രാധിക ആപ്തെയ്ക്ക് എമ്മി നാമനിർദ്ദേശം, സേക്രഡ് ഗെയിംസ് അടക്കം മൂന്ന് പരമ്പരകളും പട്ടികയിൽ

Web Desk
Posted on September 20, 2019, 12:15 pm

മുംബൈ: ടെലിവിഷന്‍ രംഗത്തെ ഏറ്റവും സുപ്രധാന പുരസ്കാരമായ എമ്മി അവാര്‍ഡ്സ്-2019ലേക്ക് ബോളിവുഡ് താരം രാധിക ആപ്തെയ്ക്ക് നോമിനേഷന്‍.

ലസ്റ്റ് സ്റ്റോറീസ് എന്ന സീരിസിലെ അഭിനയ മികവാണ് നോമിനേഷന് രാധികയെ അര്‍ഹയാക്കിയിരിക്കുന്നത്. കൂടാതെ സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ്, ദി റീമിക്സ് എന്നീ മൂന്ന് ഇന്ത്യന്‍ വെബ് സിരീസുകള്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ലസ്റ്റ് സ്റ്റോറീസില്‍ രാധികയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ദ ക്രൈ എന്ന സീരിസിലെ അഭിനയത്തിന് ജെന്ന കോൾമാൻ, സോബ് പ്രെസാവോ രണ്ടിലെ അഭിനയത്തിന് മാർജോരി എസ്റ്റിയാനോ, ഹംഗറിയിലെ ഒരോക് ടെൽ എന്ന സീരീസിൽ നിന്നും മാരിന ജെര എന്നിവരാണ് മികച്ച നടിക്കുള്ള നാമനിർദ്ദേശം നേടിയിരിക്കുന്ന മറ്റുള്ളവർ.

നവാസുദ്ദീന്‍ സിദ്ധിഖി, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സേക്രഡ് ഗെയിംസ് ഡ്രാമ സിരീസ് വിഭാഗത്തിലായിരിക്കും മത്സരിക്കുക. ധീരജ്, അനുരാഗ് കശ്യപ്, വിക്രമാദിത്യ എന്നിവര്‍ ചേര്‍ന്നാണ് സേക്രഡ് ഗെയിംസ് സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് സീരീസുകളില്‍ സമീപകാലത്ത് ഏറ്റവും നിരൂപണ പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയാണ് സേക്രഡ് ഗെയിംസ്. ബ്രസീലിലെ കോൻട്ര ടോഡോസ്, ജർമ്മനിയിലെ ബാഡ് ബാങ്ക്സ്, ബ്രിട്ടനിലെ മക്മാഫിയ എന്നിവയാണ് നാമനിർദ്ദേശം നേടിയ മറ്റ് പരമ്പരകൾ.

ടെലിവിഷന്‍ മിനി-സീരീസ് വിഭാഗത്തിലും മികച്ച നടിക്കുള്ള അവാര്‍ഡിനുമാണ് ലസ്റ്റ് സ്റ്റോറീസ് മത്സരിക്കുക. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, സോയാ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവര്‍ ചേര്‍ന്നാണ് ലസ്റ്റ് സ്റ്റോറീസ് സംവിധാനം ചെയ്തിരിക്കുന്നത്. നോണ്‍-സ്ക്രിപ്റ്റഡ് എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിലാണ് ദി റീമിക്സ് മത്സരിക്കുന്നത്. ആമസോൺ പ്രൈം ആണ് സംപ്രേഷണം ചെയ്തിരുന്നത്.

ജർമ്മനി, ബെൽജിയം, ഓസ്ട്രേലിയ, അർജന്റീന, ഹംഗറി എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം ഒന്നിലധികം നാമനിർദ്ദേശങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നവംബർ 25 നാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.