12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 8, 2024
October 1, 2024
September 26, 2024
September 23, 2024
September 17, 2024
September 8, 2024
August 31, 2024
August 29, 2024
August 17, 2024

ഇനി നിശബ്ദപ്രചാരണം; അട്ടിമറിക്കുള്ള അടിയൊഴുക്ക്

വിയാര്‍
വെബ് ഡസ്ക്
September 3, 2023 7:29 pm

പുതുപ്പള്ളിയിൽ ഇനിയുള്ള നിമിഷങ്ങൾ നിശബ്ദപ്രചാരണത്തിന്റേത്. ഓഗസ്റ്റ് എട്ടിനാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളിയടക്കം രാജ്യത്ത് ഏഴ് നിയമസഭാ സീറ്റുകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ഝാർഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ മണ്ഡലങ്ങൾ, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തർപ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വർ എന്നിവയാണ് അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ജൂലൈ 18ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒഴിവിലാണ് അദ്ദേഹം പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുന്നണികള്‍ അതിവേഗത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണം പ്രചാരണായുധമാക്കി മകന്‍ ചാണ്ടി ഉമ്മനെ രംഗത്തിറക്കിക്കൊണ്ട് യുഡിഎഫാണ് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നേരത്തെ രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ജെയ്‌ക് സി തോമസിനെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസി‍ഡന്റ് ലിജിന്‍ ലാല്‍ എന്‍ഡിഎയ്ക്കുവേണ്ടിയും മത്സരരംഗത്തുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രരായ പി കെ ദേവദാസ്, ഷാജി, സന്തോഷ് പുളിക്കല്‍ എന്നിങ്ങനെ മറ്റ് നാലുപേരും മത്സരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ കക്ഷിനേതാക്കള്‍ ഉള്‍പ്പടെ പ്രമുഖര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വന്‍ ജനസഞ്ചയമായിരുന്നു, നേതാക്കളുടെ പരിപാടികളില്‍ കാണാനായത്. സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന്റെ പ്രചാരണ, പര്യടന വേദികളിലും മുമ്പെങ്ങില്ലാത്ത ജനക്കൂട്ടമുണ്ടായി. വലിയ പ്രതീക്ഷയാണ് ഇടതുമുന്നണി മണ്ഡലത്തില്‍ വച്ചുപുലര്‍ത്തുന്നത്.

മണ്ഡലത്തിലെ വികസന വിഷയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായിരുന്നു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സംവാദ വിഷയമാക്കിയത്. അതേസമയം സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളും ട്രോളുകളും ഇടതുമുന്നണിയുടെ തൊടുത്തുവിടുന്നതാണെന്ന തരത്തില്‍ അതെല്ലാം തുടരെത്തുടരെ എടുത്ത് പറഞ്ഞായിരുന്നു യുഡിഎഫ് പ്രചാരകരുടെ പ്രസംഗങ്ങള്‍. മണ്ഡല വികസനത്തില്‍ കഴിഞ്ഞ 53 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുവേദികളില്‍ ചര്‍ച്ചയാക്കുവാന്‍ യുഡിഎഫ് തയ്യാറായില്ല. വിസകന വിഷയം ചോദിച്ചതിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. ഇതെല്ലാം ആവര്‍ത്തിച്ച് സഹതാപത്തിന്റെ ആക്കംകൂട്ടാനാകുമോ എന്ന പരീക്ഷണങ്ങളും യുഡിഎഫ് ക്യാമ്പിലുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോകളും വീഡിയോകളും മറുപങ്കുവച്ചുകൊണ്ട് പലരും സാമ്പത്തിക ഉറവിടത്തെ ചോദ്യം ചെയ്തിരുന്നു. ഇത് സൈബര്‍ ആക്രമണം ആണെന്ന് മാധ്യമങ്ങളിലൂടെ പ്രചാരണമിറക്കി. ഇക്കാര്യത്തിലും യുഡിഎഫ് ആക്രമണം ഇടതുമുന്നണിക്കെതിരെ തിരിക്കുകയായിരുന്നു ഏതാനും ചാനലുകളുടെ ഉന്നം.

ജെയ്‌ക് സി തോമസ്, ചാണ്ടി ഉമ്മന്‍

എന്നാല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആകെയും തങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥികളെ വരവേറ്റത്. കുടിവെള്ളമായിരുന്നു മണ്ഡലത്തിലെ പൊതുവിഷയം. ആരോഗ്യം, വിദ്യാഭ്യാസം, പൊതുനിരത്തുകളിലെ ശോച്യാവസ്ഥ എന്നിവയെല്ലാം ചര്‍ച്ചയായി. എന്നാല്‍ ഇവയ്ക്കൊന്നും മുഖ്യധാരാ മാധ്യമങ്ങളും യുഡിഎഫും പ്രധാന്യം കൊടുത്തില്ല. സോഷ്യല്‍ മീഡിയയിലെ ട്രോളുകളും അതിലെ ചര്‍ച്ചകളുമായിരുന്നു ചാനലുകളുടെയും പ്രധാന വിഷയം.

മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കും കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണേണ്ടിയിരുന്നത് ഏഴ് വര്‍ഷമായി ഭരണം നിര്‍വഹിക്കുന്ന ഇടതുമുന്നണി സര്‍ക്കാരാണെന്നാണ് യുഡിഎഫ് നേതാക്കള്‍ നല്‍കുന്ന മറുപടി. എന്നാല്‍ കിഫ്ബി വഴി മണ്ഡലത്തിലെ സ്കൂള്‍ ഹൈടെക് ആക്കിയത് എംഎല്‍എയുടെ ശുപാര്‍ശ കത്ത് ഉള്ളതുകൊണ്ടാണെന്നും ഔദാര്യമല്ലെന്നും അതേ നാവുകൊണ്ട് പറയുന്നുമുണ്ട്. ഇതെല്ലാം കണ്ടും കേട്ടും തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന പുതുപ്പള്ളിക്കാര്‍, 53 വര്‍ഷമായി തുടരുന്ന വോട്ടിലെ ആദരവിന് മാറ്റം വരുത്തുമെന്നാണ് നിരീക്ഷണം. വര്‍ത്തമാനങ്ങളുടെ ആഴവും താളവും പുതുപ്പള്ളിയില്‍ അടിയൊഴുക്കുകളും അട്ടിമറിയും സൃഷ്ടിക്കുമെന്നാണ് സൂചന.

Eng­lish Sam­mury: Puthup­pal­li By Elec­tion Silent Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.