ബിനോയ് വിശ്വം

April 05, 2020, 7:15 am

ക്വാറന്റൈൻ: ആദ്യം കയ്പ്, പിന്നെ മധുരം

Janayugom Online
ബിനോയ് വിശ്വം എം പി

ക്വാറന്റൈൻ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് 1976 ജൂണിലാണ്. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ദൽഹിയിൽ നിന്നും വന്ന ആ രാത്രിയിൽ തന്നെ വീട്ടിലെ മുറിയിൽ ക്വാറന്റൈനിൽ കഴിയുമ്പോൾ ഞാൻ ആ പഴയ കഥ ഓർത്ത് പോയി.

എന്റെ ആദ്യത്തെ വിദേശയാത്രയായിരുന്നു. റഷ്യയിലെ കരിങ്കടൽ തീരത്തുള്ള ആർട്ടെക്കിൽ വച്ച് നടക്കുന്ന കുട്ടികളുടെ അന്തർദേശീയ മേളയിലേക്ക് ഇന്ത്യൻ പ്രതിനിധി സംഘം മോസ്കോയിൽ വിമാനമിറങ്ങി. സംഘത്തലവനായ എന്നോടൊപ്പം ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള 15 കുട്ടികളുമുണ്ടായിരുന്നു. അഞ്ചുവയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവർ. ആതിഥേയർ ഞങ്ങളെ ഹാർദ്ദമായി സ്വീകരിച്ചു. തലേന്ന് രാത്രി ഏറോഫ്ലോട്ടിൽ നിന്നും കഴിച്ച സമൃദ്ധമായ ആഹാരത്തിന് പുറമെ രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവും അതിനേക്കാൾ സമ്പുഷ്ടവും വൈവിധ്യപൂർണ്ണവുമായ പുതിയ നിരവധി വിഭവങ്ങൾ.

എന്റെ കുട്ടികളും ഞാനും സോഷ്യലിസത്തോട് ആവേശപൂർവ്വം നീതി കാണിച്ചു! വയർ അറിയാതെ ഞങ്ങൾ കൈയ്യിൽ കിട്ടിയതെല്ലാം വാരി അകത്താക്കി. അന്ന് വൈകുന്നേരത്തെ തീവണ്ടിയിൽ ആർട്ടെക്കിലേക്ക് പോകേണ്ടതാണ്. വൈകുന്നേരത്തിന് മുമ്പ് രണ്ട് പ്രാവശ്യം വയർ ഇളകി. അന്ന് അഞ്ചാം ക്ളാസിൽ പഠിച്ചിരുന്ന രാജീവിനും വയർ ഇളകി. മറ്റാർക്കും പ്രശ്നമില്ല. ട്രെയിൻ പുറപ്പെടും മുമ്പ് ഞങ്ങളുടെ ആതിഥേയ സംഘതലവനായ ഈ ഗറിനോട് എന്തെങ്കിലും ചെറിയ ഗുളിക കിട്ടുമോ എന്ന് ഞാൻ ചോദിച്ചു.വയറിളക്കത്തിന്റെ കാര്യം കേട്ടപ്പോൾ അയാൾ ശരിക്കും പരിഭ്രാന്തനായി. അപ്പോൾ വണ്ടി പുറപ്പെട്ടിരുന്നു. ഞങ്ങളെല്ലാം ശാന്തമായി കിടന്നുറങ്ങി.

ഉച്ചയ്ക്ക് മുമ്പായി ആർട്ടെക്കിലെ ബാലോത്സവ വേദിയിൽ ഞങ്ങളെത്തി. അതൊരു മഹാനഗരം പോലെ തോന്നി. ലോകത്തിന്റ എല്ലാ ഭാഗത്ത് നിന്നും എത്തിയ പത്ത് മൂവായിരം കുട്ടികൾ. പാറിക്കളിക്കുന്ന രാഷ്ട്രപതാകകൾ.ചുറ്റുപാടും ചെറുസംഘങ്ങളായി കുട്ടികളുടെ പാട്ടും ആട്ടവും പൊടിപൊടിക്കുന്നു. പെട്ടന്നതാ ഒരു സംഘം ഡോക്ടർമാർ പരിഭ്രാന്തരായി ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞ് വരുന്നു. എന്റേയും രാജീവിന്റേയും പേരുകളാണ് കടുത്ത റഷ്യൻ ചുവയിൽ അവർ ഉറക്കെ വിളിച്ച് ചോദിച്ചത്. നിമിഷങ്ങൾക്കകം നെറുകയിൽ നീല വെളിച്ചവും മുഴങ്ങുന്ന സൈറനുമായി ഒരു ആംബുലൻസ് പാഞ്ഞ് വന്നു. അതിലേക്ക് അവർ ഞങ്ങളെ വേഗംവിളിച്ചു കയറ്റി. എന്താണെന്ന് എനിക്ക് മനസിലായില്ല. ചോദിക്കാൻ ഭാഷയും വശമില്ല.അവർ നിർബന്ധം പിടിക്കുന്നു. ഞങ്ങൾക്ക് പോകാൻ സമ്മതമില്ല. എന്റെ കുട്ടികൾ കൂട്ടക്കരച്ചിലായി. അത് കണ്ട് എന്റെ കണ്ണുകളും നിറഞ്ഞ് പോയി. ഞങ്ങളുടെ സംഘത്തിന്റെ രജിസ്ട്രേഷൻ കാര്യങ്ങൾക്ക് പോയിരുന്ന ഈഗർ അപ്പോൾ ഓടിയെത്തി.

ഈ വിദേശ രാജ്യത്ത് കുട്ടികളെ ഒറ്റയ്ക്കാക്കി ഞാൻ എങ്ങോട്ടും പോകില്ലന്ന് ഒരു സമര യോദ്ധാവിനെ പോലെ ഈഗറിനോട് ഞാൻ ശാഠ്യം പിടിച്ചു.അയാൾക്ക് നല്ലവണ്ണം ഇംഗ്ളീഷ് അറിയാമായിരുന്നു. എന്നേക്കാൾ പ്രായമുള്ള അയാൾ ശാന്തനായി പറഞ്ഞു ‘ഇത് വാശി പിടിക്കേണ്ട സമയമല്ല. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള മൂവായിരത്തോളം കുട്ടികൾ ഇവിടെ എത്തുകയാണ്. അവർ ഒരു മാസത്തോളം ഒരുമിച്ച് കഴിയേണ്ടവരാണ്. അവരുടെ എല്ലാം ആരോഗ്യം ഗൗരവമായി സംരക്ഷിച്ചേ തീരൂ .അതിനോട് വാശി പിടിക്കാതെ ദയവായി സഹകരിക്കണം. ‘വാശി മാറ്റി വച്ച് ഞാൻ ചോദിച്ചു അതിന് ഞങ്ങളെ എന്തിന് ഈ ആംബുലൻസിൽ കയറ്റിക്കൊണ്ടു പോകുന്നു? അയാൾ പറഞ്ഞു നിങ്ങൾ രണ്ട് പേർക്കും ഇന്നലെ വയറിളക്കമുണ്ടായി ട്രെയിൻ വിട്ട് പോയത് കൊണ്ട് മോസ്കോയിൽ ഞങ്ങളെ ചികിത്സിക്കാൻ കഴിഞ്ഞില്ല. ഇവിടെ അതിന് ഏർപ്പാട് വേണമെന്ന് ഞാൻ അറിയിച്ചിരുന്നു.ഇവിടുത്തെ വിദഗ്ധരായ മെഡിക്കൽ സംഘം തീരുമാനിച്ചത് അഞ്ച് ദിവസം ക്വാറന്റയിൻ ചെയ്യണമെന്നാണ്. ഇവിടെ നിന്ന് 40 km അകലെ അതിനായി മാത്രം ഒരു ചികിത്സാ കേന്ദ്രമുണ്ട്. അഞ്ച് ദിവസം നിങ്ങൾ അവിടെ നിരീക്ഷണത്തിൽ കഴിയണം.രോഗമില്ലങ്കിൽ ആറാം ദിവസം പുലർച്ചെ തിരിച്ച് വരാം.അയാൾ ശാന്തമായി, എന്നാൽ തറപ്പിച്ച് പറഞ്ഞു.

‘ക്വാറന്റയിൻ’. ആദ്യമായി ആ വാക്കിന് മുമ്പിൽ പകച്ച് നിന്ന് കൊണ്ട് ഞാൻ ചോദിച്ചു ‘ഞങ്ങളെ എന്തിന് മാറ്റി പാർപ്പിക്കണം?’ അയാൾ പറഞ്ഞു വയറിളക്കം കോളറ എന്ന രോഗത്തിന്റെ പ്രത്യക്ഷ ലക്ഷണമാണ്. അത് മാരകമായ പകർച്ചവ്യാധിയാണ്. അതുമായി ഒരാൾ ഇവിടെ കഴിഞ്ഞാൽ ഉണ്ടാകാനിടയുള്ള ആപത്ത് ചിന്തിക്കാൻ പോലും കഴിയില്ല. അത് കൊണ്ട് നിങ്ങൾ രണ്ട് പേരും വേഗം ഇവിടെ നിന്ന് പോകണം. സോച്ചിക്ക് അടുത്തുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്റ്റർമാർ നിങ്ങളെ കാത്ത് നിൽക്കുന്നുണ്ട്. ഒന്നും പറയാനാകാതെ എന്റെ കണ്ണ് വീണ്ടും നിറഞ്ഞൊഴുകി. ആംബുലൻസ് സ്റ്റാർട്ടായി മെല്ലെ നീങ്ങി തുടങ്ങി.

എന്റെ കുട്ടികൾ പൊട്ടിക്കരഞ്ഞുകൊണ്ട് അതിന്റെ പിന്നാലെ ഓടി.അതിനകത്തിരുന്ന് ഞാൻ രാജീവിനെ ചേർത്ത് പിടിച്ചു. എന്നോട് ചേർന്നിരുന്ന് രാജീവ് ഏങ്ങലടിച്ച് കരഞ്ഞു. സൈറൻ വിളിയുമായി ആംബുലൻസ് പോകുമ്പോഴെല്ലാം മരണം പോകുന്നതായി സങ്കൽപ്പിച്ച ഒരു ബാല്യമായിരുന്നു എന്റേത്. ഇപ്പോഴിതാ ആ വണ്ടിയിൽ അത് പോലെ സൈറൻ വിളിയുമായി ഞാനും പോകുന്നു. എങ്ങോട്ടാണ് ഈ യാത്ര ? അര മുക്കാൽ മണിക്കൂർ ആയിക്കാണും ആംബുലൻസ് വിജനമായ ഒരു നീണ്ട റോഡും കടന്ന് വിശാലമായ ഒരു കുന്നിൻ മുകളിലെ കൂറ്റൻ കെട്ടിടത്തിന് മുന്നിൽ നിന്നു. മഞ്ഞ ചായം പൂശിയ ആ കെട്ടിടം ഇപ്പോഴും എന്റെ ഓർമയിൽ തണുത്ത ഒരു ഭീതി പടർത്തുന്നു. ഡോക്ടർമാരും നഴ്സമാരും അടങ്ങുന്ന ഒരു സംഘം ഞങ്ങളെ മുകളിലത്തെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. മാറാൻ വരകളുള്ള ഒരു പൈജാമയും ഷർട്ടും തന്നു. അവരെല്ലാം സ്നേഹപൂർവ്വമാണ് പെരുമാറിയത്. രണ്ട് ഡോക്റ്റർമാർ — ഒരാണും ഒരു പെണ്ണും ‑റഷ്യനിൽ എന്തല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കിടെ പുറത്ത് വന്ന കോളറ എന്ന ഒരു വാക്ക് മാത്രമേ എനിക്ക് മനസ്സിലായുള്ളു. കുറേ കഴിഞ്ഞപ്പോൾ അവരെല്ലാം മുറി വിട്ട് പോയി.

ആ വലിയ മുറിയിൽ രണ്ട് കട്ടിലുകൾ രണ്ട് മേശകൾ രണ്ട് കസേരകൾ മേശപ്പുറത്ത് കുറേ മരുന്നുകൾ. ഞങ്ങൾ മുഖാമുഖം നോക്കിയിരുന്നു. ആ കിടപ്പിൽ ഞാൻ ഉറങ്ങിപ്പോയി. ഉറക്കം നിറയെ സ്വപ്നങ്ങളായിരുന്നു. അമ്മ, അച്ഛൻ, സഹോദരങ്ങൾ, സഖാക്കൾ, ആർട്ടെക്കിലെ എന്റെ കുട്ടികൾ അവരെല്ലാം സ്വപ്നത്തിൽ മിന്നി മറഞ്ഞു. വാതിലിൽ മുട്ട് കേട്ടാണ് ഞെട്ടി ഉണർന്നത്. അപ്പോൾ ജനാലയ്ക്കപ്പുറം സന്ധ്യ ആയിരുന്നു. നേരത്തെ വന്ന ഡോക്ടർമാരാണ്. ഒരു വെളുത്ത കടലാസ് അവർ എന്നെ ഏൽപിച്ചു. അതിൽ പ്രൈമറി സ്കൂളുകളിലെ കുട്ടികൾ എഴുതുംപോലെ ഇംഗ്ളീഷിൽ പാടുപെട്ട് കുത്തിക്കുറിച്ച കാര്യങ്ങൾ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

ആദ്യത്തെ വരികൾ കോളറയുടെ രൂക്ഷതെയെപറ്റിയായിരുന്നു. പിന്നെ അതിനെ തടയേണ്ടതിന്റെ ആവശ്യകത. ഈ മാറ്റി പാർപ്പിക്കൽ അതിന് വേണ്ടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തൽ. പിന്നെയുള്ള വരികൾ മുഴുവൻ സാന്ത്വനത്തിന്റേതായിരുന്നു. നാട്ടിൽ നിന്ന് അകലെയാണെന്നതിൽ മനസ്താപം വേണ്ടെന്നും ഭാഷ അറിയില്ലങ്കിലും അവരെല്ലാം സ്നേഹത്തോടെ എന്തിനും കൂടെയുണ്ടാകുമെന്ന് അറിയാത്ത ഇംഗ്ളീഷ് ഭാഷയിൽ അവർ പാട് പെട്ട് എഴുതിഫലിപ്പിച്ചു. ടെലിഫോണിലൂടെ നടത്തിയ പരിഭാഷയാണ് അതെന്ന് ആംഗ്യം വഴി അവർ പറഞ്ഞു തന്നു. ആ കത്ത് സൂക്ഷിച്ചു വെക്കേണ്ടതായിരുന്നു. മനുഷ്യർ എവിടേയും മനുഷ്യരാണന്നുംഅവരുടെ ഉള്ളിൽ കാരുണ്യത്തിന്റെ ഉറവയുണ്ടെന്നും പറയുന്നതായിരുന്നു ആ വെള്ളക്കടലാസിലെ അക്ഷരങ്ങൾ. കൈ കൊണ്ട് അഞ്ച്എന്ന് പറഞ്ഞ് അവർ പോയി. ഞാനും രാജീവും പരസ്പരം നോക്കി പുഞ്ചിരിച്ചു. ഞങ്ങൾ ക്വാറന്റൈയിനോട് പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. തുടർന്നുള്ള അഞ്ച് ദിവസങ്ങൾ നീളമുള്ളതായിരുന്നു. ആർട്ടെക്കിൽ ഒറ്റക്കാക്കി പോന്നവരെ പറ്റിയാണ് ഞങ്ങൾ ഏറെയും സംസാരിച്ചത് .രാജീവ് തീരെ കുട്ടിയാണെങ്കിലും സമപ്രായക്കാരനായ എന്റ ചങ്ങാതിയായി അവൻ പെട്ടന്ന് മാറി. വൈക്കത്തെ പങ്കജാക്ഷൻ നായരുടെ മകനായത് കൊണ്ട് വർത്തമാനങ്ങളിൽ വൈക്കവും വടയാറും വല്ലകവും പുളിം ചുവടും ഇത്തിപ്പുഴയാറുമെല്ലാം പലവട്ടം കടന്നു വന്നു. മൂന്ന് നേരം വന്ന് പോകുന്ന ഡോക്ടർമാരും നഴ്സ്മാരും ആഹാരമെത്തിക്കുന്നവരും മാത്രമായിരുന്നു ഞങ്ങളുമായി ബന്ധപ്പെട്ടവർ. അവർ വന്നപ്പോഴെല്ലാം ചുരുക്കം ആംഗ്യങ്ങളിലൂടെ ഞങ്ങൾ വലിയ സൗഹാർദലോകം പണിതു.

ജനാലയ്ക്ക് അപ്പുറത്തെ കാഴ്ച്ചകൾ മാത്രമായിരുന്നു ഞങ്ങളുടെ അകാശവും ഭൂമിയും. ഞങ്ങളുടെ മുറിക്കപ്പുറത്തെ മുറിയിൽ ഒരു അഞ്ച് വയസ്സുകാരൻ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. അവനെ ഞങ്ങൾ കണ്ടിട്ടില്ല. ഡോക്ടർമാർ പറഞ്ഞ് അവന്റെ പേര് സാക്ഷ എന്നാണെന്ന് മനസ്സിലാക്കി. എന്നും അഞ്ച് മണി കഴിയുമ്പോൾ അവന്റെ ജനാലയ്ക്ക് അപ്പുറത്തുള്ള കുന്നിൻചരിവിൽ കെട്ടിയ വേലിക്കപ്പുറത്ത് അവന്റെ അച്ഛനും അമ്മയും എത്തും. സാക്ഷ എന്ന് അവർ നീട്ടി വിളിക്കുമ്പോൾ സന്തോഷം കൊണ്ട് അവൻ തുള്ളിച്ചാടുന്നത് ഞങ്ങൾക്ക് ഭാവനയിൽ കാണാമായിരുന്നു. അഞ്ച് മുതൽ ആറ് വരെ ആ അച്ഛനും അമ്മയും മകനും തമ്മിൽ പറയുന്ന കാര്യങ്ങളെല്ലാം ഇപ്പുറത്തെ ജനാലയ്ക്കൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം ഞങ്ങൾക്കും അനുഭവപ്പെട്ടു. രണ്ടാം ദിനം മുതൽ അവരുടെ വരവിനായി ഞങ്ങളും കാത്തിരുന്നു. മകനോട് യാത്ര പറഞ്ഞ് പോകുമ്പോൾ ആ അച്ഛനമ്മമാർ ഊരും പേരുമറിയാത്ത ഞങ്ങളോടും കൈ വീശി യാത്ര പറഞ്ഞു. ഞങ്ങൾ ഉറ്റവരായി മാറി.

അഞ്ച് ദിവസത്തെ ഞങ്ങളുടെ പരിശോധനാ ഫലം വന്നു. കോളറ ഇല്ലന്ന് സ്ഥിരീകരിക്കപ്പെട്ടു. ആറാം ദിനം രാവിലെ ഞങ്ങൾ യാത്രയാവുകയാണ്. സാക്ഷയോട് ഇപ്പുറത്തെ ജനാലയ്ക്കൽ നിന്ന് യാത്ര പറഞ്ഞു ദസ്സി ദാനിയ. അവന്റെ ജനാലയ്ക്ക് താഴെ മതിൽ കെട്ടിനപ്പുറം നിന്ന് സാക്ഷയുടെ അഛനുമമ്മയും ഞങ്ങളെ പഠിപ്പിച്ചതാണത്. വീണ്ടും കാണാം. ഇത്രയും കൊല്ലങ്ങൾക്കിപ്പുറം ഇത്രയും ദൂരെ വ്യത്യസ്തമായ ഒരു ക്വാറന്റയിൻ അനുഭവിക്കുമ്പോൾ അവരുടെ മുഖങ്ങൾ ഞാൻ കാണുന്നു. അവരുടെ മകന്റെ ശബ്ദം കേൾക്കുന്നു. തീർച്ചയായും ക്വാറന്റയിൻ തടവല്ല. സമൂഹത്തിന്റെ പൊതു നൻമയ്ക്ക് വേണ്ടി നാം കടന്നു പോകേണ്ടുന്ന അനുഭവമാണത്. ആദ്യം കയ്ച്ചാലും അത് പിന്നെ മധുരിക്കും. എന്റേയും രാജീവിന്റേയും കൂടെ ആർടെക്കിലുണ്ടായിരുന്ന കെ എ. ബീനയും ഷീലവിജയകുമാറും രാമചന്ദ്രനും എന്നോട് യോജിക്കും എന്ന് ഉറപ്പാണ്.