റഫാല്‍: ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും

Web Desk
Posted on October 09, 2018, 9:00 am

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രിംകോടതി ഈ മാസം പത്തിന് പരിഗണിക്കും.

36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സുപ്രിം കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുന്നതാണ് ഹര്‍ജികളില്‍ ഒന്ന്. റഫാല്‍ ഇടപാട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് നേരത്തെതന്നെ ഒക്ടോബര്‍ പത്തിന് ലിസ്റ്റുചെയ്തിരുന്നു. രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് റഫാല്‍ കരാര്‍ സ്റ്റേചെയ്യണമെന്ന ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഇടപാടിന് പാര്‍ലമെന്റിന്റെ അംഗീകാരമില്ലെന്നും അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ എസ് പൂനവാലയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. റഫാല്‍ യുദ്ധവിമാനങ്ങളുടെ വില പാര്‍ലമെന്റില്‍ വെളിപ്പെടുത്തണമെന്ന ആവശ്യവും കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജി പത്തിന് പരിഗണിക്കാനിടയില്ല.