Sunday
17 Nov 2019

റഡാര്‍ പരാമര്‍ശത്തില്‍ വെട്ടിലായി മോഡി; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും

By: Web Desk | Sunday 12 May 2019 7:42 PM IST


ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും പരിഹാസവും. മോശം കാലാവസ്ഥ പാക്കിസ്ഥാന്‍ റഡാറുകളുടെ കണ്ണില്‍ നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങളെ രക്ഷിക്കുമെന്നു കണക്കൂകൂട്ടി വ്യോമാക്രമണവുമായി മുന്നോട്ടു പോകാന്‍ താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് ന്യൂസ് നേഷന്‍ എന്ന ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ശാസ്ത്രം അറിയുന്ന വിദഗ്ധനല്ല താനെന്നു തുറന്നു സമ്മതിച്ചു കൊണ്ടാണ് മേഘങ്ങള്‍ ഗുണം ചെയ്യുമെന്ന് മോഡി പറഞ്ഞത്.

മോഡിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷവും ട്വിറ്റര്‍ യൂസര്‍മാരും കടുത്ത പരിഹാസവും വിമര്‍ശനവുമായാണ് രംഗത്തു വന്നത്. എങ്ങനെ റഡാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മോഡിക്ക് ആരും പറഞ്ഞു കൊടുത്തിട്ടില്ലെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഇതൊരു ഗൗരവമേറിയ ദേശസുരക്ഷാ പ്രശ്‌നമാണ്, ചിരിച്ചു തള്ളാനുള്ളതല്ല സല്‍മാന്‍ സോസ് എന്ന ട്വിറ്റര്‍ യൂസര്‍ കുറിച്ചു. റഡാര്‍ എന്നാല്‍ ബൈനോക്കുലറല്ല എന്ന് മോഡിക്കാരെങ്കിലും പറഞ്ഞുകൊടുക്കൂ എന്ന തരത്തില്‍ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു.


പാക്കിസ്ഥാനി റഡാര്‍ മേഘങ്ങളെ തുളച്ചു കയറില്ലെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയുടെ പരിഹാസ ട്വീറ്റ്. ഭാവിയില്‍ വ്യോമാക്രമണം ആസൂത്രണം ചെയ്യുമ്പോള്‍ ഉപകാരപ്പെടന്ന തന്ത്രപ്രധാന വിവരമാണിതെന്നും ഉമര്‍ മോഡിയുടെ പ്രസ്താവനയെ പരിഹസിച്ചു. മോഡിയുടെ പ്രസ്താവന ശരിക്കും നാണക്കേടാണെന്നും ദേശീയ സുരക്ഷ നിസാരവല്‍ക്കരുതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ബാലകോട്ട് ആക്രമണം മാറ്റിവെക്കാമെന്നുള്ള വ്യോമസേനയിലെ ഉന്നതരുടെ അഭിപ്രായങ്ങള്‍ മറികടന്ന് മേഘാവൃതമായ ദിവസം തന്നെ ഓപ്പറേഷന്‍ നടത്തിയ നടപടിയിലൂടെ വ്യക്തമാകുന്നത് തീരുമാനങ്ങളെടുക്കാനുള്ള മോഡിയുടെ അറിവില്ലായ്മയും അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രമന്ത്രിമാരുടെ കഴിവുകേടുമാണെന്ന് എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ക്രിഷന്‍ പ്രതാപ് സിങ് പ്രതികരിച്ചു.

ആധുനിക റഡാറുകള്‍ക്ക് കാലാവസ്ഥ തടസ്സമല്ലെന്നും മോശം കാലാവസ്ഥയില്‍ ലക്ഷ്യം നേടിയെടുക്കുക എന്നത് പ്രയാസമാണെന്നും മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായ ഖാലിദ് എഹ്‌സാനും വിഷയത്തില്‍ പ്രതികരിച്ചു. ജിപിഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ പ്രയോഗിക്കുന്നത് നല്ല കാലാവസ്ഥയിലല്ലെങ്കില്‍ വിചാരിക്കുന്ന ഫലം തരില്ലെന്നും അത്തരം ഒരു ആക്രമണം നടത്തിയിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേനയിലെ വിദഗ്ധരുടെ നിര്‍ദ്ദേശം മറികടന്നുവെന്നാണ് മോഡി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോഡിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ കാബിനറ്റിലോ ഭരണതലത്തിലോ ആളുകളുണ്ടായില്ലെന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടി.

radar-troll
പരിഹാസവും വിവാദവും കത്തിപ്പടര്‍ന്നതോടെ മേഘങ്ങള്‍ റഡാറുകളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുമെന്ന മോഡിയുടെ പ്രസ്താവന ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

YOU MAY LIKE THIS VIDEO

Related News