ഭാര്യയുമായി വഴക്കിട്ട ഭർത്താവ് ദേഷ്യത്തിൽ ആറ് വയസ്സുകാരൻ മകനെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രതി മൂന്നര വയസ്സുകാരി മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാർത്താണ്ഡപുരം സ്വദേശി ശെന്തിൽ കുമാർ(42) ആണ് ക്രൂരകൃത്യം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ക്രൂരകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഭാര്യ രാമലക്ഷ്മിയുമായുണ്ടായ വഴക്കാണ് ക്രൂരതയിലെത്തിച്ചത്. വഴക്കിട്ടശേഷം ശെന്തിൽ പുറത്തുപോയി അല്പസമയത്തിനുള്ളിൽ മകൻ ശ്യാം സുന്ദറി(7)നെ കാണാതാകുകയായിരുന്നു. മകനെ അന്വേഷിച്ച് രാമലക്ഷ്മി സമീപത്തെ ബന്ധു വീട്ടിലെത്തിയപ്പോൾ, കുട്ടിയെ കഴുത്തിൽ കയർ മുറുകി ബോധംകെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
മകനെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രാമലക്ഷ്മി വീട്ടിലുള്ള മകളെ നോക്കണമെന്നു സമീപവാസികളോടു ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ സമീപവാസികൾ എത്തിയപ്പോഴേക്കും ചെന്തിൽ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. തുടർന്ന് രാമലക്ഷ്മി ആശുപത്രിയിൽ നിന്നെത്തി സമീപവാസികളുടെ സഹായത്തോടെ വാതിൽ തകർത്തു വീട്ടിനുള്ളിൽ കയറിയപ്പൊഴാണു മകളെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകനെ കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ ഭാര്യ കുട്ടിയെ തിരക്കി വരുന്നതു കണ്ട ശെന്തിൽ, അവിടെനിന്നു കടന്ന് വീട്ടിലെത്തി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഞ്ചുഗ്രാമം പോലീസ് പറഞ്ഞു. വീട്ടിൽ നിന്നും പ്രതി മകനെ കൂട്ടിക്കൊണ്ടു പോകുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മയിലാടി പഞ്ചായത്തിലെ കുടിവെള്ളവിതരണ ജീവനക്കാരനാണ് ശെന്തിൽ.
English Summary: Quarrel with wife; father killed 3 year old daughter after failing attempt to kill son
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.