പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍: സുരക്ഷ ശക്തമാക്കുമെന്ന് വിദഗ്ദ സമിതി

Web Desk

കൊച്ചി

Posted on June 08, 2018, 10:22 pm

പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ എല്‍പിജി പ്ലാന്റുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ദ സമിതി ജനപ്രതിനിധികളുമായും സമരസമിതി നേതാക്കളുമായും ചര്‍ച്ച നടത്തി.

പ്ലാന്റിന് ലഭിച്ച പാരിസ്ഥിതികാനുമതിക്കെതിരെ നല്‍കിയ അപ്പീലുകള്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ തള്ളിയിരുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ തീരുമാനത്തെ സുപ്രിംകോടതി ശരിവച്ചിരുന്നു. പുതുവൈപ്പ് പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കുകയും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസിന്റെ ഡയറക്ടര്‍ എന്‍ പൂര്‍ണചന്ദ്രറാവുവിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചില നിര്‍ദ്ദേശങ്ങളാണ് ജില്ലാകളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പൊതുജനങ്ങളുമായി പങ്കുവെച്ചത്.

ഐഒസിയുടെ നേതൃത്വത്തിലുള്ള അടിയന്തര ദുരന്തനിവാരണ പ്രതികരണ പദ്ധതികള്‍ (എമര്‍ജന്‍സി റെസ്പോണ്‍സ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍) പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും അംഗീകരിക്കണമെന്നതാണ് നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. മദ്രാസ് ഐഐടിയിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വകുപ്പു നടത്തിയ പഠനത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം പുലിമുട്ടുകള്‍ ഐഒസി നിര്‍മ്മിക്കണം. കടലിനുള്ളില്‍ 50 മീറ്റര്‍ ഉള്ളിലേക്ക് 100 മീറ്റര്‍ ഇടവിട്ട് എഴു പുലിമുട്ടുകള്‍ നിര്‍മ്മിക്കണം. പ്രദേശത്തെ ഡ്രൈനേജ് സൗകര്യം ഐഒസി ഒരുക്കിക്കൊടുക്കണം. പ്രദേശത്ത് വെള്ളക്കെട്ട് തടയാന്‍ ഇത് സഹായിക്കും.

ഐഒസിയുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി പുതുവൈപ്പ് പ്രദേശത്ത് ശുദ്ധജലവിതരണം, ശുചീകരണനടപടികള്‍, റോഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം. കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് സഹായത്തോടെ പ്രദേശത്ത് കസൂരിന, കണ്ടല്‍ വനങ്ങള്‍ എന്നിവ വച്ചുപിടിപ്പിക്കണം, മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലേക്കുള്ള പ്രവേശനസൗകര്യം തടയാന്‍ പാടില്ല. പുതുവൈപ്പില്‍ ഫിഷ്ലാന്‍ഡിങ് സെന്റര്‍ ഐഒസിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്തത്. ഇതു സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, എഡിഎം എംകെ കബീര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.