ആരാധകര്‍ ആകാംക്ഷയില്‍; രാധേശ്യാം ചിത്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം പ്രഭാസിന്റെ ജന്മദിനത്തില്‍

Web Desk
Posted on October 17, 2020, 12:38 pm

തെന്നിന്ത്യൻ താരം പ്രഭാസ് — പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന പുതിയ ചിത്രം രാധേശ്യാമിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സിനിമാപ്രേമികളെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. രാധേശ്യാമിന്റെ നിർണായക വിവരങ്ങൾ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബർ 23 ന് പുറത്തുവിടും. ബീറ്റ്സ് ഓഫ് രാധേശ്യാം എന്ന പേരിലാണ് ആരാധകർ കാത്തിരിക്കുന്ന നിർണായക വിവരം നിർമ്മാതാക്കൾ പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച പോസ്റ്റർ പ്രഭാസ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

പ്രണയ കഥയെ ആസ്പദമാക്കി രാധാകൃഷ്ണകുമാർ ഒരുക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്ഡെ അവതരിപ്പിക്കുന്നത്. ഹെഗ്ഡെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവരുടെ ജന്മദിനത്തിൽ രാധേശ്യാമിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

കോവിഡ് മഹാമാരി മൂലം താത്കാലികമായി നിർത്തിവെച്ച ചിത്രീകരണം ഈ മാസം ആദ്യം പുനരാരംഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. ജോർജ്ജിയയിലാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസ്, യുവി ക്രിയേഷന്റെ ബാനറിൽ വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- രവീന്ദ്ര, ഡി. ഓ. പി- മനോജ് പരമഹംസ. 2021 ൽ ചിത്രം പ്രദർശനത്തിനെത്തും.

Eng­lish sum­ma­ry; rad­hesyam movie updates in prab­has birth­day

You may also like this video;