റഫാല്‍: റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച രേഖ പുറത്ത്

Web Desk
Posted on October 16, 2018, 11:07 pm

പാരീസ്: റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പുറത്ത്. ദസ്സോ ഏവിയേഷന്‍ ഫ്രഞ്ച് വ്യാപാര കൂട്ടായ്മയില്‍ അവതരിപ്പിച്ച രേഖയാണ് പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടത്. ദസ്സോ ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം.
ദസ്സോ ഏവിയേഷന്‍ ഫ്രഞ്ച് തൊഴിലാളി സംഘടനാ കൂട്ടായ്മയായ സിഎഫ്ഡിടിയില്‍ കരാര്‍ സംബന്ധിച്ച് അവതരിപ്പിച്ച രേഖയാണ് പോര്‍ട്ടല്‍ ഏവിയേഷന്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ ഫ്രാന്‍സുമായുള്ള റഫാല്‍ കരാറില്‍ ദസ്സോ ഏവിയേഷന്‍ റിലന്‍സുമായി സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയതായി രേഖയില്‍ ഉണ്ടെന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ദസ്സോ ഏവിയേഷന്‍ സിഇഒ ആയ ലോയിക് സെഗ്ലാനാണ് ഇത് സംബന്ധിച്ച അവതരണം നടത്തിയിരുന്നത്. റഫാല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. എങ്കിലും ഇത് സംബന്ധിച്ച രേഖ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ രേഖയും പോര്‍ട്ടല്‍ ഏവിയേഷന്‍ പുറത്ത് വിട്ടിട്ടുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് തള്ളി ദസ്സോ ഏവിയേഷന്‍ രംഗത്ത് വന്നു. റിലയന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് കമ്പനിയുടെ വാദം. സിജിടി, സിഎഫ്ഡിടി തൊഴിലാളി സംഘടനാ കൂട്ടായ്മകളിലെ ദസ്സോ ഏവിയേഷന്റെ രേഖകള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ശക്തിയേറും. വിവാദം കത്തി നില്‍ക്കെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
കരാറില്‍ റിലയന്‍സ് പങ്കാളിയായത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദും വെളിപ്പെടുത്തിയിരുന്നു. 59,000 കോടി രൂപയുടെ കരാര്‍ ലഭിക്കുന്നതിന് പങ്കാളിയായി റിലയന്‍സിനെ അംഗീകരിക്കണമെന്നായിരുന്നു വ്യവസ്ഥയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ രേഖകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനമായ എച്ച്എഎല്ലിനെ പങ്കാളിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. 2015ല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ് നിലവില്‍ വന്ന അനില്‍ അംബാനിയുടെ കമ്പനിക്ക് പ്രതിരോധ ഉത്പാദനരംഗത്ത് പ്രവൃത്തിപരിചയമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
2016ലാണ് ഫ്രഞ്ച് കമ്പനിയില്‍നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപക്ക് വാങ്ങാന്‍ ഇന്ത്യ കരാറിലെത്തുന്നത്. അമിതവില നല്‍കിയാണ് ഈ കരാര്‍ പ്രധാനമന്ത്രി ഉറപ്പിച്ചതെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആരോപിച്ചിരുന്നു.