രചനയുടെ പരകായപ്രവേശം

Web Desk
Posted on April 01, 2018, 1:04 am

ഹരി കുറിശേരി

വിവര്‍ത്തന സാഹിത്യത്തോട് മലയാളിയുടെ മമതക്ക് കാരണം തേടാന്‍ പഴയ കപ്പലോട്ടക്കാലം വരേയും സഞ്ചരിക്കേണ്ടി വരും. എന്നാലും കൈമോശം വന്ന സോവിയറ്റ് യൂണിയനിലെ റാദുഗയും പ്രോഗ്രസും കേരളത്തിലെത്തിച്ച റഷ്യന്‍ സംസ്‌കാരം നാം മറക്കാറായിട്ടില്ല, ആ നന്ദി നമ്മള്‍ സങ്കീര്‍ത്തനം നെഞ്ചേറ്റി പെരുമ്പടവത്തോടു കാണിക്കുന്നു.
ബങ്കിംചന്ദ്ര ചാറ്റര്‍ജിയും ആശാ പൂര്‍ണ്ണാദേവിയും ബിമല്‍ മിത്രയുമൊക്കെ നമുക്ക് അയല്‍ക്കാരായതിനാലാണ് നാം മീരയുടെ ആരാച്ചാരേ പുല്ലുപോലെ തോളിലേറ്റിയതെന്നതും സത്യം. അന്യഭാഷാ സാഹിത്യത്തെ മലയാളി ആര്‍ത്തിയോടെ സ്വീകരിച്ചിട്ടേയുള്ളു എന്നും. എന്നാല്‍ വിവര്‍ത്തനമെന്ന പരകായപ്രവേശത്തോട് നമ്മുടെ സാഹിത്യത്തിന്റെ അടുപ്പം വല്ലാതെ കുറഞ്ഞിട്ടുണ്ടോ? നാനാത്വം ഏകത്വമാക്കുന്നതില്‍ സാഹിത്യത്തിന്റെ പങ്ക് എന്താണ്. അത് ഭാഷാ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യട്ടെ.

വിവര്‍ത്തനത്തിന്റെ കാര്യത്തില്‍ തനി രാവണന്‍ ആണ് ഡോ: സന്തോഷ് അലക്‌സ്. ഇംഗ്ലീഷ് കൂടാതെ 11 ഭാരതീയ ഭാഷകളില്‍ നിന്നുള്ള കൃതികള്‍ പരസ്പരം പരിചയപ്പെടുത്തുന്ന സന്തോഷിന് തല പത്തല്ല പന്ത്രണ്ടാണ്. വിവര്‍ത്തനത്തില്‍ കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന സന്തോഷിന്റെ വിവര്‍ത്തന വഴികള്‍ ഭാഷാ സ്‌നേഹികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഹിന്ദി, ഇംഗ്ലീഷ്, കൊങ്കിണി, മറാത്തി, മൈഥിലി, ഒഡിയ, കശ്മീരി, ബംഗാളി, കന്നട, തമിഴ്, തെലുങ്കുഭാഷകളെ മലയാളവുമായും തിരിച്ചും നിരന്തരം പരിചയപ്പെടുത്തുകയാണ് കൊച്ചിയില്‍ താമസിക്കുന്ന ഈ കുമ്പനാട്ടുകാരന്‍.
കൊച്ചി വെല്ലിംങ്ടണ്‍ ഐലന്റ്’ സെന്‍ട്രല്‍ ഇന്‍സ്റ്റിററ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ അസി ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ (ഹിന്ദി) ആയ സന്തോഷിന്റെ ജോലിയും വിവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകളുടെ ഭാഷാന്തരീകരണമെന്ന വരണ്ട ജോലിയില്‍ നിന്നും സാഹിത്യ ലോകത്തിന്റെ മലര്‍വാടിയിലേക്ക് പറന്നിറങ്ങുകയായിരുന്നു ഇദ്ദേഹം.
1993 ല്‍ എം എ ഹിന്ദിക്ക് പഠിക്കുമ്പോള്‍ ആണ് വിവര്‍ത്തനത്തിലേക്ക് തിരിയുന്നത് ‘എന്‍.എസ് മാധവന്റെ ‘തിരുത്ത്’ എന്ന കഥ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി. എന്നാല്‍ മാധവിക്കുട്ടിയോടുള്ള ആരാധനയാണ് മൊഴിമാറ്റം ഒരു കലയാക്കി വളര്‍ത്താന്‍ പ്രേരകമായത്.
1996 ല്‍ മാധവിക്കുട്ടിയുടെ കോലാട് എന്ന ചെറുകഥയുടെ ഹിന്ദിയിലുള്ള വിവര്‍ത്തനവുമായി ഒരു ആരാധകന്‍ അവരുടെ രവിപുരത്തെ വസതിയില്‍ എത്തുന്നു. കഥ വായിച്ച് കുറേ നേരം നോക്കിയിരുന്നു ചില പ്രയോഗങ്ങള്‍ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. വിവര്‍ത്തനം തനിക്ക് നന്നേ ബോധിച്ചുവെന്ന് മലയാളത്തിന്റെ ജീനിയസ് എഴുത്തുകാരി നല്‍കിയ അഭിപ്രായമാണ് ആദ്യത്തേയും എക്കാലത്തേയും മികച്ച അവാര്‍ഡ്.

San­thosh Alex

ആ ഇഷ്ടം മാധവിക്കുട്ടി കമലാ സുരയ്യ ആകുമ്പോഴും തുടര്‍ന്നു. മാധവിക്കുട്ടിയുടെ മുഴുവന്‍ കൃതികളും മൊഴി മാറ്റാനുള്ള സമ്മതപത്രവും രേഖാ മൂലം സന്തോഷിന് നല്‍കി. പക്ഷിയുടെ മണം എന്ന കഥ ചിടിയാ കീ മെഹക്’ എന്ന പേരില്‍ 96 ല്‍ കല്‍ക്കട്ടയില്‍ നിന്നിറങ്ങുന്ന വാഗര്‍ത്ഥ് മാസികയില്‍ അച്ചടിച്ചു.’ കമലാദാസിന്റെ 15 ഇംഗ്ലീഷ് കവിതകള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത് ഡെല്‍ഹിയില്‍ നിന്നിറങ്ങുന്ന സതി നാരാ എന്ന മാസികയില്‍ വന്നിട്ടുണ്ട്. സച്ചിദാനന്ദന്റെ തിരഞ്ഞെടുത്ത കവിതകള്‍ തുടക്കങ്ങള്‍ ‘ശുരുവാതേം’ ആയി 2004ല്‍ ഡല്‍ഹി അലോക് പര്‍വ്വപ്രകാശന്‍ പുസ്തകമായി ഇറക്കി. സാവിത്രി രാജിവന്റെ ദേഹാന്തരം ‘ദേഹാന്തര്‍’ ആയി ഇറങ്ങി. 2005 ല്‍ മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം അടക്കം 15 തിരഞ്ഞെടുത്ത കഥകള്‍.
മലയാളത്തിലെ 17 പ്രമുഖ കഥാകൃത്തുക്കളുടെ കഥകള്‍ 2009 ല്‍ ഹിന്ദിയിലേക്ക്. എം ടി, ടി.പത്മനാഭന്‍ ‚സാറാ ജോസഫ് ‚ചന്ദ്രമതി, ഗ്രേസി, സക്കറിയ ‚സേതുമാധവന്‍, സി വി ശ്രീരാമന്‍, അംബികാസുതന്‍ മാങ്ങാട് ‚പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍ എസ് മാധവന്‍, ഇ ഹരികുമാര്‍ ‚സുഭാഷ് ചന്ദ്രന്‍ ‚സന്തോഷ് എച്ചിക്കാനം എന്നിവരുടെ കഥകള്‍ ഡല്‍ഹി സാഹിത്യ ശിലാ പ്രകാശന്‍ ആണ് പുറത്തിറക്കിയത്.
ഇതിനിടെ ബഷീറിന്റെ ‘ആന വാരിയും പൊന്‍കുരിശും’, ‘മതിലുകള്‍’ എന്നിവ കേന്ദ്രസാഹിത്യ അക്കാഡമിക്കു വേണ്ടി മൊഴിമാറ്റം നടത്തി. കവി സെബാസ്റ്റ്യന്റെ തിരഞ്ഞെടുത്ത കവിതകള്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അലിഗഡിലെ തടവുകാരന്‍, 2011 ല്‍ കവി എ അയ്യപ്പന്റെ തിരഞ്ഞെടുത്ത കവിതകള്‍ ഖാമോഷ് മുഹൂര്‍ത്ത് മേം പുറത്തിറങ്ങി.സേതുമാധവന്റെ അടയാളങ്ങള്‍ എന്ന നോവല്‍ കേന്ദ്രസാഹിത്യ അക്കാഡമിക്കു വേണ്ടി സങ്കേത് എന്ന പേരില്‍ 2017ല്‍ പുറത്തിറങ്ങി.
തെലുങ്കില്‍ നിന്നും ഹിന്ദിയിലേക്ക് തെലുങ്ക് കഥാകൃത്ത് എല്‍ ആര്‍ സ്വാമിയുടെ 12 കഥകളുടെ വിവര്‍ത്തനം 2005ല്‍ ബാരിഷ് ധം ഗയീ എന്ന പേരില്‍ ഇറങ്ങി. കവികളായ കെ ശിവാ റെഡി ജോഷ്വ ‚ശിഖാമണി, യാക്കൂബ് എന്നിവരുടെ കവിതകളും ഹിന്ദിയിലേക്ക്. ജയന്ത് മഹാ പാത്രയുടെ തെരഞ്ഞെടുത്ത ഇംഗ്ലീഷ് കവിതകള്‍ 2009 ല്‍ ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു.
ഏകാന്ത് ശ്രീവാസ്തവ യുടെ ഷെല്‍ട്ടര്‍ ഫ്രം ദി റെയിന്‍ 2007 ല്‍ കല്‍ക്കട്ടയിലെ പൊയറ്റ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ 11കവയത്രികളുടെ കവിതകള്‍ 2014ല്‍ വുമന്‍ പൊയറ്റ്‌സ് ഓഫ് കേരള ന്യൂ വോയ്‌സസ് എന്ന പേരില്‍ ഓതേഴ്‌സ് പ്രസ് പ്രസിദ്ധീകരിച്ചിരുന്നു.
ജ്ഞാനപീഠം നേടിയ കേദാര്‍നാഥ് സിംഗിന്റെ കവിതകള്‍ (പ്രിന്റ് ഹൗസ് തൃശൂര്‍2016), സമകാലിക യു വ ഹിന്ദി കവിതകള്‍ (പായല്‍ ബുക്‌സ് കണ്ണൂര്‍ 2016) എന്നിവ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് അടുത്ത കാലത്ത് മൊഴിമാറ്റിയവയാണ്. സാഹിത്യ അക്കാഡമി അവാര്‍ഡു നേടിയ കെ ടി ബാബുരാജിന്റെ മഴ നനഞ്ഞ ശലഭങ്ങള്‍ എന്ന ബാലനോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പൂര്‍ത്തിയായി.
തമിഴില്‍ നിന്നും എഴുത്തുകാരി സല്‍മയുടെയും കുട്ടി രേവതിയുടെയും കവിതകള്‍ ഹിന്ദി ഭാഷക്കു പരിചയപ്പെടുത്തിയത് സന്തോഷാണ്.സാഹിത്യ അക്കാഡമി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡു നേടിയ ബംഗാളിയിലെ മന്ദാക്രാന്താ സെന്നിന്റെ തെരഞ്ഞെടുത്ത കവിതകള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.

2004ല്‍ ദേഹാന്തറിന് പണ്ഡിറ്റ് നാരായണ്‍ ദേവ് പുരസ്‌കാരം 2008ല്‍ ലഭിച്ച ദ്വിവാഗീഷ് പുരസ്‌കാരത്തിന് ഒരു പ്രത്യേകതയുണ്ട്, ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിവര്‍ത്തകനാണ് സന്തോഷ് അലക്‌സ്.2013 ല്‍ ഏഷ്യന്‍ അഡ്മിറബിള്‍ അച്ചീവര്‍ അവാര്‍ഡ്. 2014ല്‍ മദ്രാസ് മലയാളി സമാജത്തിന്റെ തലശേരി രാഘവന്‍ മാസ്റ്റര്‍ കവിതാ പുരസ്‌കാരം.2015 ബിഹാറില്‍ ത്രിജന്‍ ലോക് യുവകവി സമ്മാന്‍, 2017ല്‍ ബാംഗ്ലൂര്‍ ഹിന്ദി സാഹിത്യ രത്‌ന പുരസ്‌കാരം എന്നിവ ശ്രദ്ധേയം. വിവര്‍ത്തനാനുഭവങ്ങള്‍ മുന്‍നിര്‍ത്തി ‘അനുവാദ് പ്രക്രിയ ഏവം വ്യവഹാരിത ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഇത് കാലടി ‚പോണ്ടിച്ചേരി സര്‍വ്വകലാശാലകളുടെ അംഗീകൃത റഫറന്‍സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മൊഴി മാറ്റുമ്പോള്‍ ഉയര്‍ന്നു വരാവുന്ന ഒരു പ്രശ്‌നം സന്തോഷ് ചൂണ്ടിക്കാട്ടി. കേന്ദ്ര സാഹിത്യ അക്കാഡമിയില്‍ ചുമതലയില്‍ ഇരുന്ന എഡിറ്റര്‍ ചോദിച്ചു. സന്തോഷ് ജി ഈ ആനയെ എങ്ങനെ വാരി എടുക്കും. ബഷീറിനെ അവര്‍ക്കു വേണ്ടി മൊഴി മാറ്റിയതായിരുന്നു സന്തോഷ്. എഴുത്തുകാരന്റെ സ്വന്തം ഭാഷയെപ്പറ്റി ഒരു മുഖവുരയില്‍ കൂടിയാണിത്തരം കടമ്പകള്‍ കടക്കുന്നതെന്ന് സന്തോഷിന്റെ വെളിപ്പെടുത്തല്‍. പല ഭാഷാ പ്രയോഗങ്ങള്‍ക്കും തത്തുല്യമായ വയ്ക്കായി അതാത് ഭാഷയിലെ പരന്ന വായന അനിവാര്യമാണ്.പല നാട്ടുഭാഷാ പ്രയോഗങ്ങളും മനസിലാക്കിയിരിക്കണം‘ഇത്തരം കണ്ടറിയലുകള്‍ക്കായി ഒരു പാട് യാത്രകള്‍ നടത്തിയിട്ടുള്ള ആളാണ് സന്തോഷ്. ട്രാന്‍സിലേഷന്‍ ട്രാന്‍സ്‌ക്രിയേഷന്‍ ആകരുത്. ആത്മാവിനെ കൊന്നിട്ട് ഭാഷാന്തരം നടത്തിയാല്‍ ആസ്വാദ്യമാവില്ല. ഭാഷാ വിദ്യാര്‍ത്ഥികളോടുള്ള സന്തോഷിന്റെ ഉപദേശമിതാണ്.
പുസ്തകങ്ങള്‍ അല്ലാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ മാഗസിനുകളില്‍ നിരന്തരം നമ്മുടെ പല എഴുത്തുകാരെയും സന്തോഷ് പരിചയപ്പെടുത്തുന്നുണ്ട്. ഭാര്യ ജയ് മക്കളായ ജെയ്‌സണ്‍ ജെസിക എന്നിവരോടൊപ്പം കൊച്ചി വെല്ലിംങ്ടണ്‍ ഐലന്റിലാണ് സന്തോഷിന്റെ താമസം.