പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി എത്ര രൂപ ചെലവായി

Web Desk
Posted on February 27, 2018, 7:13 pm

ദില്ലി: പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് വിവരാവകാശ കമ്മീഷന്‍. എയര്‍ ഇന്ത്യക്ക് യാത്രയുമായി ബന്ധപ്പെട്ട് നല്‍കിയ തുക വെളിപ്പെടുത്താനാണ്  വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014–17 കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ യാത്രയുടെ ചെലവുകളെ കുറിച്ചാണ് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.

നരേന്ദ്ര മോദിയുടെ യാത്രയുടെ വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയംനേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് കമ്മീഷന്‍ തള്ളി. കമാന്‍ഡര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയത്. പ്രധാനമന്ത്രിയുടെ യാത്രകളുടെ വിവരങ്ങള്‍ പലയിടങ്ങളിലാണ്. ഇവ ശേഖരിക്കുക എന്നത് കഠിനമായ ജോലിയാണ്. ഒരുപാട് ബില്ലുകള്‍ വിമാനക്കമ്പനികളില്‍ നിന്നും ലഭിക്കാനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കമ്മീഷനുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം എയര്‍ ഇന്ത്യക്ക് തുകയുടെ ബാക്കി ഇനിയും നല്‍കാനുണ്ടെന്നും മറുപടിയിലുണ്ട്. എന്നാല്‍ ഈ പറഞ്ഞതൊക്കെ നിസാര കാരണങ്ങളാണെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാഥുര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. പൊതുജനത്തിന്റെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. സുരക്ഷ സംബന്ധിച്ച വിഷയം ഇതില്‍ വരുന്നേയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മാഥുര്‍ ആവശ്യപ്പെട്ടു.