ന പെണ്‍ബാല്യങ്ങളുള്ള സമകാലത്ത്,
എഴുത്തുകാര്‍ സമൂഹത്തിലെ പൊതു പ്രശ്‌നങ്ങള്‍ക്കൊപ്പം സ്ത്രീയെ തടവിലാക്കുന്ന സാമൂഹികവ്യവസ്ഥക്കെതിരെയും പ്രതികരിക്കുന്നുണ്ട്. അവഹേളിക്കപ്പെടുന്ന സ്ത്രീത്വവും കരുത്താര്‍ജ്ജിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സ്ത്രീത്വവും കഥകളില്‍ സജീവമാണ്. നവമാധ്യമയുഗത്തില്‍ ഇരയായും പോരാളിയായും മാറുന്ന പെണ്‍ അടയാളപ്പെടുത്തലുകളുണ്ടെന്ന് എം എന്‍ രാജന്റേയും ഡോ. ആര്‍ ചന്ദ്രബോസിന്റേയും ഡോ. അജയന്‍ പനയറയുടേയും ഡോ. എസ്.ഷിഫയുടേയും പഠനങ്ങള്‍ തെളിയിക്കുന്നു.
പാരമ്പര്യം തിരസ്‌ക്കരിക്കപ്പെടുന്നത് എങ്ങനെയെന്ന് ‘മോദസ്ഥിതനായങ്ങു വസിപ്പൂമലപോലെ’ എന്ന കഥയെ പഠിച്ചുകൊണ്ട് ഡോ.എസ് ഷാജി സമര്‍ത്ഥിക്കുന്നു. ഭാരതത്തിന്റെ ചരിത്രം, പാരമ്പര്യം, വിജ്ഞാനസമ്പന്നമായ സാഹീത്യകൃതികള്‍ തുടങ്ങിയവയ്ക്കു നേരെയുള്ള കണ്ണടച്ചിരുട്ടാക്കല്‍ പാരമ്പര്യ നിഷേധത്തിന്റെ ഭാഗമായി കഥകളിലേക്ക് കടന്നുവരുന്നുണ്ട്. ഈ അവസ്ഥയ്‌ക്കെതിരെ പ്രതികരിക്കാനും നിരൂപകര്‍ ശ്രദ്ധിക്കുന്നുണ്ട്.
കേരളത്തിന്റെ തൊഴില്‍ ചൂഷണത്തിന്റേയും തൊഴിലില്ലായ്മയില്‍ നിന്നും പട്ടിണിമരണങ്ങളില്‍ നിന്നും രക്ഷപ്പെടാനായുള്ള മനുഷ്യന്റെ ശ്രമങ്ങളുടേയും നൈരന്തര്യത്തെ കാണിക്കുന്ന ‘ബിരിയാണി’ എന്ന കഥയുടെ പഠനം അധ്വാനിക്കാതെ ആഡംബരത്തില്‍ ഭ്രമിക്കുന്ന മലയാളിയേയും സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്കുശേഷവും ഉത്തരേന്ത്യന്‍ ഗ്രാമീണന്റെ ജീവിതാവസ്ഥയെയും വിശദമാക്കുന്നു.
‘സെല്‍ഫി’ ഒരു ഭ്രമമായി മാറിയ സമൂഹം അതിനായി കാട്ടുന്ന സാഹസങ്ങളും അങ്ങനെയുണ്ടാകുന്ന അപകടമരണങ്ങളും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കഥകളും, പഠനങ്ങളും ഉദ്‌ബോധനോപാധികളായും മാറുന്നു. ഭ്രമകല്പനയുടെ സൂക്ഷ്മ സഞ്ചാരങ്ങള്‍ക്കൊപ്പം യാഥാര്‍ത്ഥ്യബോധത്തിന്റെ ഉത്പന്നമായി ചെറുകഥ സാഹിത്യത്തില്‍ ശോഭിക്കുന്നു. ഡോ.റ്റി എം മാത്യുവിന്റെ അഭിപ്രായത്തില്‍ ”പ്രതിജനഭിന്നമായ വ്യക്തിമനസ്സും അനന്തവൈചിത്രമാര്‍ന്ന സമൂഹിക സാഹചര്യങ്ങളും ധ്യാന വിഷയമാകുമ്പോഴാണ് പുതിയ കലാ സൃഷ്ടികള്‍ ജന്മമെടുക്കുന്നത്. സമൂഹം വ്യക്തിക്കു മുകളില്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ അവനെ ‘അരുതു‘കളെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുന്നു. ഈ ‘അരുതു‘കള്‍ ലംഘിക്കുമ്പോള്‍ വിചിത്രമായ സംഭവങ്ങളുണ്ടാകുന്നു.
ഉറവ വറ്റിയിട്ടില്ലാത്ത നന്മകളും ഗ്രാമീണ സംസ്‌കൃതിയും കഥാലോകത്തുണ്ടെന്ന് അംബികാസുതന്‍ മങ്ങാടിന്റേയും എസ് ആര്‍ ലാലിന്റേയും കഥാപഠനങ്ങളിലൂടെ ‘പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയം’ സൂചന നല്‍കുന്നു. എന്നാല്‍ അപചയങ്ങളുടെ ആത്മഭാഷണങ്ങളായി രൂപാന്തരം പ്രാപിക്കുന്ന കഥകളും കുറവല്ല. വിപണിവല്‍ക്കരണവും ഉദാരവല്‍ക്കരണവും വാഴുന്നലോകത്ത് സമൂഹം മൂല്യങ്ങളുടെ വീണ്ടെടുപ്പിന്റെ തുരുത്തുകള്‍ അനേ്വഷിക്കേണ്ടിയിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിപോകാവുന്ന നൂലില്‍ക്കൊരുത്ത ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ കഷ്ടപ്പെടേണ്ടിവരുന്നു. ഇവിടെയാണ് സാഹിത്യത്തിന് പ്രസക്തിയേറുന്നത്. നല്ലകൃതികള്‍ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുകയും നന്മ വളരാനുള്ള ഇടമൊരുക്കുകയും ചെയ്യുന്നു.
സമൂഹം ഒരു ചലനാത്മക വ്യവസ്ഥിതിയാണ്. അവിടെ സത്യം, ധര്‍മ്മം, നീതി തുടങ്ങിയ മൂല്യങ്ങള്‍ പുതിയ വ്യാഖ്യാനങ്ങളാല്‍ പൂരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. സമൂഹത്തിന്റെ ചലനത്തെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനങ്ങളുടെ സംസ്‌ക്കാരം, സമ്പത്ത്, വിദ്യാഭ്യാസം, ആശയവിനിമയരീതി, വികാരപ്രകടനങ്ങള്‍ ആചാരങ്ങള്‍, ജനനം, മരണം, പ്രണയം, മൂല്യബോധം, മാറിവരുന്ന സാങ്കേതിക വിദ്യകള്‍ എന്നിങ്ങനെ. ഇത്തരത്തില്‍ സമഗ്രവും വ്യത്യസ്തവുമായ സാമൂഹികബോധം ഉള്‍ക്കൊള്ളുന്ന കഥകള്‍ ഉള്‍പ്പെടുത്തിയുള്ള മുപ്പത്തിയൊന്ന് പഠനങ്ങളാണ് ‘പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയ’ത്തിലുള്ളത്. 1990 ന് ശേഷം സമൂഹത്തിലുണ്ടായ വ്യതിയാനങ്ങള്‍ എഴുത്തുകാരുടെ സാമൂഹിക ദര്‍ശനത്തിലും കഥാഖ്യാന രീതികളിലുമുണ്ടാക്കിയമാറ്റങ്ങള്‍, കണ്ടെത്തി കഥകളുടെ ഉചിതമായ വ്യാഖ്യാനവും മൂല്യനിര്‍ണ്ണയവും നടത്തുന്ന പഠനഗ്രന്ഥമാണിത് സമകാലീനകഥകളെ ക്കുറിക്കുന്നതിനുള്ള ഒരു മാര്‍ഗദര്‍ശനമായി വര്‍ത്തിക്കുന്നു. ‘പുതുകഥ സിദ്ധാന്തം, സമൂഹം രാഷ്ട്രീയയം’. നെല്ലിക്കാട് മദര്‍തെരേസ കോളേജിലെ മലയാളം അദ്ധ്യാപകനായ റ്റോജി വര്‍ഗ്ഗീസ് ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. പ്രസാധകര്‍ ഒരുമ പബ്ലിക്കേഷന്‍സാണ്.

റിഷ്മ.ആര്‍
ഫോണ്‍:999567130