റഫാലില്‍ കേന്ദ്രം പ്രതിരോധത്തില്‍

Web Desk
Posted on May 04, 2019, 11:04 pm

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുനഃപരിശോധന ഹര്‍ജികളില്‍ തിങ്കളാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
സ്ഥിരീകരണമില്ലാത്ത മാധ്യമ റിപ്പോര്‍ട്ടുകളും അപൂര്‍ണ ഫയല്‍ നോട്ടുകളും കണക്കിലെടുക്കരുതെന്നും ഹര്‍ജി തള്ളണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മുമ്പ് അവകാശപ്പെട്ട രീതിയില്‍ പുതിയ രേഖകളൊന്നും സമര്‍പ്പിക്കാതെ മുന്‍വാദങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ സത്യവാങ്മൂലവും. നേരത്തെ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ കേന്ദ്ര സര്‍ക്കാരിനെ സംശയത്തിലാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാദങ്ങളൊന്നും സത്യവാങ്മൂലത്തിലില്ല,
റഫാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നും ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക ചര്‍ച്ചകളെ ബാധിച്ചെന്നും വ്യക്തമാക്കുന്ന സര്‍ക്കാരിന്റെ രേഖകളാണ് പുറത്തു വന്നിരുന്നത്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുരോഗതി വിലയിരുത്തിയിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സമ്മതിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ഇടപാടില്‍ ഫ്രഞ്ച് കമ്പനിയുമായുള്ള സമാന്തര ചര്‍ച്ചയായും ഇടപെടലായും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.
യുദ്ധവിമാനങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ വാങ്ങിയതെന്ന് 13 പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഇടപാടില്‍ രാജ്യത്തിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. റഫാല്‍ ഇടപാടിനെതിരായി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കരുതെന്നുമുള്ള വാദമാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തുന്നത്.
കരാറില്‍ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറേണ്ടി വരും. ഇത് രഹസ്യ സ്വഭാവം ഇല്ലാതാക്കും. റഫാല്‍ വിമാനങ്ങളുടെ വില, വാങ്ങിയ വില ഇതൊന്നും വെളിപ്പെടുത്താനാകില്ല. ഇതും കരാറിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നതാണ്. വിമാനങ്ങള്‍ കൃത്യസമയത്ത് നല്‍കുന്നതില്‍ ദസോ കമ്പനിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാല്‍ പണം തിരിച്ചുനല്‍കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നാലുദിവസം മാത്രമാണ് സമയം അനുവദിച്ചത്.
നാളെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ ഡിസംബര്‍ 14 ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി നേരത്തേ തീരുമാനിച്ചിരുന്നു.