ക്വിറ്റ് ഇന്ത്യ ദിനം കേന്ദ്ര തൊഴിലാളി സംഘടനകൾ സേവ് ഇന്ത്യ ദിനമായി ആചരിച്ചു

Web Desk

ന്യൂഡൽഹി

Posted on August 09, 2020, 10:13 pm

ക്വിറ്റ് ഇന്ത്യ ദിനമായ ഇന്നലെ കേന്ദ്ര തൊഴിലാളി സംഘടനകൾ സേവ് ഇന്ത്യദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ, കൂട്ടായ്മകൾ, ധർണകൾ എന്നിവ സംഘടിപ്പിച്ചു. നിയന്ത്രണങ്ങളിൽ ഇളവുള്ള ചില പ്രദേശങ്ങളിൽ ഇരുചക്ര വാഹന റാലി, പൊതുയോഗങ്ങൾ എന്നിവയും നടന്നു. സമ്പൂ­ർണ ലോക്ഡൗൺ നിലനില്ക്കുന്ന പ്രദേശങ്ങളിൽ നേതാക്കളും പ്രവർത്തകരും അവരവരുടെ വീടുകളിൽ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി ദിനാചരണത്തിൽ പങ്കുചേർന്നു. ചില സംസ്ഥാനങ്ങളിൽ ശനിയാഴ്ചയാണ് പരിപാടികൾ നടന്നത്. ചില കേന്ദ്രങ്ങളിൽ ഇന്നും പരിപാടികൾ നടക്കും.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിവിധ വ്യവസായശാലകൾ കേന്ദ്രീകരിച്ച് പരിപാടികൾ നടന്നു. ജന്തർമന്ദറിൽ നടന്ന സത്യഗ്രഹസമരത്തിൽ എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്ത്കൗർ, തപൻ സെൻ (സിഐടിയു), അശോക്സിങ് (ഐഎൻടിയുസി), ആർ കെ ശർമ്മ (എഐയുടിയുസി), ഹർഭജൻ സിങ് സിദ്ദു (എച്ച്എംഎസ്), രാജീവ് ദിമ്റി (എഐസിസിടിയു), ജവഹർ (എൽപിഎഫ്), ശത്രുജിത് (യുടിയുസി) തുടങ്ങിയവർ സംസാരിച്ചു. വിദ്യാസാഗർ ഗിരി (എഐടിയുസി), കെ ഹേമലത (സിഐടിയു), സന്തോഷ് റായ് (എഐസിസിടിയു) തുടങ്ങിയവർ നേതൃത്വം നല്കി.

തൊഴിലാളി ‑കർഷക- ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഓഹരി വില്പനയും ഉപേക്ഷിക്കുക, തൊഴിലാളികൾക്ക് ലോക്ഡൗൺ വേതനം അനുവദിക്കുക, വേതനം വെട്ടിക്കുറയ്ക്കലും പിരിച്ചുവിടലും പാടില്ല, അവശ്യ ജനവിഭാഗങ്ങൾക്കെല്ലാം സൗജന്യറേഷൻ വിതരണം ചെയ്യുക, അസംഘടിത തൊഴിലാളികൾക്കും സ്വയം തൊഴിൽസംരംഭകർക്കും ആറുമാസത്തേക്കെങ്കിലും പ്രതിമാസം 7,500 രൂപ നല്കുക തുടങ്ങിയ ആവശ്യങ്ങളാണ് ദിനാചരണത്തിൽ ഉന്നയിച്ചത്.

സംസ്ഥാനത്ത് 23 ട്രേ­ഡ് യൂണിയനുകളുടെ സംസ്ഥാന സമിതി സമരത്തിന് നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തൊഴിലാളികൾ കുടുംബാംഗങ്ങളുമായി ചേർന്ന് സമരത്തിൽ പങ്കെടുത്തത്.

എഐടിയുസി സംസ്ഥാ­ന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ തൃശൂരിലും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം കോഴിക്കോട്ടും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ കൊല്ലത്തും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു കൊല്ലത്തും പങ്കെടുത്തു.