Saturday
16 Feb 2019

ക്വാറികളുടെ അപേക്ഷ: സിംഗിള്‍ബെഞ്ച് വിധിക്ക് സ്‌റ്റേ

By: Web Desk | Friday 29 June 2018 10:30 PM IST

കൊച്ചി : പരിസ്ഥിതിലോല പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങളിലെ ക്വാറികളുടെ അപേക്ഷ പരിഗണിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

ഫെബ്രുവരി 20 ലെ വിധിക്കെതിരെ കൂട്ടിക്കല്‍ എളങ്കാട് പ്രകൃതി സംരക്ഷണ സമിതി നേതാവ് ശാര്‍ങധരന്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ വിധിയുടെയടിസ്ഥാനത്തില്‍ എളങ്കാടു പെട്രോ ക്രഷേഴ്‌സിന് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരെയാണ് അപ്പീല്‍ പരാതികളും നിര്‍ദേശങ്ങളും പരിഗണിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 123 വില്ലേജുകളിലെ ചില സ്ഥലങ്ങളെ ഒഴിവാക്കി കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒഴിവാക്കിയ സ്ഥലങ്ങളിലെ ക്വാറി അപേക്ഷകള്‍ പരിഗണിക്കാനാണ് പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്നും അന്തിമ പട്ടിക വരുന്നതിനു മുമ്പ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് നിയമ വിരുദ്ധമാണെന്നുമാണ് അപ്പീലിലെ വാദം. പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് കരട് വിജ്ഞാപന പ്രകാരമുള്ള പട്ടിക അടിസ്ഥാനമാക്കി തീരുമാനമെടുക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല. കരട് വിജ്ഞാപനത്തില്‍ മാറ്റം വരാം. അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇറക്കുമെന്നാണറിയുന്നത്. ആ നിലയ്ക്ക് സിംഗിള്‍ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നും അപ്പീലില്‍ പറയുന്നു.