മലയാളി ആര്‍ ചന്ദ്രനാഥന്‍ മേഘാലയ ഡിജിപി

Web Desk
Posted on November 09, 2018, 12:44 pm

ഷില്ലോഗ്: മലയാളിയായ ആര്‍ ചന്ദ്രനാഥന്‍ ഐപിഎസ് മേഘാലയ പൊലീസ് ഡയറക്ടര്‍ ജനറല്‍ ആയി ചാര്‍ജെടുത്തു. 1986 ബാച്ചിലെ ആസാം ‑മേഘാലയ കേഡര്‍ ഐപി എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തിരുവല്ല സ്വദേശിയായിരുന്ന രാജ്കുമാര്‍ ത്രിവേല്‍ക്കറിന്റെയും ആറന്‍മുള സ്വദേശിയായ സുമംഗലീ ദേവിയുടെയും മകനാണ്. ഡല്‍ഹി കേരള സ്‌കൂള്‍ സെന്റ് സ്റ്റീഫന്‍ കോളജ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1986 ലാണ് ഐപിഎസ് സെലക്ഷന്‍ കിട്ടിയത്. നിലവില്‍ ആസാം പൊലീസില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ (റെയില്‍വേ) ആയിരുന്നു. എട്ടുവര്‍ഷത്തോളം ഇന്റലിജന്‍സ് ബ്യൂറോയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജമ്മുകശ്മീരില്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രവര്‍ത്തനമികവിന് 1997 ല്‍ കൗടില്യ അവാര്‍ഡ് ലഭിച്ചിരുന്നു.  2002ല്‍ മെറിട്ടോറിയസ് അവാര്‍ഡും, 2012ല്‍ വിശിഷ്ഠ സേവനത്തിന് പ്രസിഡന്റിന്റെ പൊലീസ് മെഡലും നേടിയിട്ടുണ്ട്.

കൊല്ലം പലകശ്ശേരില്‍ കുടുംബാംഗം ശശി പ്രഭയുടേയും മേടയില്‍ രഘുനാഥിന്റെയും മകളായ മായയാണ് ഭാര്യ. മക്കള്‍ അങ്കിത ( വേള്‍ഡ് ബാങ്ക് പ്രോജക്റ്റ് കോഡിനേറ്റര്‍), അലീഷ ചന്ദ്രനാഥ് (വിദ്യാര്‍ഥിനി).