അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞിട്ട് ഈ കുറിപ്പെഴുതുമ്പോൾ 36 മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമായ ഒരു ഉത്തരം ഒരു കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല. ലോകത്തിലെ ഒന്നാംകിട വിമാനനിർമ്മാണ കമ്പനിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബോയിങ്ങിന്റെ അമേരിക്കയിലെ ഹെഡ് ഓഫിസിൽ നിന്നും ഒരു പത്രക്കുറിപ്പ് പോലും വന്നിട്ടില്ല. ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവമെന്നാണ് ഡൊണാൾഡ് ട്രംപ് ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്.
എഐ 171 എന്ന ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനം അത്യന്താധുനികമെന്നാണ് ബോയിങ് കമ്പനിയും ഏവിയേഷൻ ഇൻഡസ്ട്രിയിലെ കച്ചവടക്കാരും അവകാശപ്പെട്ടിരുന്നത്. കേവലം 600അടി ഉയരത്തിലെത്തിയപ്പോൾ തകർന്നുവീണ ഈ വിമാനം ബോയിങ്ങിന്റെ അവകാശവാദത്തെ പൊളിക്കുന്നതാണ്. 8,200 മണിക്കൂർ വിമാനം പറത്തി പ്രാവീണ്യമുള്ള ക്യാപ്റ്റൻ സുമീത് സബർവാളും 1,100 മണിക്കൂർ വിവിധ ഇനം വിമാനങ്ങൾ പറത്തിയ സഹപൈലറ്റ് ക്ലെെവ് കുന്ദാറുമായിരുന്നു കോക്പിറ്റിൽ. അപ്പോൾ പൈലറ്റുമാരുടെ കുഴപ്പം കൊണ്ടല്ല ഈ ദുരന്തമുണ്ടായതെന്ന് സാമാന്യവൽക്കരിക്കാം. അഹമ്മദാബാദ് വിമാനത്താവളത്തിലെ കാലാവസ്ഥയും മോശമായിരുന്നില്ല. ഇതേ വിമാനം ഡൽഹിയിൽ നിന്നും അഹമ്മദാബാദിലേക്ക് പറന്നിറങ്ങിയതും ഇതേ കാലാവസ്ഥയിലാണ്. പക്ഷിയിടിയെന്ന സ്ഥിരം പല്ലവി കേൾക്കുന്നുണ്ട്. സാധ്യത തുലോം വിരളമെന്നാണ് ഇന്ത്യയിലെ വ്യോമയാന വിദഗ്ധർ പറയുന്നത്.
ബോയിങ് 787 എന്ന ഈ വിമാനം ഭാരക്കുറവ് കൊണ്ടും അത്യാധുനിക സാങ്കേതികവിദ്യ കൊണ്ടും മികച്ചതാണെന്ന് വരുത്തിത്തീർക്കാൻ ബോയിങ് കമ്പനി ചെലവഴിച്ചത് ശതകോടി ഡോളറാണ്. ഏകദേശം 100 കോടി യാത്രക്കാർ ഈ വിമാനം ഉപയോഗിച്ച് ലോകസഞ്ചാരം നടത്തിക്കഴിഞ്ഞു എന്നാണ് ബോയിങ് അവകാശപ്പെടുന്നത്. എന്നാല്‍ ലാഭത്തിന്റെ തോത് വർധിപ്പിക്കാൻ ബോയിങ് കമ്പനി കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിരവധി തട്ടിപ്പുകൾ നടത്തി വരുന്നുവെന്നും ഡ്രീം ലൈനർ 787 ശ്രേണിയിലുള്ള വിമാനം ആകാശത്തു നിന്ന് എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്നും ആദ്യം പറഞ്ഞത് ബോയിങ്ങിന്റെ എന്‍ജിനീയറിങ് വിഭാഗത്തിൽ വളരെക്കാലമായി ജോലി ചെയ്തുവന്നിരുന്ന സാം സലേഹ്പോർ എന്ന യുവ എന്‍ജിനീയർ ആണ്.
2011ൽ വിപണിയിലെത്തിയ ഈ വിമാനത്തിന്റെ പോരായ്മകൾ അക്കമിട്ട് നിരത്തുകയും ലോകമെമ്പാടുമുള്ള വ്യോമയാന സുരക്ഷാ ഏജൻസികളെ അറിയിക്കുകയും ചെയ്തിരുന്നു. ബോയിങ് കമ്പനിയുടെ പിണിയാളുകൾ ഇദ്ദേഹത്തിന്റെ വാക്കുകളെ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, അയാളെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. അന്നൊക്കെ ഈ ഡ്രീംലൈനർ വിമാനം ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിലെ ലിഥിയം ബാറ്ററി കേടാകുന്നത് ഒരു പതിവായിരുന്നു. വിമാനത്തിനുള്ളിലെ ഇലക്ട്രിക് സംവിധാനങ്ങളും സ്ഥിരമായി പണിമുടക്കുമായിരുന്നു എന്ന് മദ്രാസ് കുറിയർ എന്ന അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.
ലാറ്റം എയർലൈൻസിന്റെ ഇതേ ശ്രേണിയിലുള്ള വിമാനം 2024 മാർച്ച് 24ന് ടാസ്മാൻ കടലിടുക്കിൽ അപകടത്തിൽപ്പെട്ടിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും ചിലിയിലെ സാന്റിയാഗോയിലേക്ക് പറക്കുകയായിരുന്ന വിമാനം 41,000 അടി ഉയരത്തിലെത്തിയ ശേഷം 300 അടി താഴ്ചയിലേക്ക് പതിക്കുകയും അമ്പതിലേറെ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനം ചിലിയിൽ രജിസ്റ്റർ ചെയ്തിരുന്നതായതിനാൽ ചിലിയൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനാണ് അപകടത്തെക്കുറിച്ച് അന്വേഷിച്ചത്. വിമാനം അടിയന്തരമായി നിലത്തിറക്കിയത് ന്യൂസിലാൻഡിലെ ഓക്‌ലാൻഡ് വിമാനത്താവളത്തിലായതിനാൽ ദി ന്യൂസിലാൻഡ് ട്രാൻസ്പോർട്ട് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ കമ്മിഷനും അന്വേഷണത്തിൽ സഹകരിച്ചു. നാളിതുവരെ ഈ അന്വേഷണ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തിയിട്ടില്ല.
2018ലും 19ലും ബോയിങ്ങിന്റെ മാക്സ് വിമാനങ്ങൾ അപകടത്തിൽ പെട്ട് മരിച്ചത് 346 പേരാണ്. 2018 ഒക്ടോബർ 29ന് ലയൺ എയറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മാക്സ് 737 വിമാനവും 2019 ഡിസംബർ 20ന് എത്യോപ്യൻ എയർലൈൻസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മാക്സ് 737 വിമാനവുമാണ് 346 പേരുടെ ജീവനെടുത്ത അപകടങ്ങളിൽപ്പെട്ടത്. അമേരിക്കയിലെ അന്വേഷണ ഏജൻസികൾ പേരിനൊരു അന്വേഷണം നടത്തുകയും ലാഭകരമല്ലാത്ത സെക്ടറുകളിൽ പറന്നിരുന്ന കുറേ മാക്സ് വിമാനങ്ങള്‍ കുറഞ്ഞകാലത്തേക്ക് ഗ്രൗണ്ട് ചെയ്യുകയും ചെയ്തു. ഫ്ലെെറ്റ് കൺട്രോൾ സംവിധാനത്തിലെ അപാകതകൾ കാരണം പൈലറ്റിന് വിമാനത്തിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തിക്കാത്തതുമാണ് ഈ രണ്ടു ദുരന്തങ്ങളുടെയും കാരണമെന്ന് സ്വതന്ത്രമായി അന്വേഷണം നടത്തിയ അമേരിക്കൻ വ്യോമയാന വിദഗ്ധർ പിന്നീട് പറയുകയുണ്ടായി.
സ്പിരിറ്റ് എയ്റോ സിസ്റ്റംസ് എന്ന അമേരിക്കൻ കമ്പനി ബോയിങ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നീതിരഹിതമായ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ ഭരണകൂടത്തോടും ലോകത്തെ പ്രധാന എയർലൈൻസുകളോടും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. വ്യോമയാന മേഖലയിൽ ഉന്നതമായ സ്ഥാനം വഹിക്കുന്ന കമ്പനിയാണ് സ്പിരിറ്റ് എയറോ സിസ്റ്റംസ്. ബോയിങ് കമ്പനി വിമാന നിർമ്മാണത്തിന്റെ ഗുണമേന്മയിൽ ഗണ്യമായ കള്ളത്തരങ്ങൾ കാണിക്കുന്നുണ്ടെന്നും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന നിലവാരത്തകർച്ച ഉണ്ടാകുന്നുണ്ടെന്നും ഇവർ പല തവണ ഉദാഹരണസഹിതം അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ അറിയിച്ചതാണ്.
ആരും അത് ഗൗരവമായി കാണാത്തതിന് കാരണം മറ്റൊന്നുമല്ല, അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്‍ പാർട്ടിക്കാർക്കും ഗണ്യമായ ഫണ്ടിങ് നടത്തുന്ന കമ്പനിയാണ് ബോയിങ്. കമ്പനിയുടെ പോക്കിൽ തൃപ്തിയില്ലാത്തതുകൊണ്ട് നിലവിലെ സിഇഒ കെല്ലി ഓർട്ട്ബെർഗ് രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
ഇന്ത്യയിലേക്ക് തിരികെ വന്നാൽ സ്ഥിതിഗതികൾ അതിലും വിശേഷമാണ്. ഡ്രീംലൈനറിന്റെ സുരക്ഷാ ഓഡിറ്റിങ് ഇതുവരെ ബന്ധപ്പെട്ട ഏജൻസികൾ പൂർത്തീകരിച്ചിട്ടില്ല. ഇതില്ലാതെയാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഈ വിമാനത്തിന് പറക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തപ്പോൾ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച ഇന്ത്യൻ വ്യോമയാന കേന്ദ്രങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടാണ് കാര്യങ്ങളുടെ പോക്ക്. വിമാനത്തിൽ സൂക്ഷിക്കേണ്ട മിനിമം ഫ്ലെെറ്റ് ചാർട്ടുകൾ പോലും എയർ ഇന്ത്യ വിമാനങ്ങളിൽ ഇല്ല. 2023ലാണ് ഗത്യന്തരമില്ലാതെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയുടെ ഫ്ലെെറ്റ് സേഫ്റ്റി തലവനെ സസ്പെൻഡ് ചെയ്തത്.
വ്യോമയാന രംഗത്ത് വലിയമാറ്റങ്ങൾ കൊണ്ടുവരാൻ ഇറങ്ങിപ്പുറപ്പെട്ട ടാറ്റയുടെ സ്ഥിതി ഇതാണെങ്കിൽ മറ്റു ചെറുകിട എയർലൈൻസുകളുടെ കാര്യം എന്തായിരിക്കും. അഹമ്മദാബാദ് ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതാകട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.