ആര്‍ സുഗതൻ, നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ രാഷ്‌ട്രീയ ചരിത്രം

Web Desk
Posted on February 14, 2020, 8:15 am

ആര്‍ സുഗതന്റെ ചരമദിനമാണ്‌ ഇന്ന്‌. നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ രാഷ്‌ട്രീയ ചരിത്രമാണ്‌ അദ്ദേഹത്തിന്റെ ജീവിതകഥ. ജനമനസുകളില്‍ ഉത്തേജനമേകുന്നു മഹത്‌വ്യക്തിത്വത്തെയാണു സുഗതന്‍ സാറിലൂടെ നമുക്ക്‌ കാണുവാന്‍ കഴിയുk. ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌, മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ എന്നീ ഗുണവിശേഷങ്ങള്‍ സുഗതന്‍ സാറിനുണ്ടായിരുന്നു.
തന്റെ ചുറ്റുപാടുമുള്ള തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്തെ ചിന്താകുലനാക്കി. ആ കദനകഥകളുടെ സ്വാധീനമാണു സുഗതന്‍ സാറിനെ തൊഴിലാളി പ്രവര്‍ത്തകനാക്കി മാറ്റിയത്‌. അദ്ദേഹം ആദ്യത്തെ തൊഴിലാളിവര്‍ഗ്ഗ സംഘടനയായ തിരുവിതാംകൂര്‍ കയര്‍ഫാക്‌ടറി വര്‍ക്കേഴ്‌സ്‌ യൂണിയന്റെ സാരഥിയായി. തുടര്‍ന്ന്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര- വയലാര്‍ അടക്കമുളള വലുതും ചെറുതുമായ ഒട്ടേറെ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. അങ്ങനെ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്‌ നേതാവായി അദ്ദേഹം ജ്വലിച്ചുയര്‍ന്നു.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും തൊഴിലാളിവര്‍ഗത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമായി 1957 ല്‍ ഒരിക്കല്‍ മാത്രം അദ്ദേഹം നിയമസഭാസാമാജികനായി. പിന്നീട്‌ ഒരിക്കലും കൂടുതല്‍ സ്ഥാനമാനങ്ങള്‍ ഏറ്റടുക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആര്‍ സുഗതനെ പോലെയുളളവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളും ത്യാഗസന്നദ്ധതയും എല്ലാ കാലത്തേയ്ക്കുമുള്ള ഗുണപാഠമാക്കേണ്ടതാണ്‌.