Monday
18 Feb 2019

ഓര്‍മ്മകള്‍ ഓടിയെത്തുമ്പോള്‍…

By: Web Desk | Friday 9 February 2018 10:07 PM IST

ആര്‍ പ്രകാശത്തിന്റെ നവതിയാഘോഷിക്കുന്ന 2017-18 വര്‍ഷത്തില്‍
മകന്‍ പിതാവിനെ കുറിച്ച് എഴുതുന്നു

അഡ്വ. പി ഗിരീഷ് കുമാര്‍

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും 1954-ല്‍ തിരു-കൊച്ചി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്മ്യൂണിസ്റ്റ് സാമാജികനും കേരളത്തിലെ ആദ്യ നിയമസഭയിലെ അംഗവും ആറ്റിങ്ങല്‍ നഗരസഭയുടെ മുന്‍ ചെയര്‍മാനുമായിരുന്നു ആര്‍ പ്രകാശം.
1953-ല്‍ ഇരുപത്തിയാറാം വയസില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനായ അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു.
തിരുവിതാംകൂറിലെ ഈഴവ സമുദായത്തിലെ ആദ്യ ഗസറ്റഡ് ഓഫീസറും സാഹിത്യകാരനും ആറ്റിങ്ങല്‍ നഗരസഭയുടെ ആദ്യ ചെയര്‍മാനും എസ്എന്‍ഡിപി യോഗത്തിന്റെ ദേവസ്വം സെക്രട്ടറിയുമായിരുന്ന പി എം രാമന്റെയും ഭാരതിയുടെയും മകനായിട്ടായിരുന്നു 1927ല്‍ ആര്‍ പ്രകാശം ജനിച്ചത്.
അദ്ദേഹം സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു. ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ പ്രകാശത്തിന് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബി എ ഓണേഴ്‌സിന് അഡ്മിഷന്‍ ലഭിച്ചു. ഡോ. ആദിശേഷയ്യരായിരുന്നു പ്രധാന അധ്യാപകന്‍. പഠനത്തില്‍ മിടുക്കനായിരുന്നതിനാല്‍ ആര്‍ പ്രകാശം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. അവിടത്തെ പഠനം കഴിഞ്ഞ് ഇംഗ്ലണ്ടില്‍ പോയി പഠിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു.
ക്രിസ്ത്യന്‍ കോളജിലെ പഠനത്തിനിടയില്‍ പ്രകാശം അവിടെ സ്റ്റുഡന്‍സ് ഫെഡറേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അപ്പോഴായിരുന്നു പുന്നപ്ര വയലാര്‍ സമരം. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി പ്രകാശവും കൂട്ടുകാരും മദ്രാസില്‍ നിന്നും പുറപ്പെട്ടു. ദിവാന്‍ സര്‍ സി പിയെ തൂക്കിലിടണമെന്ന മുദ്രാവാക്യവുമായി കൊച്ചിയില്‍ ജാഥ നടത്തി. ദിവാന്‍, പ്രകാശത്തെ തിരുവിതാംകൂറില്‍ കാലുകുത്തുന്നതുതന്നെ വിലക്കി. 1946ല്‍ ആര്‍ പ്രകാശം ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അതിനിടയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്‌നേഹിതന്റെ കത്ത് എത്തി. ‘ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അഡ്മിഷന്‍ കിട്ടും; പ്രകാശം ഇങ്ങു വരിക’ ഇതായിരുന്നു കത്തിലെ ഉള്ളടക്കം. പക്ഷേ, അദ്ദേഹം ഇംഗ്ലണ്ടില്‍ പോയില്ല. പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. രാജരാമണ്ണയായിരുന്ന ആ സ്‌നേഹിതന്‍. പ്രകാശം അപ്പോള്‍ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അറിയപ്പെടുന്ന സംഘാടകനായിരുന്നു. ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം ജയില്‍ചാടിയ എം എന്‍ ഗോവിന്ദന്‍ നായരെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊല്ലത്ത് സുരക്ഷിതമായി എത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട പ്രകാശം മര്‍ദ്ദനം മൂലം രോഗശയ്യയിലുമായി.
പാരിപ്പള്ളിയിലെ ആദ്യകാല സാമൂഹ്യനേതാവായ ശ്രീനിവാസന്‍ വൈദ്യര്‍ പ്രകാശത്തിന്റെ സുഹൃത്തായിരുന്നു. കൊല്ലത്തെ വ്യവസായ പ്രമുഖനായ എ കരുണാകരന്റെ ഭാര്യ എസ് ലളിതാഭായി പ്രകാശത്തെക്കുറിച്ച് അറിഞ്ഞു. ലളിതാഭായി മകള്‍ ലില്ലിക്കായി വരനെ തേടിയപ്പോള്‍ അവരുടെ സഹോദരന്‍ ശ്രീനിവാസന്‍ വൈദ്യരാണ് പ്രകാശത്തെ നിര്‍ദ്ദേശിച്ചത്. അങ്ങനെ പ്രകാശവും ലില്ലിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു.
1954 ഓഗസ്റ്റ് 30-നായിരുന്നു വിവാഹം നിശ്ചയിച്ചത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ 30ന് സമരം ആരംഭിക്കാന്‍ തീരുമാനിച്ചത് പ്രകാശത്തിന്റെ വിവാഹം നിശ്ചയിച്ചതിനുശേഷമായിരുന്നു. ആ സമരത്തില്‍ അദ്ദേഹത്തിന് മുന്‍നിരയില്‍ നില്‍ക്കേണ്ടതുണ്ടായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തിന്റെ വിവാഹം മുടക്കാന്‍ തീരുമാനിച്ചില്ല. വിവാഹ ദിവസമായിരുന്നു സമരം തുടങ്ങിയത്. കൊല്ലം പോളയത്തോടുള്ള വധുഗൃഹത്തില്‍ വച്ച് അരിവാള്‍ ചുറ്റിക പതിച്ച താലി ലില്ലിയുടെ കഴുത്തില്‍ ചാര്‍ത്തി വിവാഹത്തിലും വിപ്ലവം സൃഷ്ടിച്ചു.
വിവാഹത്തിനുശേഷം ആറ്റിങ്ങലിലെ വീട്ടിലെത്തിയപ്പോള്‍ സമരരംഗത്തുണ്ടായിരുന്ന നൂറുകണക്കിനാളുകള്‍ അദ്ദേഹത്തിനും ഭാര്യക്കും ആവേശകരമായ ഒരു സ്വീകരണമാണ് നല്‍കിയത്. അദ്ദേഹത്തിന്റെ അമ്മ അവരെ സ്വീകരിച്ച് വീട്ടില്‍ കൊണ്ടുപോയതിനുശേഷം പ്രകാശം യോഗസ്ഥലത്തേക്ക് പോയി.
വിവാഹദിവസം ഭാര്യാവീട്ടിലെത്തിയ എം എന്‍, എംഎല്‍എമാരുടെ നിരാഹാര സമരത്തിന് ടി വി തോമസിന്റെ നേതൃത്വത്തില്‍ പങ്കെടുക്കണമെന്ന് പ്രകാശത്തിനോടാവശ്യപ്പെട്ടു. അന്നുതന്നെ പ്രകാശം തിരുവനന്തപുരത്തേയ്ക്ക് പോയി. സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം തുടങ്ങി. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലുമായി. അടുത്ത ദിവസം എ കെ ഗോപാലനും പുന്നൂസും ജോണ്‍ മാഞ്ഞുരാനും കൂടി പ്രകാശത്തിന്റെ വധുഗൃഹത്തിലെത്തി ലില്ലിയെ ആശ്വസിപ്പിക്കുകയുണ്ടായി.
1961-ല്‍ അദ്ദേഹം സജീവമായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും 1961 മുതല്‍ 1963 വരെ ‘ജനയുഗം’ പത്രത്തിന്റെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, തിരു – കൊച്ചി നിയമസഭാംഗം, ആദ്യ കേരള നിയമസഭയിലെ അംഗം എന്നീ നിലകളിലെല്ലാം അവിസ്മരണീയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. ടി എ മജീദിനെപ്പോലെയുള്ള ഒട്ടനവധി കമ്മ്യൂണിസ്റ്റ് നേതാക്കളെ രാഷ്ട്രീയ രംഗത്തേയ്ക്ക് കൈ പിടിച്ചുയര്‍ത്തിയത് ആര്‍ പ്രകാശമായിരുന്നു.
കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. ആശാന്‍ വേള്‍ഡ് പ്രൈസ് ക്യൂബന്‍ കവി നിക്കോളസ് ഗിയന് സമ്മാനിക്കാന്‍ 1983ല്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രകാശത്തെ ഹവാനയിലേയ്ക്ക് അയക്കുകയും ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറാക്കുകയും അങ്ങനെ അദ്ദേഹത്തിന്റെ ക്യൂബന്‍ യാത്ര ഔദ്യോഗിക യാത്രയായി മാറ്റുകയുമുണ്ടായി. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍, മിനിമം വേജസ് കമ്മിറ്റി ചെയര്‍മാന്‍, സംസ്ഥാന വ്യവസായ ബോര്‍ഡ് മെമ്പര്‍, ആര്‍ബിട്രേഷന്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
”വ്യവസായബന്ധ പഠനം – ഒരു മുഖവുര”, ”കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം”, ”സോവിയറ്റ് യൂണിയനിലെ വ്യവസായ ബന്ധങ്ങള്‍”, ”സി കേശവന്റെ ജീവചരിത്രം”, ”കാലത്തിനൊത്ത പൊലീസ്” തുടങ്ങിയവയാണ് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍. സി കേശവന്റെ ജീവചരിത്രം എന്ന ഗ്രന്ഥത്തിന് പുരസ്‌കാരവും ലഭിച്ചു. എണ്‍പത്തിയഞ്ചാം വയസില്‍ വിടപറഞ്ഞ ആര്‍ പ്രകാശം പ്രവര്‍ത്തിച്ച മണ്ഡലങ്ങളിലെല്ലാം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.
ലേഖകനടക്കം, സിന്ധു പ്രകാശം, ജമീല പ്രകാശം, സോജ പ്രകാശം, പരേതനായ പി ശിവകുമാര്‍ എന്നിവരാണ് മക്കള്‍.

Related News