Web Desk

കോഴിക്കോട്

July 05, 2021, 10:37 am

കെ സുരേന്ദ്രനെ സംരക്ഷിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ നീക്കത്തിനെതിരെ എതിര്‍പ്പ് ശക്തം

Janayugom Online

കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമായിട്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ സംരക്ഷിക്കാൻ ഔദ്യോഗിക വിഭാഗം നീക്കം നടത്തുന്നതിൽ എതിർവിഭാഗത്തിന് കടുത്ത എതിർപ്പ്. കെ സുരേന്ദ്രന് ബലിദാനി പരിവേഷം നൽകി സംരക്ഷിക്കാൻ ഔദ്യോഗിക വിഭാഗം നടത്തുന്ന നീക്കങ്ങൾ പാർട്ടിയുടെ തകർച്ചയിലേക്ക് നയിക്കുമെന്നാണ് കൃഷ്ണദാസ്- ശോഭാ സുരേന്ദ്രൻ വിഭാഗങ്ങൾ വ്യക്തമാക്കുന്നത്.

പണം കടത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ളവരുടെ വിളികൾ അടക്കം സുരേന്ദ്രന് എതിരാണ്. തുടർന്ന് വന്ന മൊഴികളോരോന്നും സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കെ സുരേന്ദ്രൻ തെറ്റു ചെയ്തെന്ന് വ്യക്തമായിട്ടും പാർട്ടിയുടെ മറ ഉപയോഗിച്ച് സംരക്ഷിക്കാൻ ശ്രമിക്കുന്നത് പ്രവർത്തകരെ നിരാശയിലേക്ക് തള്ളിവിടുകയാണ്. പാർട്ടിക്കുവേണ്ടി ജീവൻ നൽകിയ വ്യക്തികളെ അവഹേളിക്കുന്നതിന് തുല്യമാണ് സുരേന്ദ്രനെ സംരക്ഷിക്കാനുള്ള നീക്കമെന്നും അഭിപ്രായം ശക്തമാകുന്നുണ്ട്.

ഇതേ സമയം ശബരിമല വിഷയം തൊട്ട് വേട്ടയാടപ്പെടുന്ന വ്യക്തിയാണ് സുരേന്ദ്രൻ എന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക പക്ഷം സുരേന്ദ്രനെ വീരനായകനാക്കി ഉയർത്തിക്കൊണ്ടുവരുന്നത്. ജനനായകനെ വേട്ടയാടാൻ വിട്ടുതരില്ല എന്ന മുദ്രാവാക്യമുയർത്തി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സുരേന്ദ്രനെ പിന്തുണച്ചുകൊണ്ട് പരിപാടികളും സംഘടിപ്പിക്കാനാണ് തീരുമാനം.

ഈ പോരാട്ടത്തിൽ സുരേന്ദ്രൻ ഒരിക്കലും തോൽക്കാൻ പാടില്ലെന്നും എതിർക്കുന്നവരെ അടിച്ചമർത്താനുള്ള ഇടത് ഏകാധിപത്യത്തെ ചെറുത്തു തോൽപ്പിക്കാൻ ഇന്ന് കേരളത്തിൽ സുരേന്ദ്രന് മാത്രമെ സാധിക്കുകയുള്ളുവെന്നെല്ലാം പ്രചരിപ്പിക്കുന്നതിലൂടെ ബിജെപിയെ കേരളത്തിൽ നയിക്കാൻ സുരേന്ദ്രനല്ലാതെ മറ്റൊരാളില്ലെന്ന് വ്യക്തമാക്കുകയാണ് ഔദ്യോഗിക പക്ഷം.

ഇത്തരമൊരു നീക്കത്തിലൂടെ സ്ഥാനത്ത് തുടരാനുള്ള സുരേന്ദ്രന്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള നീക്കത്തിൽ തന്നെയാണ് എതിർവിഭാഗം. മനം മടുത്ത് പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ച് പോകുന്നത് ഉൾപ്പെടെ ഇവർ ചൂണ്ടിക്കാട്ടുന്നു.
Eng­lish sum­ma­ry; Ques­tion­ing of K suren­dran in Kodakara case
You may also like this video: