ഏഴര പതിറ്റാണ്ടിലേറെ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. പുതുശ്ശേരി രാമചന്ദ്രന് വികാരനിർഭരമായി യാത്രാമൊഴി നൽകി. കൊറോണ ഭീതിയിലും വെള്ളയമ്പലം ഇലങ്കം ഗാർഡൻസിലെ മകളുടെ വസതിയില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കേരളത്തിന്റെ സാംസ്കാരിക മനസ് ഒന്നാകെയെത്തി. മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ, സാംസ്കാരിക നായകർ തുടങ്ങി ഒട്ടേറെ പേർ പുതുശ്ശേരിക്ക് ആദരാഞ്ജലികളർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, മന്ത്രിമാരായ കെ രാജു, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ സി ദിവാകരൻ, വി കെ പ്രശാന്ത്, ആർ രാജേഷ്, കെ എസ് ശബരിനാഥ്, ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ, സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ, കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ, മേയർ കെ ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, വി എം സുധീരൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ തുടങ്ങിയവർ വസതിയിലും ശാന്തികവാടത്തിലുമായെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ചു. മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വെള്ളയമ്പലം ഇലങ്കം ഗാർഡൻസിലെ മകളുടെ വസതിയിലായിരുന്നു പുതുശ്ശേരിയുടെ അന്ത്യം. കമ്മ്യൂണിസ്റ്റ് നേതാവ്, സ്വാതന്ത്ര്യസമര സേനാനി, കവി, ചരിത്ര ഗവേഷകൻ, അധ്യാപകൻ, ഭാഷാഗവേഷകൻ, വിവർത്തകൻ, പുരോഗമന സാഹിത്യ പ്രവർത്തകൻ എന്നിങ്ങനെ പ്രവർത്തിച്ച മേഖലകളിലെല്ലാം കൈയൊപ്പ് പതിച്ചാണ് പുതുശ്ശേരി ഓർമയാകുന്നത്. സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് ജോയിന്റ് കൗൺസിൽ ഹാളിൽ അനുശോചന യോഗം നടക്കും.
ദമ്മാം: മലയാളസാഹിത്യത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും സ്വാതന്ത്ര്യ സമരപോരാളിയും അധ്യാപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി വായനവേദി കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
തിരുവനന്തപുരം: രാജ്യത്തിന്റെയും തൊഴിലാളി വർഗ്ഗത്തിന്റെയും വിമോചന സ്വപ്നങ്ങളെ കുറിച്ച് പാടിയും പറഞ്ഞും പോരാടിയും ദശകങ്ങളെ ചുവപ്പിച്ച വിപ്ലവ കവിയാണ് അന്തരിച്ച ഡോ. പുതുശ്ശേരി രാമചന്ദ്രനെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ എം സതീശനും അനുശോചന സന്ദേശത്തിൽ പ്രസ്താവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.