ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലി നാലിരട്ടിയാകുന്നു

Web Desk
Posted on May 22, 2019, 8:05 pm

പ്രത്യേക ലേഖകന്‍
ദോഹ: മലയാളി പ്രവാസികള്‍ ഏറ്റവുമധികമുള്ള ഗള്‍ഫ് രാജ്യങ്ങളിലൊന്നായ ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലി നാലിരട്ടിയായി കുതിച്ചുയരുന്നു. ജൂണില്‍ ആരംഭിക്കുന്ന റംസാന്‍ അവധിയും മധ്യവേനല്‍ അവധിയും മൂലം സീസണില്‍ യാത്രക്കൂലി വര്‍ധിക്കാറുണ്ടെങ്കിലും ഇപ്പോള്‍ ഒരു മാസം മുമ്പുതന്നെ യാത്രക്കൂലി കുത്തനെ ഉയര്‍ന്നുകഴിഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ പരിമിതിയാണ് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാനും യാത്രക്കൂലി കൂടാനും ഇടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു. ജെറ്റ് എയര്‍വേയ്‌സ് അടച്ചുപൂട്ടുകയും ഇന്‍ഡിഗോയുടെ തിരുവനന്തപുരം സര്‍വീസ് നിര്‍ത്തലാക്കുകയും ചെയ്തതും സീറ്റ് ദൗര്‍ലഭ്യം രൂക്ഷമാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി — ഓഗസ്റ്റ് സീസണില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് 7,000 രൂപയ്ക്ക് ലഭിച്ച ടിക്കറ്റിന് ഇപ്പോള്‍ 16,000 രൂപ നല്‍കണം. 9,000 രൂപയുടെ വര്‍ധന. മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനാവുമ്പോള്‍ അധികം നല്‍കേണ്ടത് 18,000 രൂപ.

ഇക്കണക്കിനുപോയാല്‍ ഖത്തറില്‍ നിന്നും കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയാകുമെന്നാണ് ട്രാവല്‍ ഏജന്‍സി — ടൂര്‍ ഓപ്പറേറ്റര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂണ്‍ — സെപ്റ്റംബര്‍ കാലയളവില്‍ കേരളത്തിലെത്തി മടങ്ങാന്‍ 64,000 രൂപ നല്‍കണം. മുന്‍ വര്‍ഷം, ഈ സീസനെ അപേക്ഷിച്ച് 14,000 രൂപയുടെ വര്‍ധന. എന്നാല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഈ വര്‍ധന 18,000 രൂപയായ സാഹചര്യത്തില്‍ സീസണാകുമ്പോള്‍ സീറ്റ് ദൗര്‍ലഭ്യത്തിന്റെ പേരില്‍ യാത്രക്കാരെ പലമടങ്ങു പിഴിയാനുള്ള സാധ്യതയാണ് ഏറുന്നത്. എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളിലും ഗള്‍ഫ് വിമാന കമ്പനികളിലും സീറ്റുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ അവധിക്കാലത്ത് നാടു കാണാനുള്ള പ്രവാസി കുടുംബങ്ങളുടെ മോഹത്തിനു അവധി കൊടുക്കുകയേ നിര്‍വാഹമുള്ളൂവെന്നാണ് വിമാനക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.