രക്തത്തിന്റെ രുചി അറിഞ്ഞ വന്യമൃഗങ്ങളുടെ മനോഭാവമാണ് പല ഭരണാധികാരികള്ക്കുമുള്ളതെന്നു പറയുന്നത് ഏറെക്കുറെ ശരിയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. പുരാതനമായ ഗ്രീസിലെയും റോമിലെയും സ്ഥിതി ഇതായിരുന്നു. രാജവാഴ്ച ദെെവസൃഷ്ടമാണെന്ന ചൊല്ല് ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്. നീറൊ ചക്രവര്‍ത്തിയും നെപ്പോളിയന് ബോണപ്പാര്‍ട്ടും അതിന് ദൃഷ്ടാന്തങ്ങളുമാണ്. റഷ്യയില്‍ ജോസഫ് സ്റ്റാലിനും ചെെനയില്‍ മാവോയും ക്യൂബയില്‍ കാസ്ട്രൊയും ദീര്‍ഘകാലം അധികാരത്തില്‍ ഇരുന്നവരാണെങ്കിലും ജനോപകാരപ്രദമായിരുന്നതുകൊണ്ട് അവരോടുള്ള സമീപനം വ്യത്യസ്തവുമാണ്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കസാക്കിസ്ഥാനിലെ പ്രസിഡന്റ് നാസര്‍ ബയോസ് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട ഭരണം ഉപേക്ഷിച്ചത് സമീപകാലത്തു മാത്രമാണ്. അവര്‍ക്കൊപ്പമെത്താനുള്ള റെക്കോഡ് സൃഷ്ടിക്കാനാണ് ഈ സഹസ്രാബ്ദത്തിന്റെ തുടക്കം മുതല്‍ക്ക് റഷ്യയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി തുടര്‍ച്ചയായി ഭരണം നടത്തിവരുന്ന വ്ളാദിമീര്‍ പുടിന്റെയും ഉദ്യമമെന്ന് സ്പഷ്ടമാക്കപ്പെട്ടിരിക്കുകയാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വഴിതുറന്ന ഗോര്‍ബച്ചേവ് ആണ് ഏറ്റവും കുറച്ചുകാലം അവിടെ ഭരണം നടത്തിയവരില്‍ ഒരാള്‍. സ്റ്റാലിന് ലെനിന്റെ അകാലമൃത്യുവിനുശേഷം 1927 മുതൽക്കുള്ള മൂന്ന് പതിറ്റാണ്ട് രാജ്യത്തിന്റെ ഭരണത്തലവനായിരുന്നു. പിന്നീട് വളരെ കുറച്ചുകാലം ബെറിയയായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന നികിത ക്രൂഷ്ച്ചേവ് സോവിയറ്റ് യൂണിയന്റെ ചരിത്രം മാറ്റിക്കുറിച്ച ഭരണാധികാരി ആയാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണവും അധികകാലം നീണ്ടുനിന്നില്ലെങ്കിലും ലിയോനിദ് ബ്രെഷ്നേവ് ആണ് രണ്ട് പതിറ്റാണ്ടിലധികം ഭരണചക്രം തിരിച്ചത്. അതിനുശേഷം ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ പതിനഞ്ച് റിപ്പബ്ലിക്കുകളാക്കി വിഭജിച്ച ‘ഖ്യാതി‘യുമായാണ് സോവിയറ്റ് യൂണിയന്റെ പിന്തുടര്ച്ച അവകാശപ്പെട്ടുകൊണ്ട് റഷ്യയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഏഴ് പതിറ്റാണ്ടുകള്‍ ദെെര്‍ഘ്യമുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് യെട്സിനെ പ്രസിഡന്റായി അവരോധിച്ച ശേഷം ഗോര്‍ബച്ചേവ് വിസ്മൃതിയിലേക്ക് മറഞ്ഞത്. യെട്സിന്റെ ദുര്‍ഭരണം നീണ്ടുപോയാല്‍ വളരെ പാടുപെട്ട് അമേരിക്ക നടത്തിയ അട്ടിമറി ശ്രമം പാഴാകുമെന്നും പഴയ കമ്മ്യൂണിസ്റ്റ് ഭരണം വീണ്ടും ഉടലെടുക്കുമെന്നും ഭയന്ന് അമേരിക്ക കണ്ടുപിടിച്ച പുതിയ പ്രസിഡന്റാണ് വ്ലാദിമീര്‍ പുടിന്.
അന്നത്തെ അമേരിക്കന്‍ പ്രസിഡന്റാണ് യെട്സിന്റെ ദുര്‍ഭരണത്തില്‍ നിന്നും കമ്മ്യൂണിസത്തിന്റെ തിരിച്ചുവരവില്‍ നിന്നും റഷ്യയെ രക്ഷിക്കാന്‍ പുടിനെ ‘കണ്ടുപിടിച്ചത്’. ഒരു വിശ്വസ്തനെയാണ് താന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവേശത്തോടെ ലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു. പുടിന് സോവിയറ്റ് യൂണിയനിലെ മുന്‍കാല രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയുടെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു. കമ്മ്യൂണിസത്തില്‍ നിന്ന് റഷ്യയെ കരകയറ്റാന്‍ പുടിന് ഉപകരിച്ചെങ്കിലും ‘ഒരു ദാസനെ’ പുടിനില്‍ കണ്ടെത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമീപകാല ബന്ധത്തില്‍നിന്ന് വ്യക്തമാകുന്നത്. ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’ എന്ന സ്ഥിതിയിലാണ് ഇപ്പോള്‍ അമേരിക്ക. ഒരു വിനീത സേവകനെയാണ് അമേരിക്ക പുടിനില്‍ കണ്ടെത്താന്‍ നോക്കിയത്. എന്നാല്‍ അമേരിക്ക ഇപ്പോള്‍ മറ്റൊരു സ്റ്റാലിനായാണ് അവര്‍ പുടിനെ കാണുന്നത്. കാരണം അമേരിക്കയുടെ ഒരു മിത്രമായല്ല, മറിച്ച് ഒരു പ്രതിയോഗിയെയാണ് പുടിനില്‍ അവര്‍ക്ക് അനുഭവപ്പെടുന്നത്. പഴയ സോവിയറ്റ് യൂണിയന്റെ ഒരു കമ്മ്യൂണിസ്റ്റിതര പ്രതിയോഗി എന്ന നിലയ്ക്കാണ് പുടിന്റെ നിലപാടുകള്‍. റഷ്യയെ സോവിയറ്റ് യൂണിയനെ പോലെ ഒരു വന്‍ശക്തിയാക്കി മാറ്റാനാണ് പുടിന് ശ്രമിക്കുന്നതെന്ന് അവര്‍ ഭയപ്പെടുന്നു. സോവിയറ്റ് കാലത്ത് ആ രാജ്യം വികസിപ്പിച്ചെടുത്ത ആറ്റം-ഹെെഡ്രജന്‍ ബോംബുകളും അവ വിക്ഷേപിക്കാനുള്ള റോക്കറ്റുകളും ബഹിരാകാശ യാനങ്ങളും അമേരിക്കയ്ക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നാണ് കരുതേണ്ടിവന്നിരിക്കുന്നത്.
സമീപകാലത്ത് സിറിയയിലും റഷ്യ സ്ഥാപിച്ചെടുത്തിരിക്കുന്ന സ്വാധീനം മറ്റ് മേഖലകളിലേയ്ക്ക് വ്യാപിക്കുമെന്നും അമേരിക്കയ്ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. ആ തോന്നല്‍ അടിസ്ഥാനമില്ലാത്തതുമല്ല. ലോകത്തെ മുഴുവന്‍ അമേരിക്കയുടെ ചവിട്ടടിയിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറക്കം കെടുത്താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനു കഴിയുന്നുണ്ടെന്നതില്‍ സംശയമില്ല തന്നെ. പുടിന്റെ ലക്ഷ്യം അതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും റഷ്യയെ പുടിന് ഒരു വന്‍ശക്തിയാക്കി മാറ്റുന്നതിനിടയില്‍ സ്വയം കരുത്തുറ്റ ഒരു ഭരണാധികാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സഹസ്രാബ്ദത്തിന്റെ തുടക്കം മുതല്‍ പുടിന് അവിടത്തെ ഒരു മുടിചൂടാമന്നനായി തന്നെയാണ് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നത്. 2000 മുതല്‍ എട്ട് കൊല്ലം പ്രസിഡന്റ് പദവിയില്‍ ഇരുന്ന ശേഷം ആ സ്ഥാനത്ത് തുടരാന്‍ നിയമം അനുവദിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം അതുവരെ പ്രധാനമന്ത്രി ആയിരുന്ന മെദ്വെദേവിനെ പ്രസിഡന്റായി അവരോധിച്ചുകൊണ്ട് പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയാണുണ്ടായത്. അങ്ങനെ നാലുകൊല്ലം കഴിഞ്ഞതോടെ പുടിന് വീണ്ടും പ്രസിഡന്റായി മത്സരിച്ച് ജയിച്ചു. മെദ്വെദേവിനെത്തന്നെ പ്രധാനമന്ത്രി ആക്കി. അതോടൊപ്പം തന്നെ പ്രസിഡന്റിന്റെ കാലാവധി നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തുകയും ചെയ്തു. നാലുകൊല്ലം കഴിഞ്ഞ് 2024 വരെ പ്രസിഡന്റ് പദവിയുണ്ടെങ്കിലും അത് കഴിഞ്ഞാല്‍ തന്റെ സ്ഥാനത്തിന് ഒരു കോട്ടവും തട്ടാതിരിക്കാന്‍ പുടിന് ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു പത്രസമ്മേളനത്തിലൂടെയാണ് പുടിന് തന്റെ ദീര്‍ഘകാല പദ്ധതി റഷ്യക്കാരെയും ലോകത്തെയും അറിയിച്ചത്.
ഭരണസമ്പ്രദായം ആകെ പരിഷ്കരിച്ചുകൊണ്ടാണ് തന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അദ്ദേഹം അടിത്തറ പാകിയിരിക്കുന്നത്. തുടര്‍ന്ന്, പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് പാസാക്കിയെടുക്കുകയും ചെയ്തു. വ്യാപകമായ ഭരണഘടനാ പരിഷ്കാരങ്ങളാണ് പുടിന് വിഭാവനം ചെയ്യുന്നത്. ഇതനുസരിച്ച് പ്രസിഡന്റിന്റെ കാലാവധി രണ്ട് പ്രാവശ്യമാക്കി നിജപ്പെടുത്തും. പാര്‍ലമെന്റിനും മന്ത്രിസഭയ്ക്കും കൂടുതല്‍ അധികാരം ലഭ്യമാക്കും. പ്രസിഡന്റിന്റെ അധികാരം അല്പമൊന്നു മയപ്പെടുത്തുകയും ചെയ്യും. പുതിയൊരു പാര്‍ലമെന്ററി വ്യവസ്ഥയ്ക്കാണ് അദ്ദേഹം ഈ പരിഷ്കാരങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. സ്റ്റേറ്റ് കൗണ്‍സില്‍ എന്ന സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ കെെമാറുകയെന്നതാണ് പരിഷ്കാരങ്ങളുടെ മുഖ്യമായ ലക്ഷ്യം. ഇതുവരെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിരുന്ന മെദ്വെദേവിനാണ് ഈ സമിതിയുടെ വെെസ്പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുള്ളത് ഈ പദവിയുടെ പ്രാധാന്യം വിളിച്ചറിയിക്കാനാണ്. സമിതിയുടെ പ്രസിഡന്റാവുക പുടിന് ആയിരിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. പ്രസിഡന്റ് സ്ഥാനം തല്ക്കാലം ഒഴിച്ചിട്ടിരിക്കുകയാണ്. ഇതുവരെ പ്രധാനമന്ത്രിയായിരുന്ന മെദ്വെദേവ് തല്‍സ്ഥാനം രാജിവച്ച് ഈ വെെസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടുള്ളത് ആ പദവി എത്ര വലുതായിരിക്കുമെന്നതിന്റെ സൂചന ആണെന്ന് സര്‍വരും മനസിലാക്കുന്നുണ്ട്.
2024ല്‍ പ്രസിഡന്റ് സ്ഥാനം പുടിന് ഒഴിഞ്ഞുകഴിഞ്ഞാല്‍ അദ്ദേഹമായിരിക്കും പുതിയ സുരക്ഷാസമിതിയുടെ പ്രസിഡന്റെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിയാം. 2024ല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയുന്ന പുടിനു വേണ്ടിയാണ് ഈ സ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കേണ്ടവര്ക്കെല്ലാം മനസിലാകും. കാല്‍നൂറ്റാണ്ടിന് ശേഷവും സര്‍വപ്രധാനമായ സ്ഥാനത്ത് പുടിന് തന്നെ ഉണ്ടാകുമെന്നാണ് ഇതിനര്‍ത്ഥം. പ്രസിഡന്റ് സര്‍വപ്രധാന ഭരണാധികാരി ആയിരിക്കില്ലെന്നും സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റായി പുടിന് സ്ഥാനമേല്ക്കുമ്പോള് അതായിരിക്കും റഷ്യയിലെ ഏറ്റവും വലിയ അധികാര കേന്ദ്രം എന്നും ഇതോടെ വ്യക്തമാകും. പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറച്ചതും പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനും കൂടുതല്‍ അധികാരം നല്കിയിരിക്കുന്നതും വ്യക്തമായി സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. കാല്‍നൂറ്റാണ്ടിനു ശേഷവും പുടിന്റെ അധികാരത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് അറിയേണ്ടവര്‍ അറിഞ്ഞുകൊള്ളും. ഇപ്രകാരം ജെ വി സ്റ്റാലിന് ശേഷം ഏറ്റവും ദീര്‍ഘകാലം രാജ്യത്തെ സേവിക്കുന്നതും ഭരിക്കുന്നതും പുടിന് ആയിരിക്കും. അത് എന്ന് അവസാനിക്കുമെന്ന് ആര്‍ക്കും പ്രശ്നംവച്ച് നോക്കിപ്പറയാനുമാവില്ലല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.