താമരശേരി രൂപതയിലെ വൈദികനെതിരെ ബലാത്സംഗ കേസ്

Web Desk
Posted on December 05, 2019, 8:05 pm

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ താമരശേരി രൂപതയിലെ വൈദികനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെ ബലാത്സംഗ കേസ്. ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്ന 45കാരിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് വീട്ടമ്മ പരാതി നൽകിയത്. 2017 ജൂൺ 15ന് ചേവായൂർ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് ഇതുവരെ പരാതി നൽകാതിരുന്നത്.

സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടിൽ തിരികെവന്നത്. വീട്ടമ്മയുടെ പരാതിയിൽ ചേവായൂർ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. പള്ളി വികാരി സ്ഥാനത്ത്നിന്ന് മാറിയ ഫാ. മനോജ് ഇപ്പോൾ ഉപരിപഠനം നടത്തുകയാണ്.