റോഡുകളുടെ പുനര്‍നിര്‍മാണം: മൊത്തം റോഡിന്റെ 50 ശതമാനത്തില്‍നിര്‍ബന്ധമായും പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കണം;ജി സുധാകരന്‍

Web Desk
Posted on June 18, 2019, 6:41 pm

തിരുവനന്തപുരം:റോഡുകളുടെ പുനര്‍നിര്‍മാണത്തില്‍ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് മൊത്തം റോഡിന്റെ 50 ശതമാനം നിര്‍ബന്ധമായും ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍. നിലവില്‍ 288.11 കിലോമീറ്റര്‍ റോഡ് ഈ രീതിയില്‍ നിര്‍മിച്ചിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനിയാണ് പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ പൊടിച്ച പ്ലാസ്റ്റിക് നല്‍കുന്നത്. അതെ സമയം, ആവശ്യമായ അളവില്‍ പൊടിച്ച പ്ലാസ്റ്റിക് ലഭിക്കുന്നില്ല. ആവശ്യമെങ്കില്‍ തദ്ദേശ വകുപ്പുമന്ത്രിയുമായി ആലോചിച്ച ശേഷം സ്വന്തമായി പ്ലാസ്റ്റിക് പൊടിക്കല്‍ യൂണിറ്റ് സ്വന്തമായി സ്ഥാപിക്കുന്നകാര്യം ആലോചിക്കും. നിര്‍മാണ സാമഗ്രികളുടെ കുറവ്മൂലം കരാര്‍ എടുക്കാത്താ സാഹചര്യം സംസ്ഥാനത്തില്ല. എന്നാല്‍ കരാര്‍ എടുത്ത പദ്ധതികളില്‍ ആവശ്യമായ അസംസ്‌കൃക വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ നിര്‍മാണം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രാപ്തിയും ശേഷിയുമുള്ള കരാര്‍കാരുടെ കുറവും സംസ്ഥാനത്തുണ്ട്. കെ രാജന്‍, ആര്‍ രാമചന്ദ്രന്‍, ചിറ്റയം ഗോപകുമാര്‍, എല്‍ദോ എബ്രഹാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം മേല്‍പ്പാലം : പൊളിക്കുന്ന കാര്യം വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ സഞ്ചാരയോഗ്യമാക്കുമെന്നും,് കേടായ ഭാഗത്ത് പുനര്‍നിര്‍മാണം നടത്തണോ പാലം മൊത്തത്തില്‍ പൊളിച്ചു പണിയണോയെന്ന കാര്യം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കുമെന്നും മന്ത്രി ജി സുധാകരന്‍. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലം സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ മറ്റ് നിര്‍മാണങ്ങള്‍ കുഴപ്പത്തിലാണെന്ന് ആരും പറഞ്ഞിട്ടില്ല. അതെ സമയം പാലാരിവട്ടം മേല്‍പ്പാലം അടിമുതല്‍മുടിവരെ കുഴപ്പത്തിലാണ്. 47 കോടി രൂപയാണ് ടെണ്ടര്‍ നിശ്ചയിച്ചിരുന്നതെങ്കിലും 37 കോടിരൂപക്ക് ടെണ്ടര്‍ പിടിച്ചശേഷം പിന്നീട് തട്ടിക്കൂട്ടുകയായിരുന്നു.
നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് ജില്ലകളില്‍േ ശക്തമായ ലബോറട്ടറി സംവിധാനമുണ്ട്.ഇതിന് പുറമെ ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനും സൗകര്യങ്ങളുണ്ട്. എന്നാല്‍ പാലാരിവട്ടത്തിന്റെ കാര്യത്തില്‍ ഒരു പരിശോധനയും നടന്നിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാകും. എല്‍ദോ എബ്രഹാം, പികെ ബഷീര്‍, രാജു എബ്രഹാം തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണ രീതിയില്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 2017 പുറക്കാട് മുതല്‍ പാതിരപ്പള്ളിവരെയുളള 23 കിലോമീറ്റര്‍ ഈ രീതി പരീക്ഷിച്ചിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു കേടുപാടും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ചേര്‍ത്തല-അരൂര്‍ ദേശീയപാത, കണ്ണൂര്‍ ജില്ലയിലെ ഏതാലും റോഡുകള്‍ എന്നിവിടങ്ങളില്‍ ഈ സാങ്കേതിക വിദ്യ നടപ്പാക്കും. ഇതിനുളള യന്ത്രസംവിധാനം കേരളത്തില്‍ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാടകക്ക് എടുത്ത് നിര്‍മാണം നടത്തും.
നാഷണല്‍ ഹൈവെ അതോറിട്ടിയുടെ ദയനീയ പരാജയമാണ് കുതിരാനിലെ പ്രശ്‌നങ്ങളെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു. എല്ലാ ആസൂത്രണങ്ങളും പാളി. പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ ഇടപെടലുകളും നടത്തും. നാഷണല്‍ അതോറിട്ടിയുടെ കണ്ണുതുറപ്പിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും കെ രാജന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കല്‍പറ്റ നിലമ്പൂര്‍ മലയോര ഹൈവേയില്‍ ഉള്‍പ്പെടുന്ന വനമേഖലയിലെ നിര്‍മാണത്തിന് ഇതുവരെയു കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ അനുമതിയില്ലാതെ നിര്‍മാണം തുടങ്ങാനുമാകില്ല.