Janayugom Online
ചെറുവാടി പഴമ്പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് നടന്ന രക്ഷാ പ്രവര്‍ത്തനം

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു

Web Desk
Posted on June 18, 2019, 6:29 pm

മുക്കം (കോഴിക്കോട്): കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴമ്പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. പഴം പറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹിമാന്‍, മലപ്പുറം വാഴക്കാട് ഓമാനൂര്‍ സ്വദേശി വിനു (38) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 9.30 ഓടെയാണ് അപകടം. ചെങ്കല്‍ മെഷീന്റെ ഓപ്പറേറ്റര്‍മാരാണ് മരിച്ചവര്‍. വന്‍ തോതില്‍ കൂട്ടിയിട്ട മണ്‍കൂന ഇടിഞ്ഞു വീഴുകയും മണ്ണിനിടയിലെ കല്ല് ഇവരുടെ തലയില്‍ പതിക്കുകയുമായിരുന്നു.

രക്ഷാ പ്രവര്‍ത്തനം നടത്തുന്നു

ഇരുപതോളം പേര്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാരും മുക്കം, അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയര്‍ഫോഴ്സ് എന്നിവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രാവിലെ 10 മണിയോടെ ഒരാളെയും 10.15 ഓടെ രണ്ടാമത്തെ ആളെയും മണ്ണിനടിയില്‍ നിന്ന് കണ്ടെടുക്കാനായത്. തിരുവമ്പാടി സി ഐ രാജപ്പന്‍, മുക്കം എസ് ഐ. കെ ഷാജിദ്, ജനമൈത്രി പോലീസ് എ എസ് ഐ.അസ്സയിന്‍, സി പി ഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                     വിനു                                            അബ്ദുറഹിമാന്‍