സ്വകാര്യ ബസ്സിലെ യാത്രക്കാര്‍ക്കായി പൊലീസിന്റെ സുരക്ഷാ ആപ്പ്

Web Desk
Posted on April 25, 2019, 1:47 pm

ആര്‍ ബാലചന്ദ്രന്‍

ആലപ്പുഴ: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകളിലെ യാത്രക്കാര്‍ക്കായി പൊലീസ് സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബസ്സുകാരില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങളും അതിക്രമങ്ങളും തടയുന്നതിനായി പൊതുജനങ്ങള്‍ക്ക് പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനം എപ്പോഴും ലഭിക്കും. ‘ക്യുകോപ്പി’ എന്നറിയപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ ഗുഗിളിന്റെ പ്ലേസ്‌റ്റോറിയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യാത്രാവേളകളില്‍ പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് ഇതോടെ ഉടന്‍ പരിഹാരമാകും. സുരേഷ് കല്ലട ബസ്സ് ജീവനക്കാര്‍ ഗുണ്ടകളെ ഉപയോഗിച്ച് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ബസ്സുകളും ഓഫീസുകളും യുവജന സംഘടനകള്‍ ചേര്‍ന്ന് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കല്ലടയെ ബഹിഷ്‌ക്കരിക്കാനും ഒറ്റപ്പെടുത്താനും നാട് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസും നടപടി ശക്തമാക്കിയിരുന്നു. പൊലീസ് തുടങ്ങിയ ഓപ്പറേഷന്‍ നൈറ്റ്‌റൈഡിന്റെ ഭാഗമായി ഈ രംഗത്ത് നിരവധി നിയമലംഘനങ്ങളാണ് പൊലീസ് ദിനം പ്രതി കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

പൊലീസില്‍ അറിയിക്കണം എന്ന് തോന്നുന്ന രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഈ ആപ്പ് യാത്രക്കാരെ സഹായിക്കും. യാത്രാവേളകളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും പോലീസിന്റെ അടിയന്തര സഹായത്തിനും ഇത് ഉപകാരപ്രദമാണ്. പൊലീസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും ഈ ആപ്പിന് കഴിയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ക്യുകോപ്പി ആപ്പ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ ആപ്പ് പ്രയോജനകരമാണ്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്പ് വഴി പോലീസില്‍ എത്തിക്കാന്‍ സാധിക്കും. ഗതാഗതക്കുരുക്ക് തത്സമയം അറിയാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.

എവിടെയൊക്കെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വഴി തിരിച്ചുവിട്ടിട്ടുള്ളത്, അപകടങ്ങളോ മറ്റെന്തെങ്കിലും മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പ് അറിയിക്കും. പൊലീസിന്റെ അലര്‍ട്ട് നമ്പറായ 9497915555 സേവ് ചെയ്ത ശേഷം പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസിന്റെ 24 മണിക്കൂറും സേവനം ഉറപ്പാക്കുന്ന ഈ സംവിധാനം ജനങ്ങള്‍ ഇതോടകം ഏറ്റെടുത്തുകഴിഞ്ഞു.