ബാഗ്ദാദ്: ദീർഘമായ തന്റെ സൈനിക സേവന കാലയളവിൽ ഖാസിം സുലൈമാനി മധ്യപൂർവദേശം ശവക്കൂനയാക്കി മാറ്റി. ഒടുവിൽ അയാളും അതിന്റെ ഭാഗമായിരിക്കുന്നു. മേഖലയുടെ അവസാനിക്കാത്ത പോരാട്ടത്തിലെ രക്തരൂക്ഷിതമായ ഒരു അധ്യായമാണ് അവസാനിച്ചിരിക്കുന്നത്. എന്നാൽ സമാനമായ പുതിയൊരു അധ്യായം തുറക്കുക കൂടിയാണിവിടെ. ഇത് കൂടുതൽ മോശമാകാനാണ് സാധ്യത.
സുലൈമാനിയുടെ കൊലപാതകത്തിന്റെ അനന്തരഫലങ്ങൾ എന്താകുമെന്ന് ആർക്കും പ്രവചിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ട്രംപിന്റെ നടപടി ടെഹ്റാനിലെ നേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ അധികൃതരുടെ ഹൃദയത്തിൽ തന്നെയാണ് അമേരിക്ക കത്തി വച്ചിരിക്കുന്നത്.
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് സുലൈമാനി. ഇയാളുടെ കൊലപാതകം എന്തൊക്കെ അനുരണനങ്ങളാണ് ഉണ്ടാക്കുകയെന്ന് പ്രവചിക്കുക അസാധ്യം. ഇതേക്കുറിച്ച് ട്രംപ് ശരിയായി ചിന്തിച്ചിട്ടില്ലെന്ന് ഉറപ്പാണ്. ഫ്ലോറിഡയിലെ റിസോർട്ടിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത തീരുമാനമാണിത്. രാജ്യത്തോട് പോലും ഇക്കാര്യം വിശദീകരിക്കാൻ ട്രംപ് തയാറായിട്ടില്ല. ഇദ്ദേഹത്തിന്റെ മുൻഗാമികൾ ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊളളുമ്പോൾ അക്കാര്യം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിക്കുന്ന പതിവുണ്ടായിരുന്നു. അമേരിക്കൻ പതാക ട്വീറ്റ് ചെയ്യുക മാത്രമാണ് ട്രംപ് ചെയ്തത്. പിന്നീട് സുലൈമാനിയെ വധിച്ച വിവരം പെന്റഗണാണ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.
സുലൈമാനിയെ വധിക്കാനുള്ള തീരുമാനം നവംബറിൽ തന്നെ ട്രംപ് ഭരണകൂടം കൈക്കൊണ്ടിരുന്നുവെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് പ്രചാരണ വേലകളിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്നും ട്രംപ് കണക്കുകൂട്ടുന്നു. ഒസാമ ബിൻലാദനെ പിടികൂടിയ ഒബാമ ഭരണകൂടത്തിന്റെ നേട്ടത്തെ വിഴുങ്ങുന്ന നടപടി കൂടിയായി ഇത്.
എന്നാൽ ഇത് ലോകത്തെ കൂടുതൽ അസ്ഥിരതയിലേക്കും കൂടുതൽ ആക്രമണത്തിലേക്കും കൂടുതൽ ആശങ്കകളിലേക്കുമാകും നയിക്കുക എന്നതാണ് യാഥാർഥ്യം. ഇത് ഒരു യുദ്ധത്തിലേക്ക് നയിക്കപ്പെടുകയാണെങ്കിൽ ഇത് നമുക്ക് തെല്ലും ഗുണകരമാകില്ലെന്നാണ് അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളിൽ നിർണായക പങ്കു വഹിച്ച വിരമിച്ച സൈനികോദ്യോഗസ്ഥൻ ലഫ്.കേണൽ ഡാനിയൽ ഡേവിസ് പറഞ്ഞു. ഇത് എല്ലാവർക്കും വിനാശകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.