ഗൂഢാലോചനയെന്ന് ജെയ്റ്റ്‌ലി

Web Desk
Posted on September 23, 2018, 10:36 pm

ന്യൂഡല്‍ഹി: റഫേല്‍ ഇടപാട് സംബന്ധിച്ചുള്ള വിവാദം രാഹുല്‍ ഗാന്ധിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫേല്‍ കരാര്‍ റദ്ദാക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു ബോംബ് പൊട്ടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നുവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. മോഡി സര്‍ക്കാരിനെതിരെ ആസൂത്രണം ചെയ്ത വിവാദമാണ് ഇതെന്നതിന് വ്യക്തമായ തെളിവാണ് ഈ ട്വീറ്റ്. കരാറില്‍ രണ്ടു രാജ്യങ്ങളിലെ പ്രതിപക്ഷ നേതാക്കന്‍മാര്‍ ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നത് യാദൃച്ഛികമല്ലെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
അതേസമയം നരേന്ദ്രമോഡിയും ഒലാന്ദും തമ്മിലാണ് കരാറില്‍ ഒപ്പുവച്ചതെന്ന വസ്തുത മനസിലാക്കാതെയാണ് ജെയ്റ്റ്‌ലി ന്യായീകരിക്കുന്നതെന്നും വസ്തുതകള്‍ തെറ്റായി വ്യാഖ്യാനിച്ചു മോഡിയെ രക്ഷപെടുത്താനുള്ള ശ്രമമാണ് ജെയ്റ്റ്‌ലി നടത്തുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.