പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Web Desk

രാജാക്കാട്

Posted on January 11, 2020, 3:41 pm

പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിയ്ക്കൽ ഷഹിൽ ഷാജൻ (20) നെ ആണ് പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല പൊലീസിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

യുവാവ് ശാന്തൻപാറ ഗവ. കോളേജിൽ രണ്ടാം വർഷ ബി. എ വിദ്യാർത്ഥിയും, ശാന്തൻപാറ സ്വദേശിനിയായ പെൺകുട്ടി ആലുവയിലെ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമാണ്. രാജാക്കാട് പ്രദേശത്തെ സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥികളായിരുന്ന ഇരുവരും പഠനകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. കോളേജ് വിദ്യാഭ്യാസം വ്യത്യസ്ത സ്ഥാപനങ്ങളിലായെങ്കിലും മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നു.

ഇതിനിടെ പെൺകുട്ടി തന്റെ നഗ്നചിത്രങ്ങൾ പകർത്തി യുവാവിന് വാട്സാപ്പിലൂടെ നൽകി. എന്നാൽ ഈ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയ ഇയാൾ പെൺകുട്ടി നാട്ടിൽ എത്തിയപ്പോൾ മൂന്ന് തവണ മുക്കുടിലിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് കോളേജ് ഹോസ്റ്റലിലെ മറ്റ് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുത്ത് അയച്ചുകൊടുക്കുവാൻ ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം പെൺകുട്ടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയിൽ നിന്നും ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികൾ ഇത് കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇവർ ശാന്തൻപാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. രേഖകൾ പ്രകാരം പെൺകുട്ടിയ്ക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാൽ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.