സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍; പത്രാധിപര്‍ നിയോഗിച്ചത് ഷാര്‍പ്പ് ഷൂട്ടറെ

Web Desk
Posted on December 09, 2017, 10:49 pm

ബംഗളൂരു: കന്നഡ പ്രസിദ്ധീകരണം ‘ഹായ് ബാംഗ്ലോര്‍’ എഡിറ്റര്‍ രവി ബെലഗാരെ മുന്‍ സഹപ്രവര്‍ത്തകനെ കൊല്ലാന്‍ മികച്ച പരിശീലനം നേടിയ ഷാര്‍പ് ഷൂട്ടറെ വെച്ചെന്ന് പൊലീസ്. ക്രൈം വാര്‍ത്തകള്‍ നാടകീയതോടെ പ്രസിദ്ധീകരിക്കുന്ന ഹായ് ബാംഗ്ലോറിന്റെ എഡിറ്ററെ വെള്ളിയാഴ്ചയാണ് കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തത്.
രവിയുടെ രണ്ടാം ഭാര്യയുമായി സഹപ്രവര്‍ത്തകനായ ഹെഗ്ഗരവള്ളി അടുപ്പം പുലര്‍ത്തിയതിന്റെ പ്രതികാരമായാണ് കൊല്ലാനുള്ള ക്വട്ടേഷന്‍ എന്നാണ് പൊലീസിന്റെ അനുമാനം. ശശിധര്‍ മുണ്ടേവാദി എന്നയാളെയാണ് കൃത്യം ചെയ്യാന്‍ രവി ഏല്‍പിച്ചത്. ഹെഗ്ഗരവള്ളിയെ കാട്ടിക്കൊടുക്കാന്‍ തന്റെ കീഴ്ജീവനക്കാരനെ രവി കൂടെ അയച്ചിരുന്നു. നിരവധി കൊലപാതക-കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ശശിധര്‍. ഒരു തോക്കും നാല് റൗണ്ട് ബുള്ളറ്റും ഒരു കത്തിയും നല്‍കിയാണ് ശശിധറെ അയച്ചത്. ആദ്യത്തെ ശ്രമത്തില്‍ കൃത്യം നിറവേറ്റാന്‍ സാധിക്കാതെ തോക്ക് തിരികെ ഏല്‍പിച്ച ശശിധര്‍ ഉടന്‍ തന്നെ കൃത്യം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു.
തോക്ക് കച്ചവടക്കാരനായ താഹിര്‍ ഹുസൈനില്‍ നിന്നാണ് അന്വേഷണത്തില്‍ വഴിത്തിരിവായ കണ്ടെത്തലിന് പൊലീസിന് സൂചന ലഭിച്ചത്. താഹിറിലൂടെ ശശിധറിലേക്കും തുടര്‍ന്ന് രവിയിലേക്കുമെത്താന്‍ പൊലീസിനായി. കൊലയാളിക്ക് കണക്കില്ലാത്ത പണം വാഗ്ദാനം ചെയ്ത രവി അഡ്വാന്‍സായി 15,000 രൂപയും നല്‍കിയിരുന്നു. രവിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 53 ബുള്ളറ്റുകളും മാന്‍ തോലും ആമത്തോടും ഒരു ഇരട്ടക്കുഴല്‍ തോക്കും അതിന്റെ 41 ബുള്ളറ്റുകളും പൊലീസ് കണ്ടെടുത്തിരുന്നു.
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധമടക്കം നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വച്ച കേസുകള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ കേസ് മറ്റ് കേസുകള്‍ക്ക് തുമ്പുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.