7 December 2024, Saturday
KSFE Galaxy Chits Banner 2

പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളെ കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
December 8, 2021 3:49 pm

പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളെ സംസ്ഥാനത്തെ ഏറ്റവും വലുതും മികച്ചതുമായ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസുകളിൽ മാനവവിഭവശേഷി വർധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റെസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിങ് ഫലപ്രദമാക്കുന്നതിന് ആരംഭിച്ച കേന്ദ്രീകൃത കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റെസ്റ്റ് ഹൗസുകളിലെ മാനവവിഭവശേഷി വർധിപ്പിക്കുന്നതിനായി റോഡ് റോളറുകളുടെ പ്രവർത്തനത്തിനു നിയോഗിച്ചിരുന്ന 41 ജീവനക്കാരെ ഇവിടേയ്ക്കു പുനർവിന്യസിച്ചതായി മന്ത്രി അറിയിച്ചു. 

റെസ്റ്റ് ഹൗസ് ജീവനക്കാർക്കു ഹോസ്പിറ്റാലിറ്റി മേഖലയിൽ പരിശീലനം നൽകും. നവീകരണ പ്രവൃത്തികളും തുടർ പ്രവർത്തനവും നിരീക്ഷിക്കാൻ സ്പെഷ്യൽ ഇൻസ്പെക്ഷൻ ടീമിനെ(എസ്.ഐ.ടി) സജ്ജമാക്കും. ഈ സംഘം സംസ്ഥാനത്തെ 153 റെസ്റ്റ് ഹൗസുകളിലും ഏതു സമയത്തും പരിശോധനയ്ക്കെത്തുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യും. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളുടെ പ്രവർത്തനം സംബന്ധിച്ചു നടത്തിയ പരിശോധനയിൽ പല സ്ഥലങ്ങളിലും പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ പ്രവർത്തനം നടക്കുന്നതായി കണ്ടു. ഇവിടുത്തെ ജീവനക്കാരെ അഭിനന്ദിച്ചിട്ടുണ്ട്. തീരുമാനങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തിരുത്തുന്ന നടപടികളും സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. 

റെസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതു മുതൽ പൊതുജനങ്ങളിൽനിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഓൺലൈൻ ബുക്കിങ് സംവിധാനം ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ക്രമീകരിച്ചിരിക്കുന്നത്. 12 ജീവനക്കാരെ പ്രത്യേക പരിശീലനം നൽകി ഇവിടെ നിയോഗിച്ചിട്ടുണ്ട്. പബ്ലിക് ഓഫിസിൽ സജ്ജമാക്കിയിരിക്കുന്ന കൺട്രോൾ ഓൺലൈൻ ബുക്കിങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുകയും ജനങ്ങളുടെ സംശയങ്ങളും പരാതികളും ദുരീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പബ്ലിക് ഓഫിസിൽ നടന്ന ചടങ്ങിൽ പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ എം. അശോക് കുമാർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ചീഫ് എൻജിനിയർ കെ.ആർ. മധുമതി, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY:PWD rest hous­es to be Ker­ala’s largest hos­pi­tal­i­ty network
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.