കാസര്‍കോട് അധോലോക സംഘത്തിന്‍റെ വിളയാട്ടം

Web Desk
Posted on February 06, 2019, 12:56 pm

കാസര്‍കോട്: ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘം കുമ്പളയിലെത്തി മൂന്ന് കാറുകള്‍ തകര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും ഇയാളുടെ സഹോദരങ്ങളുടെയും മൂന്ന് കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ത്തത്.

കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ മുന്ന, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ റിയാസിന്റെ വീടിന്റെ പുറത്ത് വന്ന സംഘം റിയാസിനോട് വീടിന് പുറത്തിറങ്ങിവരാന്‍ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിയാസ് പുറത്തിറങ്ങിയില്ല. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ ഒരു ക്വട്ടേഷന്‍ കിട്ടിയിട്ടുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് പറഞ്ഞതെന്ന് റിയാസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അക്രമ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.