29 March 2024, Friday

മതേതര രാജ്യത്തിന്റെ ആത്മാഭിമാനത്തെയും ദേശബോധത്തെയും ചോദ്യംചെയ്യുന്നു

പ്രത്യേക ലേഖകന്‍
January 5, 2022 7:06 am

സംഘപരിവാറിന്റെ അതിരുകടന്ന പദപ്രയോഗങ്ങളും ആരോപണങ്ങളും രാജ്യമൊട്ടാകെ വിമര്‍ശനവിധേയമാണ്. കൊലവിളികളും കൊലപാതകങ്ങളും തുടരുന്നതും സമൂഹത്തെ ഭീതിദമാക്കുന്നുണ്ട്. ക്ഷമയെ മാത്രമല്ല, ചിന്തയെ പോലും തകര്‍ക്കുന്ന തരത്തിലാണ് ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വാക്കുകളും പ്രവൃത്തികളും. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത ഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ ആ ദേശവിരുദ്ധത പുലര്‍ത്തിപ്പോരുന്നു എന്നതില്‍ അതിശയോക്തി കണ്ടെന്ന് വരില്ല. പക്ഷെ നാള്‍ക്കുനാള്‍ ഇന്ത്യ പോലുള്ള മതേതര, ജനാധിപത്യ രാജ്യത്ത് തീവ്ര വര്‍ഗീയതയും അതിതീവ്ര ഹിന്ദുവാദവും വര്‍ധിക്കുന്നത് ആപത്തുതന്നെയാണ്. ഏതൊരു ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തെയും ദേശബോധത്തെയും ചോദ്യം ചെയ്തുകൊണ്ടാണ്, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും സംഘപരിവാറുകാര്‍ നിരന്തരം അധിക്ഷേപിക്കുന്നത്. സംഘപരിവാര്‍ പടലയില്‍പ്പെട്ട ഹിന്ദുത്വ സംഘടനയായ ബജ്റംഗ് സേന മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കുമുന്നില്‍ പ്രതിഷേധം പോലും നടത്തി. ഗാന്ധിഘാതകനായ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചതിനും ഗാന്ധിയെ അവഹേളിച്ചതിനും അറസ്റ്റിലായ മതനേതാവ് കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിലുടനീളം ഗാന്ധിയെ അധിക്ഷേപിക്കുകയായിരുന്നു ഇവര്‍. ഇന്‍ഡോറിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരുന്നു ബജ്റംഗ് സേനയുടെ പേക്കൂത്തുകള്‍. ‘മോഹന്‍ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു. അവനെ കൊന്ന നാഥുറാം ഗോഡ്‌സെയ്ക്ക് നമസ്കാരം’ എന്നായിരുന്നു കാളിചരണിന്റെ പ്രസംഗം. ഇയാളുടെ മോചനം ആവശ്യപ്പെട്ട് ബജ്റംഗ് സേന നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞതാകട്ടെ, ഗാന്ധിജി ചക്രം കറക്കിയതുകൊണ്ടല്ല രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. കാളീചരണ്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാവര്‍ക്കും അറിയാവുന്നത് പറഞ്ഞു. അതില്‍ എന്താണ് തെറ്റ്? ഗാന്ധി എന്താണ് രാജ്യത്തിന് വേണ്ടി ചെയ്തത് എന്നും ഇവര്‍ ചോദിച്ചു. ഒരു ചക്രം കറക്കി സ്വാതന്ത്ര്യം നേടാമായിരുന്നുവെങ്കില്‍ എല്ലാവരും അത് ചെയ്യുമായിരുന്നു എന്നാണ് ബജ്റംഗ് സേന നേതാവ് സന്ദീപ് കുശ്വാഹ പറഞ്ഞത്. കാളീചരണിനെ ന്യായീകരിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവിനെയും അവഹേളിച്ചതിനും പക്ഷെ ഇന്നുവരെ ഇയാള്‍ക്കെതിരെ നിയമനടപടി എടുത്തിട്ടില്ല. നെഹ്റുവിനെതിരെയും ഇവര്‍ നിരന്തര അധിക്ഷേപങ്ങള്‍ തുടര്‍ന്നിരുന്നു. കശ്മീര്‍ പ്രശ്‌നത്തിന്റെ ഉത്തരവാദി നെഹ്‌റുവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പറഞ്ഞത്. പാക് അധീന കശ്മീര്‍ പിടിച്ചെടുക്കാനുള്ള ഇന്ത്യന്‍ സേനയുടെ ശ്രമം തടഞ്ഞത് നെഹ്‌റുവാണെന്നും ആ ശ്രമം തടഞ്ഞില്ലായിരുന്നു എങ്കില്‍ ഫലം മറ്റൊന്നാവുമായിരുന്നു എന്നുമാണ് അമിത് ഷാ പറയുന്നത്. ഇന്ത്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നെഹ്‌റുവിന്റെ നയങ്ങളായിരുന്നു എന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവന. സ്വാതന്ത്ര്യത്തിന്റെ 75ാം പിറന്നാള്‍ വേളയില്‍ അമൃതമഹോത്സവ് എന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി പകരം സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത വി ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തിയ സംഭവവും അരങ്ങേറി. വിവാദമായപ്പോള്‍ ഐസിഎച്ച്ആറിന്റെ വിശദീകരണം വന്നതും പരിഹാസ്യമായിട്ടാണ്. ആദ്യ പോസ്റ്ററാണ് ഇതെന്നും അടുത്തതില്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്തും എന്നായിരുന്നു ഐസിഎച്ച്­ആര്‍ അധികൃതര്‍ പറഞ്ഞത്. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തന്നെയാണ് ഈ വിവാദ പോസ്റ്ററും തയാറാക്കിയത്. 1921 ലെ മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ള 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ചരിത്ര കൗണ്‍സില്‍ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും സ്വാതന്ത്ര്യസമര പോരാളികളുടെ ഓര്‍മ്മകളെയും ജനാധിപത്യത്തെയും മതേതരത്വത്തെയും ഭയക്കുന്ന സംഘപരിവാര്‍ക്കൂട്ടം ഇന്ന് പ്രതിഷേധങ്ങളെയും പേടിക്കുകയാണ്.

 


ഇതുകൂടി വായിക്കാം; മതവിദ്വേഷ പ്രഭാഷകർക്ക് കടിഞ്ഞാണിടണം


സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്ത്യകണ്ട ചരിത്രസമരമായിരുന്ന കര്‍ഷകപ്രക്ഷോഭത്തെയും നിരന്തരം വേട്ടയാടുകയും വിമര്‍ശിക്കുകയും ചെയ്തത് ഈ ഭയത്താലാണ്. സാധാരണ സംഘപരിവാറുകാരന്‍ മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും ഇക്കാര്യത്തില്‍ സമന്മാരാണുതാനും. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പുറത്തുപറഞ്ഞിരുന്നു. അഞ്ച് മിനിറ്റുമാത്രമായിരുന്നു കൂടിക്കാഴ്ച. അത്രയും സമയവും മോഡി ധിക്കാരത്തോടെയാണ് പെരുമാറിയതും സംസാരിച്ചതുമെന്നുമാണ് ബിജെപി നേതാവ് കൂടിയായ സത്യപാലിന്റെ വിശദീകരണം. അഞ്ഞൂറോളം കര്‍ഷകരാണ് സമരത്തിനിടെ മരിച്ചതെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍, അവര്‍ മരിച്ചത് തനിക്കുവേണ്ടി ആണോ എന്ന മറുചോദ്യമായിരുന്നുവത്രെ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. രാജ്യത്തെ ഓരോ പൗരനും ലജ്ജിച്ചുതലതാഴ്‌ത്തേണ്ട നിമിഷമായിരുന്നു അത്. ഒരു രാഷ്ട്രനേതാവില്‍ നിന്നുപോലും ഉണ്ടാവാന്‍ പാടില്ലാത്ത വിലകുറഞ്ഞ വാക്കുകളാണ് ജനങ്ങളെ നയിക്കുന്ന പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. അവിടെ സത്യപാല്‍ മാലിക്, നരേന്ദ്രമോഡിയോട് തിരിച്ചുപറഞ്ഞതുതന്നെയാണ് ശരി. ‘കര്‍ഷകര്‍ മരിച്ചത് താങ്കള്‍ക്കുവേണ്ടി തന്നെയാണ്, കാരണം താങ്കളാണ് രാജ്യത്തിന്റെ നേതാവ്’ എന്ന്. മേഘാലയ ഗവര്‍ണറുടെ മറുപടി രാജ്യത്തെ കര്‍ഷകരുടേതായിരുന്നു. കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ചെന്ന മട്ടിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ കാര്യങ്ങളെക്കാണുന്നത്. എന്നാല്‍ അതല്ല വസ്തുത, അനീതി തുടര്‍ന്നാല്‍ രാജ്യം വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന് സാക്ഷിയാകേണ്ടി വരുമെന്നാണ് ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റുകൂടിയായ സത്യപാല്‍ മോഡിയെയും കൂട്ടരെയും ഓര്‍മ്മപ്പെടുത്തുന്നത്. എന്നാല്‍ സത്യപാല്‍ മാലിക് പിന്നീട് ബിജെപിക്കാരന്റെ തനിഗുണം പുറത്തുകാണിക്കുകയും ചെയ്തു. താന്‍ പറഞ്ഞത് മാധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിച്ചതാണെന്നും പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞിട്ടില്ലെന്നുമാണ് ഇന്ത്യന്‍ എക്‌സ്‌പ്രസിലൂടെ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഒരുഭാഗത്ത് ബിജെപി നേതാക്കള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ നരേന്ദ്രമോഡി, ആദിത്യനാഥ് തുടങ്ങിയവര്‍ പരസ്പരം പുകഴ്‌ത്തിയും വിടുവായത്തങ്ങള്‍ പറഞ്ഞും നേരം കൊല്ലുകയാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഉത്തര്‍പ്രദേശിലെ ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് കളിതുടരുകയായിരുന്നുവെന്നും ഇ­പ്പോള്‍ ആദിത്യനാഥിന്റെ സമയത്ത് അവരെല്ലാം ജയില്‍ ഗെയിമില്‍ ആണെന്നും. പ്രധാനമന്ത്രിപദത്തിലിരിക്കുന്ന ഒരാളില്‍ നിന്നാണ് ഇത്തരം കവലപ്രസംഗം ഉണ്ടായതെന്നോര്‍ക്കണം. അതും ഒരു സ്പോര്‍ട്സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍. രാജ്യം ഒമിക്രോണിന്റെ പിടിയിലമരുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ പ്രസംഗവും അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ഒമിക്രോണ്‍ ഒരു രോഗമേ അല്ലെന്നാണ് യുപി മുഖ്യമന്ത്രിയുടെ കണ്ടുപിടിത്തം. അത് പനിപോലെ ചെറിയ തോതിലുള്ള അസുഖമാണ്. വേഗത്തില്‍ പടരുന്നു എന്നത് ശരിയാണ്. എന്നാല്‍ അതിനെ പേടിക്കേണ്ടെന്നും ആദിത്യനാഥ് പറയുന്നു. എന്നാല്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കാന്‍ ഏറെ സാധ്യതകല്പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കോവിഡ് വാക്സിനേഷനില്‍ ഇപ്പോഴും ഉത്തര്‍പ്രദേശ് പിറകിലാണെന്നതും ആരോഗ്യരംഗത്തുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ആകെ ജനസംഖ്യയുടെ 30 ശതമാനത്തിനുമാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷം ഉത്തര്‍പ്രദേശിലാകെ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്ന ആദിത്യനാഥ് സര്‍ക്കാര്‍, ആളുകളെ കൃത്യമായി ശ്മശാനങ്ങളിലേക്ക് ‘എത്തിക്കാനുള്ള’ സജ്ജീകരണങ്ങളും ചെയ്തെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ വിമര്‍ശനം ഇന്ന് യുപിയിലെ തെരഞ്ഞെടുപ്പ് വേദികളിലെ പ്രധാന ചര്‍ച്ചയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.